പന്തല്ലൂര്‍ മലയിലെ കുരുങ്ങന്‍ചോല വ്യൂ പോയിന്റില്‍ ഇടയ്ക്കിടെ ഒത്തുകൂടുന്നവര്‍; പാറപ്പുറത്ത് ഇരിക്കവെ അതിശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും; മരണം കവര്‍ന്നത് ഉറ്റ സുഹൃത്തുക്കളെ; പാറയിടുക്കില്‍ വീണ ഏഴാമനെ കണ്ടെത്തിയത് തിരച്ചിലിന് ഒടുവില്‍
മലപ്പുറം: പന്തല്ലൂര്‍ മലയിലെ വ്യൂ പോയിന്റ് കാണാനെത്തിയ ഏഴംഗ സംഘത്തിലെ നാല് വിദ്യാര്‍ഥികള്‍ ഇടിമിന്നലേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയ്ക്കിടെയാണ് വിദ്യാര്‍ഥികള്‍ക്ക് ഇടിമിന്നല്‍ ഏറ്റത്. മങ്കട പന്തല്ലൂര്‍ മലയിലെ (കുരുങ്ങന്‍ചോല) വ്യൂ പോയിന്റ് സന്ദര്‍ശിക്കാനെത്തിയ ഏഴംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ ഇടിമിന്നലാണ് പ്രദേശത്തുണ്ടായത്. ഇടിമിന്നലേറ്റ വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രദേശവാസികളാണ് വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ സിപിആര്‍ നല്‍കി. എന്നാല്‍ നാല് വിദ്യാര്‍ത്ഥികള്‍ മരിക്കുകയായിരുന്നു. വെള്ളില സ്വദേശികളായ റഹീസ് (20), സിയാദ് (18), ബഹാസ് (18), ഫഹദ് (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ റോഷന്‍ (20), ഇഷ്താഹ് (19), സല്‍മാനുല്‍ ഫാരിസ് (21) എന്നിവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂ പോയിന്റിലെ പാറപ്പുറത്ത് ഇരിക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഈ സമയത്ത് പ്രദേശത്ത് അതിശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയുമുണ്ടായി. മിന്നലേറ്റതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പാറപ്പുറത്ത് കുഴഞ്ഞുവീഴുകയായിരുന്നു. സമീപവാസികളാണ് അപകടവിവരം ആദ്യം അറിഞ്ഞത്. ഉടന്‍ തന്നെ പരിക്കേറ്റവരെ നാട്ടുകാര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രണ്ട് പേര്‍ മരിച്ചിരുന്നു.
വെള്ളിലയിലെ പാറപ്പുറത്ത് കാറ്റുകൊള്ളാന്‍ എത്തിയതായിരുന്നു ഇവര്‍. ആളുകള്‍ സ്ഥിരമായി പോകുന്ന സ്ഥലമാണിത്. പാറപ്പുറത്ത് ഇരുന്നവര്‍ക്കാണ് മിന്നലേറ്റത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. പ്രദേശത്ത് അല്‍പം മാറി വീടുകള്‍ ഉണ്ട്. ഇവരാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത് ആദ്യമറിഞ്ഞത്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
രക്ഷാപ്രവര്‍ത്തനത്തിനിടെയുണ്ടായ അനിശ്ചിതത്വം ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. സംഘത്തില്‍ ഏഴ് പേരുണ്ടായിരുന്നുവെങ്കിലും ആദ്യഘട്ടത്തില്‍ ആറുപേരെയാണ് കണ്ടെത്താനായത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് ബോധം തെളിഞ്ഞപ്പോഴാണ് സംഘത്തില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പ്രദേശവാസികളും പോലീസും നടത്തിയ തിരച്ചിലിനൊടുവില്‍ പാറയിടുക്കില്‍ വീണുകിടക്കുന്ന നിലയില്‍ ഏഴാമത്തെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. മലമുകളില്‍ വെച്ചാണ് അപകടം സംഭവിച്ചത് എന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്തെത്താന്‍ കാലതാമസമുണ്ടായി.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പ്രദേശവാസികളായ സുഹൃത്തുക്കള്‍ ഒരുമിച്ച് പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയതായിരുന്നു. കനത്ത മഴയ്ക്കും മിന്നലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും വ്യൂ പോയിന്റുകളിലും പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
Post a Comment