ഇന്നോവ ഉപേക്ഷിച്ച് അനന്തുവും കീർത്തനയും രക്ഷപ്പെട്ടത് കഴിഞ്ഞ 8ാം തീയതി; ഒടുവിൽ ഒളിത്താവളത്തിൽ നിന്ന് ഇരുവരും അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ പൊലീസ് പരിശോധനക്കിടെ രക്ഷപെട്ട എംഡിഎംഎ കേസ് പ്രതികൾ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിലാണ് രഹസ്യ കേന്ദ്രത്തിൽ നിന്ന് നന്മണ്ട സ്വദേശിയായ അനന്തുവും പുതിയാപ്പ സ്വദേശിയായ കീർത്തനയും പിടിയിലായത്. യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് പിടിയിലായ അനന്തു. ഇക്കഴിഞ്ഞ എട്ടാം തീയതി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇന്നോവ കാർ ഉപേക്ഷിച്ച് അനന്തുവും കീർത്തനയും രക്ഷപെട്ടത്. പിന്നാലെ ഇവർ സഞ്ചരിച്ച വാഹനത്തിൽ
നിന്നും ആറ് ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. കാറിടിച്ച് യുവതിയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് അനന്തു. എംഡിഎംഎ വിൽപനയ്ക്കായി അനന്തുവിനെ സഹായിച്ചിരുന്നത് കീർത്തനയാണെന്നാണ് പൊലീസിന്റെ കണ്ടത്തൽ. നഗരത്തിലെ ഹോട്ടലുകളിൽ മുറിയെടുത്ത് യുവാക്കളെ ഹോട്ടലിൽ എത്തിച്ചാണ് കീർത്തന എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തെ ഒളിത്താവളത്തിലായിരുന്നു ഇരുവരുടെയും താമസം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒളിത്താവളത്തിൽ നിന്നും രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. ഇരുവരുടെയും മൊഴി വിശദമായി രേഖപ്പെടുത്തി.
Post a Comment