‘ഹൈക്കമാന്‍ഡിന്റെ ഇപ്പോഴത്തെ തീരുമാനം ശിരസ്സാവഹിക്കുന്നു, അടിയുറച്ച കോണ്‍ഗ്രസുകാരനാണ് ഞാന്‍, മരിക്കുമ്പോള്‍ ത്രിവര്‍ണം പുതച്ചു കിടക്കണമെന്ന് ആഗ്രഹിക്കുന്നയാള്‍’; സതീശന് അഭിനന്ദനങ്ങളെന്നും എല്ലാ പിന്തുണയുമെന്നും കെ സി വേണുഗോപാല്‍
വി.ഡി. സതീശനെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് സന്തോഷത്തോടെ, സര്‍വാത്മനാ സ്വാഗതം ചെയ്യുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കെ സി വേണുഗോപാലിന് എംഎല്‍എമാരില്‍ നിന്ന് കിട്ടിയ പിന്തുണ മറികടന്നാണ് ജനവികാരം മാനിച്ച് ഹൈക്കമാന്‍ഡ് വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഹൈക്കമാന്‍ഡ് തീരുമാനം കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് മരണം വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും ഹൈക്കമാന്‍ഡ് തീരുമാനം ശിരസാവഹിക്കുമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.
വരാനിരിക്കുന്ന സര്‍ക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് നിയമിച്ച വി.ഡി. സതീശനെ അങ്ങേയറ്റം ഹൃദയംതുറന്ന് അഭിനന്ദിക്കുന്നുവെന്നും എല്ലാവിധ പിന്തുണയും വാഗ്ദാനംചെയ്യുകയാണെന്നും വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.
എംഎല്‍എമാരുടെ പിന്തുണ താങ്കള്‍ക്കായിരുന്നില്ലേ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ക്കൊന്നും ഇനി പ്രസക്തിയില്ലെന്ന് പറഞ്ഞു പാര്‍ട്ടി തീരുമാനത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണുഗോപാല്‍ ചെയ്തത്. ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തായിരുന്നാലും ശിരസ്സാവഹിക്കും എന്നാണ് നേരത്തെയും താന്‍ പറഞ്ഞിട്ടുള്ളത്. ഹൈക്കമാന്‍ഡിന്റെ ഇപ്പോഴത്തെ തീരുമാനം ഞാന്‍ ശിരസ്സാവഹിക്കുന്നുവെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
അടിയുറച്ച കോണ്‍ഗ്രസുകാരനാണ് താനെന്നും സര്‍ക്കാരിന് എല്ലാവിധ പിന്തണയും നല്‍കുമെന്നും കെസി ആവര്‍ത്തിച്ചു. മരിച്ചു കിടക്കുമ്പോള്‍ ത്രിവര്‍ണ പതാക പുതച്ചു കിടക്കണമെന്ന് ആഗ്രഹിക്കുന്ന കോണ്‍ഗ്രസുകാരനാണ് താനെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സൈബറിടങ്ങളില്‍ നടക്കുന്ന ആക്രമണം സംബന്ധിച്ച ചോദ്യത്തിന്, പാര്‍ട്ടിക്ക് ഉപരിയായുള്ള ഇമേജുകള്‍ ഞാന്‍ ഉണ്ടാക്കാറില്ലെന്ന് വേണുഗോപാല്‍ മറുപടി നല്‍കി. സൈബറിടങ്ങളിലെ ആക്ഷേപങ്ങള്‍ താന്‍ സഹിച്ചോളാമെന്നും കടന്നാക്രമണങ്ങളെ ഭയന്നോടില്ലെന്നും കെസി പറഞ്ഞു.
ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തായാലും ശിരസാവഹിക്കും എന്ന് നേരത്തേ പറഞ്ഞിരുന്നതാണ്, അത് അങ്ങനെ തന്നയാണ്. ആക്രമിക്കുന്നവര്‍ക്ക് ഇനിയും തുടരാം. തനിക്കുവേണ്ടി ഫ്ളക്സ് വെച്ചവരടക്കം ഇപ്പോഴത്തെ തീരുമാനം അംഗീകരിച്ച് മുന്നോട്ടുപോകണമെന്നാണ് പറയാനുള്ളത്.
സത്യപ്രതിജ്ഞാച്ചടങ്ങില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. സമവായം എന്ന നിലയില്‍ എഐസിസിയുടെ മുതിര്‍ന്ന പദവിയിലേക്ക് വരുന്നത് സംബന്ധിച്ച് വാഗ്ദാനമുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ കെ.സി വേണുഗോപാല്‍ തയ്യാറായില്ല.
11 ദിവസത്തെ കാത്തിരിപ്പിനുശേഷമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം എഐസിസി ആസ്ഥാനത്ത് കേരളത്തിന്റെ പ്രത്യേക ചുമതലയുള്ള ദീപ ദാസ് മുന്‍ഷി പ്രഖ്യാപിച്ചത്. ഹൈക്കമാന്‍ഡിന്റെ തീരുമാനം കെ.സി. വേണുഗോപാല്‍ അംഗീകരിച്ചപ്പോള്‍, അത്ര തൃപ്തനല്ല എന്നാണ് രമേശ് ചെന്നിത്തലയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം.
Post a Comment