Join News @ Iritty Whats App Group

യുഎസ്- ഇറാന്‍ സമാധാന നീക്കം; ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്; എണ്ണ വില ഇടിഞ്ഞു

യുഎസ്- ഇറാന്‍ സമാധാന നീക്കം; ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്; എണ്ണ വില ഇടിഞ്ഞു


ദില്ലി: അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാറിന് കളമൊരുങ്ങിയതോടെ ആഗോള നിക്ഷേപകര്‍ക്കിടയിലുണ്ടായ ആശ്വാസം ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതോടെ, ഇന്ന് രാവിലെ വന്‍ നേട്ടത്തോടെയാണ് ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 1,097.05 പോയിന്റ് (1.45%) ഉയര്‍ന്ന് 76,625 വരെയെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 333.90 പോയിന്റ് (1.41%) കുതിച്ച് 23,955.95 ലുമെത്തി. വിപണിയിലെ മിക്കവാറും എല്ലാ മേഖലകളും ഇന്ന് മികച്ച നേട്ടത്തിലാണ്. നിഫ്റ്റി റിയല്‍റ്റി (2.75%), ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.79%), ഓട്ടോ (1.94%) എന്നീ മേഖലകളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള
സെന്‍സെക്‌സില്‍ എറ്റേണല്‍ (3.88%), ഇന്‍ഡിഗോ (3.79%), ബജാജ് ഫിനാന്‍സ് (3.52%), അള്‍ട്രാടെക് സിമന്റ് (3.31%), ബജാജ് ഫിന്‍സെര്‍വ് (3.03%), ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (2.86%) എന്നീ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഭാരതി എയര്‍ടെല്‍ (-0.31%), സണ്‍ ഫാര്‍മ (-0.12%) എന്നീ ചുരുക്കം ചില ഓഹരികള്‍ക്ക് മാത്രമാണ് നേരിയ ഇടിവുണ്ടായത്. ഇതിന് പുറമെ, നിഫ്റ്റി മിഡ്ക്യാപ് 100, സ്‌മോള്‍ക്യാപ് 100 സൂചികകളും യഥാക്രമം 1.35%, 1.36% വീതം നേട്ടമുണ്ടാക്കി.

സമാധാന നീക്കവും എണ്ണവിലയും

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനും തമ്മില്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക കരാറിലെത്തിയെന്ന വാര്‍ത്തയാണ് വിപണിയെ സ്വാധീനിച്ചത്. ഇതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുഗതാഗതം പുനഃസ്ഥാപിക്കുമെന്നും, ആഗോള എണ്ണ വിതരണത്തിലുണ്ടായേക്കാവുന്ന തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ അകന്നുവെന്നും ആണ് വിപണിയുടെ വിലയിരുത്തല്‍.

ഇതിന്റെ പശ്ചാത്തലത്തില്‍ ബ്രെന്റ് ക്രൂഡ് വില 4.59 ശതമാനം ഇടിഞ്ഞ് ബാരലിന് 83.32 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില 5.02 ശതമാനം കുറഞ്ഞ് 80.62 ഡോളറിലുമെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമായ ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഈ വലിയ ഇടിവ് ഏറെ ആശ്വാസകരമാണ്. രാജ്യത്തെ വിലക്കയറ്റം, കറന്റ് അക്കൗണ്ട് കമ്മി, രൂപയുടെ മൂല്യമിടിവ് എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group