Join News @ Iritty Whats App Group

വ്യാജ ഓപ്പോ, വൺപ്ലസ്, റിയൽമി മൊബൈൽ ഫോണുകൾ വില്‍ക്കുന്ന വൻ സംഘം പിടിയിൽ

വ്യാജ ഓപ്പോ, വൺപ്ലസ്, റിയൽമി മൊബൈൽ ഫോണുകൾ വില്‍ക്കുന്ന വൻ സംഘം പിടിയിൽ


ദില്ലി:പ്രമുഖ സ്‍മാർട്ട്ഫോൺ ബ്രാൻഡുകളായ ഓപ്പോ, വൺപ്ലസ്, റിയൽമി എന്നീ കമ്പനികളുടെ പേരിൽ വ്യാജ മൊബൈൽ ഫോണുകളും ആക്‌സസറികളും വിപണിയിൽ എത്തിച്ചിരുന്ന സംഘത്തെ ദില്ലി ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ദില്ലിയിലെ കരോൾബാഗ്, മോതി നഗർ മേഖലകളിലായി നടത്തിയ റെയ്‌ഡിൽ ആണ് വൻ തോതിൽ വ്യാജ ഉൽപ്പന്നങ്ങളും പാക്കേജിംഗ് സാമഗ്രികളും പിടിച്ചെടുത്തത്.

റെയ്‌ഡ് നടത്തിയ സ്ഥലങ്ങളിൽ രണ്ട് ഗോഡൗണുകളും ഒരു ഫാക്‌ടറിയുമാണ് ഉണ്ടായിരുന്നത്. ഇവിടെ നിന്ന് വ്യാജ ബ്രാൻഡിംഗ് സ്റ്റിക്കറുകൾ, പാക്കിംഗ് ബോക്‌സുകൾ, ഇയർബഡുകൾ, ഇയർഫോണുകൾ, ചാർജറുകൾ, അഡാപ്റ്ററുകൾ തുടങ്ങിയ ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ പൊലീസ് കണ്ടെത്തി. കൂടാതെ ഓപ്പോ, വൺപ്ലസ് എന്നീ ബ്രാൻഡുകളുടെ ലോഗോകളും ലേബലുകളും അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന എട്ട് പ്രിന്‍റിംഗ് മെഷീനുകളും പൊലീസ് പിടിച്ചെടുത്തു.

പ്രതികൾ ചൈനയിൽ നിന്ന് ബ്രാൻഡ് ഇല്ലാത്ത മൊബൈൽ ആക്‌സസറികൾ വൻതോതിൽ ഇറക്കുമതി ചെയ്ത ശേഷം അവ വ്യാജ ബ്രാൻഡ് പാക്കേജുകളിൽ പുനർപാക്ക് ചെയ്‌ത് വിപണിയിൽ വിതരണം ചെയ്‌തിരുന്നതായി പൊലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി. യഥാർഥ ബ്രാൻഡഡ് ഉൽപ്പന്നങ്ങളാണെന്ന വ്യാജേന ഉപഭോക്താക്കളെ വഞ്ചിച്ചാണ് ഇവ വിറ്റഴിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. ഭാരത് റാം, ഗൗതം കുമാർ എന്നിവരാണ് അറിസ്റ്റിൽ ആയത്. വ്യാജ പാക്കേജിംഗ് സാമഗ്രികൾ വിതരണം ചെയ്തിരുന്ന അമിത് മിശ്ര എന്നയാൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം റെയ്‌ഡിൽ പങ്കെടുത്ത ഓപ്പോ, വൺപ്ലസ്, റിയൽമി കമ്പനികളുടെ പ്രതിനിധികളും പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഉപഭോക്താക്കൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി. വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്‍മാർട്ട്ഫോണുകളോ ആക്‌സസറികളോ വാങ്ങുമ്പോൾ ഉൽപ്പന്നത്തിന്‍റെ ഒറിജിനാലിറ്റി ഉറപ്പാക്കണമെന്ന് അധികൃതർ പറഞ്ഞു. ഔദ്യോഗിക സ്റ്റോറുകളിലോ അംഗീകൃത വിൽപ്പന കേന്ദ്രങ്ങളിലോ നിന്നും മാത്രം ഉൽപ്പന്നങ്ങൾ വാങ്ങുന്നതാണ് സുരക്ഷിതമെന്നും വിദഗ്ധർ പറയുന്നു.

ഉൽപ്പന്നത്തിന്‍റെ ഐഎംഇഐ നമ്പർ, സീരിയൽ നമ്പർ, ക്യുആർ കോഡ് എന്നിവ ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്നും പരിശോധിക്കാവുന്നതാണ്. കൂടാതെ പാക്കേജിംഗിലെ പ്രിന്‍റിംഗ് ഗുണമേന്മ, ലോഗോയുടെ കൃത്യത, വാറന്‍റി വിവരങ്ങൾ തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group