Join News @ Iritty Whats App Group

മരണസമയത്ത് വെള്ളത്തിനോട് കടുത്ത വിരക്തി, സംശയം തോന്നിയ ഡോക്ടർമാർ പരിശോധന നടത്തി, ഏഴുവയസുകാരിയുടെ മരണം പേവിഷബാധമൂലം

മരണസമയത്ത് വെള്ളത്തിനോട് കടുത്ത വിരക്തി, സംശയം തോന്നിയ ഡോക്ടർമാർ പരിശോധന നടത്തി, ഏഴുവയസുകാരിയുടെ മരണം പേവിഷബാധമൂലം


തൃശൂര്‍: തൃശൂരിലെ ഏഴുവയസുകാരിയുടെ മരണം പേവിഷബാധമൂലമെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും അടക്കം 16 പേര്‍ക്ക് ആരോഗ്യവകുപ്പ് പേവിഷബാധകുത്തിവെപ്പ് നടത്തി. താഴപ്ര കോടന്‍ കുന്നത്ത് വീട്ടില്‍ അലി സഖാഫിയുടെ മകള്‍ സന്‍ഹാ മഹ്‌റിന്‍ ( 7 ) ആണ് മരിച്ചത്. വെട്ടിക്കാട്ടിരി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞമാസം 28-ാം തീയതി മണ്ണാര്‍ക്കാട് ഉള്ള ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുട്ടി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണസമയത്ത് കുട്ടിക്ക് വെള്ളത്തിനോട് കടുത്ത വിരക്തി അനുഭവപ്പെടുകയും വായില്‍ നിന്ന് നുരയും പതയും വരികയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സംശയം തോന്നിയ ഡോക്ടര്‍മാരും ആരോഗ്യവകുപ്പ് അധികൃതര്‍ കുട്ടിയുടെ ശരീരത്തില്‍ നിന്നുള്ള ദ്രാവകങ്ങള്‍ വിശദമായ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലേക്ക് അയക്കുകയായിരുന്നു. ഈ പരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് മരണകാരണം പേവിഷബാധ തന്നെയെന്ന് സ്ഥിരീകരിച്ചത്.

വീടിന്‍റെ പരിസരത്തുള്ള പൂച്ചകളുമായി കുട്ടികള്‍ കളിക്കാറുണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മൃഗങ്ങളില്‍ നിന്ന് എപ്പോഴാണ് രോഗബാധയേറ്റതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ മൃഗസംരക്ഷണ വകുപ്പിന് ആരോഗ്യവകുപ്പ് കത്തുനല്‍കി. ഇതിനെ തുടര്‍ന്ന് ചെറുതുരുത്തി കുടുംബ-ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും താഴെപ്പറയിലുള്ള വീട്ടിലും പരിസരപ്രദേശത്തും പരിശോധന നടത്തുകയും ഇതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ സഹോദരനടക്കം 11 കുട്ടികള്‍ക്കും മാതാപിതാക്കളും ബന്ധുക്കളും അടക്കം മുതിര്‍ന്ന അഞ്ച് പേര്‍ക്കും പേ വിഷബാധ കുത്തിവെപ്പ് നടത്തുകയും ചെയ്തു. വരുംദിവസങ്ങളില്‍ ഈ പ്രദേശത്ത് പരിശോധന ശക്തമാക്കും. എന്നാല്‍ കാര്യമായി ഭയപ്പെടാന്‍ ഒന്നുമില്ലെന്നും മൃഗങ്ങളുമായി കൂട്ടുകൂടുമ്പോള്‍ ശ്രദ്ധിച്ച് വേണം കുട്ടികളും മുതിര്‍ന്നവരും ഇടപഴകാന്‍ എന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group