‘തോറ്റു… രണ്ട് വിഷയത്തിൽ വളരെ മാന്യമായി തന്നെ തോറ്റു,ആയിരം വട്ടം നീ തോറ്റാലും നിന്നെ ചേർത്തുപിടിക്കാൻ ഈ കൈകളുണ്ടാകും’: പത്താം ക്ലാസ് പരീക്ഷയിൽ മകൻ തോറ്റതിനു പിന്നാലെ കുറിപ്പുമായി ഒരച്ഛൻ
തോൽവികൾ വിജയത്തിന്റെ ചവിട്ടു പടികളെന്ന് പറയുന്പോഴും ആ തോൽവിയിൽ നമ്മളെ ചേർത്ത് പിടിക്കാൻ ആരെങ്കിലും ഉണ്ടായെങ്കിൽ എന്ന് ആ സമയത്ത് കൊതിച്ചു പോകും. അത്തരമൊരു ചേർത്തു പിടിക്കലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പത്താം ക്ലാസ് പരീക്ഷാഫലംപുറത്ത് വന്നപ്പോൾ പരീക്ഷയിൽ മകൻ തോറ്റ് പോയത് അഭിമാനത്തോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഒരു അച്ഛൻ. കോഴിക്കോട് സ്വദേശി അജ്നാസ് കായക്കൊടി ആണ് പോസ്റ്റ് പങ്കുവച്ചത്.
രണ്ട് വിഷയത്തിൽ വളരെ മാന്യമായി തന്നെ തോറ്റു. നോട്ട് എലിജിബിൾ ഫോർ ഹയർ സ്റ്റഡീസ് എന്ന് മാർക്ക് ലിസ്റ്റിൽ വലിയ ചുവന്ന അക്ഷരത്തിൽ തന്നെ എഴുതിവച്ചിട്ടുണ്ട്. പക്ഷേ ആ ചുവന്ന അക്ഷരങ്ങൾക്കും അക്കങ്ങൾക്കും അളക്കാൻ കഴിയുന്നതിനേക്കാൾ എത്രയോ വലുതാണ് മകന്റെ ജീവിതമെന്ന് താൻ വിശ്വസിക്കുന്നു എന്ന വാക്കുകളോടെയാണ് അജ്നാസ് മകനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. പരീക്ഷയിൽ തോറ്റ മകനെ ചേർത്തുപിടിച്ച് നീ ഒറ്റയ്ക്കല്ല എന്ന് പറയാൻ കഴിയുന്നതിനേക്കാൾ വലിയൊരു റാങ്ക് ലിസ്റ്റും തനിക്ക് മുന്നിലില്ലന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
തോറ്റു. …….
രണ്ട് വിഷയത്തിൽ വളരെ മാന്യമായി തന്നെ തോറ്റു. നോട്ട് എലിജിബിൾ ഫോർ ഹയർ സ്റ്റഡീസ് എന്ന് മാർക്ക് ലിസ്റ്റിൽ വലിയ ചുവന്ന അക്ഷരത്തിൽ തന്നെ എഴുതിവെച്ചിട്ടുണ്ട്. പക്ഷേ ആ ചുവന്ന അക്ഷരങ്ങൾക്കും അക്കങ്ങൾക്കും അളക്കാൻ കഴിയുന്നതിനേക്കാൾ എത്രയോ വലുതാണ് എന്റെ മകന്റെ ജീവിതമെന്ന് ഞാൻ വിശ്വസിക്കുന്നു. പരീക്ഷയിൽ തോൽക്കുന്നത് ജീവിതത്തിലെ തോൽവി അല്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം അവന്റെ ബാപ്പയാണ്. അവന്റെ ബാപ്പയും ജീവിതത്തിൽ പലവട്ടം തോറ്റുപോയിട്ടുണ്ട്.
സ്കൂളിൽ തോറ്റപ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസങ്ങൾ കേട്ട് ഒരുപാട് വേദനിച്ചിട്ടുണ്ട്. അന്ന് അതൊക്കെ വലിയ തകർച്ചകളായി തോന്നിയെങ്കിലും പരീക്ഷാ പേപ്പറിലെ മാർക്കുകൾ മാത്രമല്ല ജീവിതവിജയമെന്ന് തന്റെ കഠിനാധ്വാനത്തിലൂടെയും ജീവിതം കൊണ്ടും പിന്നീട് തിരുത്തിക്കുറിച്ചിട്ടുണ്ട്.
ഓർക്കുക ലോകം ഇന്ന് ആദരിക്കുന്ന പല വലിയ മനുഷ്യരും ഒരുകാലത്ത് തോറ്റവർ എന്ന് മുദ്രകുത്തപ്പെട്ടവരായിരുന്നു. പുസ്തകത്തിലെ അറിവ് പകർത്തി വെക്കുന്നതിൽ പരാജയപ്പെട്ടാലും സഹജീവികളെ സ്നേഹിക്കാനും അവർക്ക് തണലാകാനും കരുണയുള്ള ഒരു മനുഷ്യനാകാനും കഴിയുന്നതാണ് യഥാർഥ വിജയം. പരീക്ഷയിൽ തോറ്റ എന്റെ മകനെ ചേർത്തുപിടിച്ച് നീ ഒറ്റയ്ക്കല്ല എന്ന് പറയാൻ കഴിയുന്നതിനേക്കാൾ വലിയൊരു റാങ്ക് ലിസ്റ്റും എനിക്ക് മുന്നിലില്ല.
ഇനിയും നൂറുവട്ടം തോറ്റാലും നൂറ്റൊന്നാം വട്ടവും വീണ്ടും ശ്രമിക്കാനുള്ള നിശ്ചയദാർഢ്യം ഉള്ളവന്റേതും കൂടിയാണ് ഈ ലോകം. വെറും ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന സ്റ്റീവ് ജോബ്സ് ആപ്പിൾ എന്ന മഹാസാമ്രാജ്യം കെട്ടിപ്പടുത്ത് ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനിയുടെ അധിപനായത് വെറും സ്കൂൾ വിദ്യാഭ്യാസം കൊണ്ടോ കോളേജ് ബിരുദങ്ങൾ കൊണ്ടോ അല്ല; മറിച്ച് തോൽവികളിൽ തളരാത്ത നിശ്ചയദാർഢ്യവും ജീവിതം പഠിപ്പിച്ച പാഠങ്ങളും കൊണ്ടാണ്.
ജീവിതത്തിൽ ജയിച്ചുകയറാൻ വെറും പരീക്ഷാ വിജയത്തേക്കാൾ വലുത് സഹാനുഭൂതിയും അനുകമ്പയും സഹജീവി സ്നേഹവുമാണ്. പരീക്ഷയിലെ ഒരു തോൽവിയിൽ തളർന്ന് ജീവിതം അവസാനിച്ചെന്ന് ചിന്തിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, നിങ്ങൾ തോറ്റത് വെറുമൊരു പരീക്ഷയിലാണ് ജീവിതത്തിലല്ല. ഇനി പരീക്ഷകളൊന്നും ജയിച്ചിട്ടില്ലെങ്കിലും ഒരു നല്ല മനുഷ്യനായി നിങ്ങൾ ജീവിതത്തിൽ ജയിച്ചു കയറുന്നത് കാണുന്നതാണ് ഏറ്റവും മഹത്തായ കാര്യം.
എന്റെ മുത്ത് മോനെ. …ആയിരം വട്ടം നീ തോറ്റാലും നിന്നെ ചേർത്തുപിടിക്കാൻ ഈ കൈകളുണ്ടാകും. ഈ ലോകം വിജയിച്ചവർക്ക് മാത്രം അവകാശപ്പെട്ടതല്ല തോറ്റുപോയിട്ടും തളരാതെ വീണ്ടും എഴുന്നേൽക്കുന്ന ഞാനും നീയും അടക്കമുള്ള സാധരണകാരായ മനുഷ്യരുടേത് കൂടിയാണ്.
Post a Comment