കേരള തീരത്തിന് മുകളിൽ ചക്രവാതച്ചുഴി, സീസണിലെ ആദ്യ ന്യൂനമർദ്ദ സാധ്യത ബംഗാൾ ഉൾക്കടലിൽ; എല്ലാ ജില്ലകളിലും ഇനി മഴ സാധ്യത
തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ എല്ലാ ജില്ലകളിലും കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ട്. മന്നാർ ഉൾക്കടലിനും അതിനോട് ചേർന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ സ്വാധീനത്താൽ മെയ് 11-ഓടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന് പുറമെ തെക്കുപടിഞ്ഞാറൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് മുതൽ മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
09/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്
10/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
11/05/2026: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
12/05/2026: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്
13/05/2026: എറണാകുളം, തൃശൂർ, മലപ്പുറം , കോഴിക്കോട്,വയനാട്, കണ്ണൂർ
ഈ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Post a Comment