Join News @ Iritty Whats App Group

തലേദിവസം ഫ്ലാറ്റിൽ വഴക്കുണ്ടായതായി വിവരം, യുവതി ചാടിയത് പതിനഞ്ചാം നിലയിൽ നിന്ന് അഞ്ചുവയസ്സുകാരിയെ താഴേക്ക് എറിഞ്ഞ ശേഷം

തലേദിവസം ഫ്ലാറ്റിൽ വഴക്കുണ്ടായതായി വിവരം, യുവതി ചാടിയത് പതിനഞ്ചാം നിലയിൽ നിന്ന് അഞ്ചുവയസ്സുകാരിയെ താഴേക്ക് എറിഞ്ഞ ശേഷം


ഷാർജ: ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ മലയാളി യുവതിയും അഞ്ചുവയസ്സുള്ള മകളും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ അഴീക്കോട് പുതിയകാവ് 'ആർഷ അഷിത'ഭവനത്തിൽ ആർഷയും ഏകമകൾ റൂഹിയുമാണ് മരിച്ചത്. യുവതി തന്‍റെ അഞ്ചുവയസ്സുകാരിയായ മകളെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞ ശേഷമാണ് സ്വയം ചാടി ജീവനൊടുക്കിയതെന്നാണ് ദൃക്‌സാക്ഷികളും കെട്ടിടത്തിലെ ജീവനക്കാരും സ്ഥിരീകരിച്ചിരിക്കുന്നത്.

ബുധനാഴ്ച രാവിലെ 7.15ഓടെയാണ് നടുക്കിയ ഈ ദുരന്തമുണ്ടായത്. 32 നിലകളുള്ള കെട്ടിടത്തിന്‍റെ പതിനഞ്ചാം നിലയിലെ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്നാണ് യുവതി മകളെ ആദ്യം താഴേക്ക് എറിഞ്ഞതും പിന്നീട് സ്വയം ചാടിയതും. കെട്ടിടത്തിൽ ആറ് നിലകളിൽ പാർക്കിംഗും മറ്റൊരു നിലയിൽ ജിമ്മും ഉള്ളതിനാൽ, ഗ്രൗണ്ട് ലെവലിൽ നിന്ന് ഏകദേശം 22 നിലകളുടെ ഉയരത്തിൽ നിന്നാണ് ഇരുവരും താഴേക്ക് പതിച്ചത്.

കെട്ടിടത്തിന്‍റെ സെക്യൂരിറ്റി ഗാർഡ് പെട്ടെന്ന് വലിയൊരു ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് റോഡിൽ കുട്ടിയുടെയും നടപ്പാതയിൽ അമ്മയുടെയും മൃതദേഹങ്ങൾ കണ്ടത്. ഉടൻ തന്നെ പൊലീസിനെയും ആംബുലൻസിനെയും വിവരമറിയിച്ചു. പൊലീസ് എത്തി പ്രദേശം പൂർണ്ണമായും വളയുകയും പരിശോധനകൾക്ക് ശേഷം പത്തരയോടെ മൃതദേഹങ്ങൾ മാറ്റുകയുമായിരുന്നു.

വർഷങ്ങളായി ഭർത്താവ് നിഹാലിനൊപ്പം ഷാർജയിലെ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ആർഷ താമസിച്ചിരുന്നത്. വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി. കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി ഇതേ അപ്പാർട്ട്മെന്‍റിലാണ് താമസിച്ചിരുന്നതെന്ന് കെട്ടിട അധികൃതർ വ്യക്തമാക്കി. മരിച്ച യുവതിയുടെ സഹോദരിയുടെ കുടുംബം ഇതേ കെട്ടിടത്തിലെ തൊട്ടടുത്ത അപ്പാർട്ട്മെന്‍റിലാണ് താമസം. കൂടാതെ ഇവരുടെ ഭർത്താവിന്റെ പിതാവും സഹോദരന്‍റെ കുടുംബവും യുഎഇയിൽ തന്നെയുണ്ട്. ആർഷ സ്വന്തമായി ഒരു ഓൺലൈൻ ബിസിനസ്സ് നടത്തിവരികയായിരുന്നു.

എല്ലാവർക്കും പ്രിയങ്കരിയായ അഞ്ചുവയസ്സുകാരിയുടെ വിയോഗം കെട്ടിടത്തിലെ താമസക്കാരെയും ജീവനക്കാരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കെട്ടിടത്തിലുള്ള എല്ലാവരോടും അവൾ വളരെ സൗഹൃദത്തോടെയാണ് പെരുമാറിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് ആത്മഹത്യയായി രജിസ്റ്റർ ചെയ്ത് തുടർനിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഷാർജ പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

ദുരന്തം നടക്കുന്നതിന്റെ തലേദിവസം ഈ ഫ്ലാറ്റിൽ കുടുംബവഴക്ക് നടന്നതായും പൊലീസ് എത്തിയിരുന്നതായും അയൽവാസികൾ പറയുന്നു. തന്റെ ഭാര്യയ്ക്ക് ചില മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഭർത്താവ് സെക്യൂരിറ്റിയോട് പറഞ്ഞിരുന്നു. ദുബായിൽ എയർക്രാഫ്റ്റ് റിസോഴ്സ് അലോക്കേഷൻ ഓഫീസറായി ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അഴീക്കോട് സ്വദേശി ടി.കെ.പുരുഷോത്തമൻ- ഗീത ദമ്പതികളുടെ മകളാണ് ആർഷ.

Post a Comment

Previous Post Next Post
Join Our Whats App Group