പിണറായി വിജയൻ്റെ വീട്ടില്‍ ഇഡി റെയ്ഡ് നടക്കുന്നതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍; മോദിയും മേനോൻ സതീശനും ഇതിനായി ഗൂഢാലോചന നടത്തിയെന്ന് പി ജയരാജൻ
കണ്ണൂർ: കണ്ണൂരില്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീട്ടില്‍ നടക്കുന്ന ഇഡി റെയ്ഡിനെ അപലപിച്ച് മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ.
ഇത്തരം നടപടികള്‍ പിണറായി വിജയനെയോ സിപിഎമ്മിനെയോ ഭയപ്പെടുത്തില്ല. ഈ റെയ്ഡില്‍ യുഡിഎഫ് സർക്കാരിന് പങ്ക് ഉണ്ടാകുമെന്നും ജയരാജൻ പറഞ്ഞു. ഇഡി റെയ്ഡ് നടക്കുന്നതിന് പിന്നാലെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ രംഗത്തുണ്ട്.
കേന്ദ്ര സർക്കാർ തെമ്മാടികളെ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് നേതാക്കള്‍ പ്രവർത്തകരെ പിടിച്ചു മാറ്റി. റെയ്ഡ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷൻ ആണെന്ന് പി ജയരാജൻ പറഞ്ഞു. ബംഗാളും ത്രിപുരയും പോലെ കേരളത്തിലെ സിപിഎമ്മിനെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മോദിയും മേനോൻ സതീശനും ഇതിനായി ഗൂഢാലോചന നടത്തി. ഇഡി സംഘ പരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്ട്മെന്റ് ആണ്. സംഘപരിവാറിനെ എതിർക്കുന്നവരെ വേട്ടയാടുകയാണെന്നും നിയമപരമായും രാഷ്ട്രീയമായും എതിർത്തു തോല്‍പ്പിക്കുമെന്നും പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
മോദി ഇടതുപക്ഷത്തെ തകർക്കാൻ നടത്തുന്ന നീക്കമാണിതെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. കുറെ കാലമായി ഒരു തിരക്കഥ തയ്യാറാക്കി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ദില്ലി മുഖ്യമന്ത്രി കെജ്രിവാളിനെ കുടിക്കിയ പോലെ കള്ളക്കേസില്‍ കുടുക്കി തകർക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി വിഡി സതീശൻ ബിജെപിക്കും ആർഎസ്‌എസിനും ഒത്താശ ചെയ്യുന്ന ആള്‍ ആണ്.
വിഡി സവർക്കറും വി ഡി സതീശനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. റെയ്ഡില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ കെ രാഗേഷ് മാധ്യമങ്ങളെ അറിയിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ ദില്ലിയില്‍ പോയത് ഗൂഢാലോചനയ്ക്ക് വേണ്ടിയാണെന്നും പിണറായി വിജയനെ നേരിടാൻ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ട് ആണെന്നും പിണറായി സിപിഎം ഏരിയ സെക്രട്ടറി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഇഡി റെയ്ഡിനെ അപലപിച്ച് സിപിഎം. പ്രതിപക്ഷത്തെ ഒരു മുൻനിര നേതാവിനെതിരെ ബിജെപി സർക്കാർ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി പ്രസ്താവനയില്‍ പറഞ്ഞു . ഈ റെയ്ഡില്‍ യുഡിഎഫ് സർക്കാരിന് പങ്കുണ്ടോ എന്നും എം.എ ബേബി ചോദിച്ചു.
Post a Comment