യൂത്തിന്റെ 'പാറ്റ' കൂട്ടായ്മ ഹിറ്റ്, സോഷ്യൽ മീഡിയയിൽ തരംഗമായി കോക്രോച്ച് ജനത പാർട്ടി, എക്സ് അക്കൗണ്ട് പൂട്ടിയതിന് തൊട്ടുപിന്നാലെ പുതിയത് തുറന്നു
ദില്ലി: സോഷ്യൽ മീഡിയയിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അപ്രത്യക്ഷമായി. പ്രതീക്ഷിച്ചത് സംഭവിച്ചെന്നാണ് സ്ഥാപകൻ അഭിജീത്ത് ദീപ്ക്കേയുടെ പ്രതികരണം. തുടര്‍ന്ന് പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് സി ജെ പി. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നതായും സ്ഥാപകൻ അഭിജിത് വെളിപ്പെടുത്തി. തൊഴിലില്ലാത്ത യുവാക്കളെ ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൊരുങ്ങിയ രാഷ്ട്രീയ പരിഹാസ്യകൂട്ടായ്മയാണ് കോക്രോച്ച് പാർട്ടി അഥവാ സിജെപി. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവക്യവുമായി എത്തുന്ന സിജെപി ഒരു ജെന്‍സി മൂവ്മെന്‍റായി മാറിക്കൊണ്ടിരിക്കുകയാണ്.
എന്താണ് കോക്രോച്ച് ജനതാ പാർട്ടി?
തൊഴിലില്ലാത്തവര്‍, കുഴിമടിയന്മാര്‍ മടിച്ചികള്‍, 12 മണിക്കൂറില്‍ കൂടുതല്‍ സമൂഹ മാധ്യമ ഉപയോഗം, കോക്രോച്ച് ജനതാ പാർട്ടിയില്‍ അംഗങ്ങളാകാനുള്ള മാനദണ്ഡങ്ങളാണ്. തമാശയായി തോന്നുമെങ്കിലും രാഷ്ടീയം തന്നെയാണ്. മെയ് 15ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമര്‍ശമാണ് തുടക്കം. ഒരു കോടതി നടപടിക്കിടെ, തൊഴിലില്ലാത്ത യുവാക്കള്‍ പാറ്റകളാണെന്നും അവര്‍ മാധ്യമ, സമൂഹമാധ്യമ, ആർ.ടി.ഐ ആക്ടിവിസ്റ്റുകളായി സിസ്റ്റത്തെ ആക്രമിക്കാൻ തുടങ്ങി എന്നായിരുന്നു പരാമർശം. വിവാദമായതോടെ ചീഫ് ജസ്റ്റിസിന് വിശദീകരണ കുറിപ്പ് ഇറക്കേണ്ടി വന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തോടുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് എക്സിൽ കോക്രോച്ച് ജനതാ പാർട്ടി അക്കൗണ്ട് ആരംഭിച്ചത്. പാർട്ടി ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വമ്പൻ പ്രതികരണങ്ങളാണ് ഈ പുതുസംഘത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
തൃണമൂല്‍ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര അടക്കമുള്ള പ്രമുഖർ ഈ പാർട്ടിയെ എക്സിൽ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങൾ 'സെക്യുലർ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് മടിയന്മാർ' ആണെന്ന് വിശേഷിപ്പിക്കുന്ന പേജിന് വെറും 24 മണിക്കൂറിനുള്ളിൽ 15,000-ത്തിലധികം ഫോളോവേഴ്സിനെയാണ് ലഭിച്ചത്. ഇപ്പോൾ ഇന്‍സ്റ്റാഗ്രാമില്‍ 3 മില്യണും എക്സില്‍ 1 ഒരു ലക്ഷവും കടന്ന് മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു സിജെപി. "മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം" എന്ന മുഖവുരയോടെ ഒരു വെബ്സൈറ്റും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.
ഭരണസംവിധാനങ്ങളിൽ നിരാശരായ യുവാക്കളുടെ പ്രസ്ഥാനമായാണ് സി.ജെ.പി. സ്വയം അവതരിപ്പിക്കുന്നത്. അഭിജിത് ദീപ്കെ എന്ന യുവാവാണ് പേജിന് പിന്നിൽ. ഇദ്ദേഹം നേരത്തെ ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്നതായും 2020-ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എ.എ.പി.ക്ക് വേണ്ടി സോഷ്യൽ മീഡിയ പ്രചാരണം നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. അധികാരത്തിലെത്തിയാല്‍ വിരമിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് രാജ്യസഭ സീറ്റ് നല്‍കുന്നത് ഒഴിവാക്കും എന്നതാണ് മാനിഫസ്റ്റോയിലെ ആദ്യ വാഗ്ദാനം. ലെജിറ്റ്
വോട്ടുകള്‍ നീക്കിയാല്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണർക്കെതിരെ യുഎപിഎ വകുപ്പില്‍ കേസ്. പാര്‍ലമെൻ്‍റിലെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാതെ സ്ത്രീകള്‍ക്ക് 50% റിസര്‍വേഷന്‍. അംബാനിയുടേയും അദാനിയുടേയും ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. കൂറുമാറുന്ന എംപി, എംഎല്‍എമാരെ 20 വര്‍ഷത്തേയ്ക്ക് തെരഞ്ഞടുപ്പില്‍ മല്‍സരിക്കുന്നത് വിലക്കും തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍.
പാര്‍ട്ടിയില്‍ ആകൃഷ്ടരായി പാറ്റ മുഖം മൂടി ധരിച്ച് യമുന വൃത്തിയാക്കുന്നത് ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ ഏര്‍പ്പെടുന്നുണ്ട്. രംഗപ്രവേശത്തിനു പിന്നാലെ തങ്ങളുടെ ആദ്യത്തെ വെർച്വൽ 'ജെൻസി കൺവെൻഷൻ' നടത്താനുള്ള തയ്യാറെടുപ്പിലാണ് സി.ജെ.പി. നേപ്പാളിലും ബംഗ്ലാദേശിലും നടന്നത് പോലെ ജെന്‍സി പ്രക്ഷോഭമാകുമോ എന്ന ചോദ്യത്തിന്, ഇന്ത്യയിലെ യുവജനത ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഉള്ളില്‍ നിന്ന് വിയോജിപ്പ് അറിയിക്കാന്‍ അറിയാവുന്നവരാണ് എന്നാണ് സ്ഥാപകന്‍ അഭിജിത് ദീപ്കെയുടെ മറുപടി. എന്തായാലും യുവജനതക്കിടയില്‍ വൻ സ്വീകാര്യതയാണ് ഈ കോക്രോച്ച് ജനതാ പാർട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിജെപി വിപ്ലവമാകുമോ അതോ ആക്ഷേപഹാസ്യമായി കെട്ടടങ്ങുമോയെന്ന് കാത്തിരുന്ന് കാണാം
Post a Comment