'ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചന'; സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനത്തിൽ സുകുമാരൻ നായർ
പെരുന്ന: കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തതിൽ പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണ് വി ഡി സതീശന്റെ മുഖ്യമന്ത്രിസ്ഥാനമെന്ന് സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെ ആയിരുന്നു തെരഞ്ഞെടുക്കേണ്ടതെന്നും സുകുമാരൻ നായർ പറഞ്ഞു. രമേശ് ചെന്നിത്തല തുടർച്ചയായി അവഗണന നേരിടുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അത് അദ്ദേഹത്തോട് ചോദിച്ചാൽ മതിയെന്നും സുകുമാരൻ നായർ മറുപടി നൽകി.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 11 ദിവസങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. വി ഡി സതീശന് പുറമേ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരും പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ സതീശന്റെ പേരിലേക്ക് തന്നെ ഹൈക്കമാൻഡ് എത്തുകയായിരുന്നു. കൂടുതൽ എംഎൽഎമാരുടെ പിന്തുണ കെ സി വേണുഗോപാലിന് അനുകൂലമായിരുന്നെങ്കിലും ഘടകക്ഷികളുടെയും അണികളുടെയും പിന്തുണ സതീശന് തുണയായി. അതേസമയം കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
Post a Comment