Join News @ Iritty Whats App Group

പ്രശസ്തിക്കും കാഴ്ചക്കാരെ കൂട്ടുന്നതിനുമായി കൊട്ടിയൂര്‍ ക്ഷേത്രത്തെക്കുറിച്ച്‌ ഓണ്‍ലൈൻ വ്‌ളോഗര്‍മാര്‍ വ്യാജ പ്രചാരണം ; ഹര്‍ജിയില്‍ വിശദീകരണം തേടി ഹൈക്കോടതി

പ്രശസ്തിക്കും കാഴ്ചക്കാരെ കൂട്ടുന്നതിനുമായി കൊട്ടിയൂര്‍ ക്ഷേത്രത്തെക്കുറിച്ച്‌ ഓണ്‍ലൈൻ വ്‌ളോഗര്‍മാര്‍ വ്യാജ പ്രചാരണം ; ഹര്‍ജിയില്‍ വിശദീകരണം തേടി ഹൈക്കോടതി


കൊച്ചി: കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിന്റെ പവിത്രതയും ആചാരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ വിശദീകരണം തേടി ഹൈക്കോടതി.

മലബാർ ദേവസ്വം ബോർഡും കൊട്ടിയൂർ ദേവസ്വവും കണ്ണൂർ പൊലീസും മറുപടി നല്‍കണം. എറണാകുളം മരട് സ്വദേശി സനല്‍ സിഎസ് നല്‍കിയ ഹർജിയിലാണ് ദേവസ്വം ബെഞ്ചിന്റെ നടപടി.

പ്രശസ്തിക്കും കാഴ്ചക്കാരെ കൂട്ടുന്നതിനുമായി ഓണ്‍ലൈൻ വ്‌ളോഗർമാർ വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് ഹർജിയിലെ പ്രധാന വാദം. കൊട്ടിയൂർ ക്ഷേത്രത്തിലെ യഥാർത്ഥ ആചാരങ്ങളോ പരമ്പരാഗത അനുഷ്ഠാനങ്ങളോ അല്ല ഓണ്‍ലൈൻ വ്‌ളോഗർമാർ പ്രചരിപ്പിക്കുന്നത്.

വ്‌ളോഗർമാരുടെ വ്യാജപ്രചാരണം മൂലം ബാവലി പുഴ മലിനമാക്കുന്നു. വസ്ത്രാവശിഷ്ടങ്ങള്‍ ബാവലിപ്പുഴയില്‍ ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമാണെന്നും വ്‌ളോഗർമാർ പ്രചരിപ്പിക്കുന്നു. പുഴയിലേക്കും വനമേഖലയിലും മാലിന്യങ്ങള്‍ തള്ളുന്നത് പരിസ്ഥിതി ലോലപ്രദേശമായ കൊട്ടിയൂരിന് നാശമുണ്ടാക്കുന്നു. സമാധാനപരമായ ക്ഷേത്രാന്തരീക്ഷം സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം മൂലം തകർക്കുന്നു. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന ആരാധനാ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണ്. ക്ഷേത്ര പരിസരത്ത് ഭക്തരും ഓണ്‍ലൈൻ വ്‌ളോഗർമാരും തമ്മില്‍ തർക്കം പതിവാണെന്നും ക്രമസമാധാന പ്രശ്‌നം പരിഹരിക്കാൻ പൊലീസ് ഇടപെടണം എന്നുമാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസുമാരായ വി രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവർ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി സെപ്തംബർ എട്ടിന് വീണ്ടും പരിഗണിക്കും. ഹർജിക്കാരന് വേണ്ടി അഭിഭാഷകനായ ആദിത് കിരണ്‍ ആർ‌ എസ് ഹാജരായി.

Post a Comment

Previous Post Next Post
Join Our Whats App Group