യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം
യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലേക്ക് എത്തി നിൽക്കുകയാണ് ഇറാനും അമേരിക്കയും. കരാറില്‍ ഇന്ന് ഒപ്പു വെക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. കരാറില്‍ ഒപ്പിട്ടാലുടന്‍ ഹോര്‍മുസ് വീണ്ടും തുറക്കും. ഇറാന്‍ ഭാവിയില്‍ ആണവായുധം നിര്‍മിക്കില്ലെന്നും യുറേനിയം ശേഖരം യുഎസ് പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ഭാവിയില്‍ ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയോ വികസിപ്പിക്കുകയോ ചെയ്യില്ല, ഇറാനിലെ മലനിരകള്‍ക്കിടയില്‍ ഒളിപ്പിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പുറത്തെടുത്ത് നശിപ്പിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്.
ഭാവിയില്‍ ഇറാനുമായും മിഡില്‍ ഈസ്റ്റുമായും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ ബദല്‍ മാര്‍ഗം തേടുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പ്രതികരിച്ചു. കരാര്‍ ഇന്ന് ഒപ്പിടുമെന്നായിരുന്നു പാകിസ്താന്‍ പ്രധാനമന്ത്രിയുടെയും പ്രസ്താവന. ഇറാന്‍-യുഎസ് ധാരണാപത്രം 24 മണിക്കൂറുകള്‍ക്കുള്ളില്‍ ഒപ്പിടുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ട്രംപിന്റെ പ്രസ്താവനയോട് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ധാരണാപത്രം ഇന്ന് ഒപ്പിട്ടേക്കില്ലെന്ന സൂചനകള്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയവൃത്തങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇറാനിയന്‍ മാധ്യമങ്ങളായിരുന്നു വാര്‍ത്ത പുറത്തുവിട്ടത്. ഞായറാഴ്ച കരാര്‍ ഒപ്പിട്ടേക്കില്ലെന്നും എന്നാല്‍ വരും ദിവസങ്ങളില്‍ സമാധാന ഉടമ്പടി ഒപ്പിടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഇറാന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു. ധാരണാപത്രത്തില്‍ ആണവ കരാറുമായി ബന്ധപ്പെട്ട് ഒന്നും പരാമര്‍ശിക്കുന്നില്ലെന്നും പാകിസ്താന്റെ മധ്യസ്ഥതയില്‍ സമാധാന ധാരണാപത്രത്തിന് മാത്രമാണ് തീരുമാനമായതെന്നും ഇറാന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Post a Comment