അപകട പാതയായി മക്കൂട്ടം ചുരം റോഡ്
ഇരിട്ടി: മാക്കൂട്ടം ചുരം പാതയുടെ നവീകരണം അന്തിമഘട്ടത്തിലേക്ക് കടക്കവേ റോഡില്‍ അപകടങ്ങളും പതിവാകുന്നു. 19 കിലോമീറ്റർ റോഡില്‍ മാക്കൂട്ടം മുതല്‍ പെരുമ്പാടി വരെയുള്ള 16.5 കിലോമീറ്റർ ഭാഗമാണ് എന്നും അപകട മേഖലയായി മാറുന്നത്.
റോഡിന്റെ ആറുകിലോമീറ്റർ ഭാഗത്തെ നവീകരണം പൂർത്തിയായി. അവശേഷിക്കുന്ന ഒന്പതുകിലോമീറ്റർ ഭാഗം പൂർത്തീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതും ആശ്വാസകരമായ നടപടിയാണെങ്കിലും തുടർച്ചയായുണ്ടാകുന്ന ചെറുതും വലുതുമായ അപകടങ്ങള്‍ യാത്രക്കാരെ അസ്വസ്ഥരാക്കുന്നു.
റോഡിന്റെ ഘടന മനസിലാക്കാതെ അശ്രദ്ധമായുള്ള ഡ്രൈവിംഗാണ് അപകടങ്ങള്‍ക്കുള്ള വലിയ കാരണം. കൂടാതെ, നവീകരണത്തോടൊപ്പം റോഡിന്റെ അലൈൻമെന്റിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വളവും തിരിവും കയറ്റവും ഇറക്കവുമുള്ള റോഡിന്റെ ഇരുവശവും വലിയ കൊല്ലിയാണ്. പല സ്ഥലങ്ങളിലും റോഡിന്റെ വീതികുറവും അപകട കാരണമാണ്. ചുരത്തില്‍ ചെറിയൊരു അശ്രദ്ധയുണ്ടായാല്‍ തന്നെ വാഹനങ്ങള്‍ കൊല്ലിയിലേക്ക് മറിയാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം അപകടങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ റോഡില്‍ പരിമിതമാണ്.
റോഡിന്റെ അപകട സാധ്യതകളെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പ് നല്‍കുന്ന ബോർഡുകളും കുറവാണ്. ഉള്ളത് പലതും നശിച്ച നിലയിലാണ്. 15ഓളം വലിയ വളവുകളാണ് ചുരം പാതയിലുള്ളത്.
വലിയ കൊല്ലിയുടെ അരികുകളില്‍ സ്ഥാപിച്ച സംരക്ഷണവേലികള്‍ ഏതാണ്ട് പൂർണമായും തകർന്നു. റോഡ് നവീകരണത്തോടൊപ്പം ഇവ നന്നാക്കാനുള്ള നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ചുരത്തില്‍ 15 കിലോമീറ്റർ ദൂരം ഒരു മൊബൈല്‍ കമ്പനിക്കും നെറ്റ്വർക്ക് സംവിധാനവുമില്ല. ഇതോടൊപ്പം മഴയും വെളിച്ചക്കുറവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു.
രാത്രിയിലെ അപകടങ്ങളില്‍ പലതും പുറംലോകം അറിയുന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരിക്കും. അപകടത്തില്‍പ്പെടുന്നവരെ ഉടൻ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും മേഖലയിലില്ല. വീരാജ്പേട്ടയില്‍നിന്നും ഇരിട്ടിയില്‍നിന്നും അഗ്നിരക്ഷാസേന എത്തിവേണം പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാൻ. ഇതിനുള്ള കാലതാമസവും അപകടത്തിന്റെ തീവ്രത കൂട്ടുന്നു.
കൂറ്റൻ മരങ്ങളും ഭീഷണി
മരം വീഴ്ചയാണ് ചുരം പാതയിലെ മറ്റൊരു ഭീഷണി. കഴിഞ്ഞ വർഷം കാലവർഷം തുടങ്ങിയ ശേഷം അമ്പതിലധികം കൂറ്റൻ മരങ്ങളാണ് പാതയിലേക്ക് നിലം പൊത്തിയത്. വലിയ അപകടങ്ങള്‍ ഉണ്ടായില്ലെങ്കിലും മണിക്കൂറുകളോളമാണ് ഗതാഗതം മുടങ്ങിയത്. ഒരു ദിവസം വ്യത്യസ്ത സമയങ്ങളിലായി മൂന്നുമരങ്ങള്‍വരെ നിലംപൊത്തിയ സംഭവമുണ്ടായി.
രാത്രി യാത്രക്കാരാണ് ഇത്തരം സന്ദർഭങ്ങളില്‍ മണിക്കൂറുകളോളം പെരുവഴിയിലാകുന്നത്. അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്നത്. അപകടരഹിത പാതയാക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും മടിക്കേരി ജില്ലാ ഭരണകൂടത്തില്‍നിന്നു അനുകൂല സമീപനം ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ബാലകൃഷ്ണന്റെ മരണം 24 മണിക്കൂർ വാഹനത്തില്‍ കുടുങ്ങി
കഴിഞ്ഞ ദിവസം ചുരംപാതയില്‍ കാർ കൊക്കയിലേക്ക് മറിഞ്ഞ് കണ്ണൂർ മുണ്ടയാട് സ്വദേശിയായ കെ.എൻ. ബാലകൃഷ്ണൻ മരിക്കാനിടയായ സംഭവം ഞെട്ടലോടെയാണ് യാത്രക്കാർ കാണുന്നത്. റോഡില്‍നിന്ന് 15 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ കാറിനുള്ളില്‍ 24 മണിക്കൂർ നേരം കിടന്നിട്ടും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ബാലകൃഷ്ണൻ ഓടിച്ച കാർ ചുരം പാതയിലെ മെതിയടിപ്പാറയ്ക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞത്. ഒരു പകല്‍ മുഴുവൻ നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് കാർ മറിഞ്ഞു കിടക്കുന്നതും അതിനുള്ളില്‍ ഒരാള്‍ ഉള്ളതും മനസിലാകുന്നത്. ചുരം പാതയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ പിന്നില്‍ വരുന്ന വാഹനങ്ങളാണ് രക്ഷകരായി മാറുന്നത്.
ഇവിടെ രണ്ട് വളവുകളുള്ള സ്ഥലമായതുകൊണ്ട് മറ്റു വാഹനങ്ങള്‍ ഒരേ ദിശയില്‍ നിന്നോ എതില്‍ ദിശയില്‍ നിന്നോ വരാത്ത സമയത്താണ് കാർ അപകടത്തില്‍പ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനുശേഷം പെരുമ്പാടിയിലെ വ്യപാര സ്ഥാപനത്തിലെ സിസിടിവി കാമറയില്‍നിന്നും ബാലകൃഷ്ണന്റെ വാഹനം കൂട്ടുപുഴ ഭാഗത്തേക്ക് കടന്നുപോകുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, വാഹനം കൂട്ടുപുഴയില്‍ എത്താതെ വന്നതോടെയാണ് ചുരത്തില്‍ തെരച്ചില്‍ നടത്തി അപകടത്തില്‍പ്പെട്ട വാഹനം കണ്ടെത്തിയത്.
Post a Comment