ബിജെപി വാദം തള്ളി അഭിജിത് ദിപ്കേ; സിജെപിയെ പിന്തുണക്കുന്നവരിൽ 94.7% പേരും ഇന്ത്യക്കാർ, ഇൻസ്റ്റഗ്രാം വിവരങ്ങൾ പുറത്തുവിട്ടു
ദില്ലി: കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണക്കുന്നവർ ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണെന്ന ബി്ജെപിയുടെ വാദം സിജെപി സ്ഥാപകൻ അഭിജിത് ദിപ്കേ തള്ളി. സിജെപിയെ പിന്തുടരുന്ന 94.7 ശതമാനം പേരും ഇന്ത്യക്കാരാണെന്ന ഇൻസ്റ്റഗ്രാം വിവരം ദിപ്കേ പുറത്തുവിട്ടു. പാകിസ്ഥാനികളാണ് ഫോളോവേഴ്‌സ് എന്ന് ആരോപണം കേന്ദ്രമന്ത്രി കിരൺ റിജിജുവടക്കം ഉന്നയിച്ചിരുന്നു. അമേരിക്കയിൽ നിന്നുള്ള ഒരു ശതമാനം പേർ, യുകെയിൽ നിന്ന് 0.7, കാനഡയിൽ നിന്ന് 0.6, യുഎഇയിൽ നിന്ന് 0.6 എന്നിങ്ങനെയാണ് സിജെപിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരുടെ കണക്ക് എന്ന് അഭിജിത് ദിപ്കേ പറയുന്നു.
അതിനിടെ കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. പാർട്ടിയുടെ പിന്നിലുള്ളവർക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. നീതിന്യായ വ്യവസ്ഥയെ താറടിക്കാനുള്ള ശ്രമം നടക്കുന്നു എന്നാണ് ഹർജിയിലെ ആരോപണം. ആരാണ് ഹർജി നൽകിയതെന്ന് വ്യക്തമല്ല.
അതിനിടെ സിജെപിയുടെ വെബ് സൈറ്റ് കേന്ദ്ര സർക്കാർ മരവിപ്പിച്ചെന്ന് സ്ഥാപകൻ അഭിജിത് ദിപ്കെ ഇന്നലെ പറഞ്ഞു. വെബ്സൈറ്റ് അടക്കം സർക്കാർ പൂർണ്ണമായി മരവിപ്പിച്ചതോടെ തങ്ങളുടെ പ്രധാന ആശയവിനിമയ മാർഗ്ഗങ്ങളും രാഷ്ട്രീയ ക്യാമ്പെയിനുകളും തടസ്സപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു. പത്തു ലക്ഷം പേർ അംഗങ്ങളായി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു. 22.4 മില്യൺ ഫോളോവേഴ്സുള്ള അക്കൌണ്ട് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിനെ തുടർന്ന് വിലക്കിയതായി സിജെപി ആരോപിച്ചിരുന്നു.
കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ തുടങ്ങിയ ആക്ഷേപ ഹാസ്യ അക്കൗണ്ട് രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ഇടപെടൽ ഈ അക്കൗണ്ടുകൾക്ക് പിന്നിലുണ്ടെന്ന് സംശയിക്കണമെന്ന് ഐബി കേന്ദ്ര സർക്കാരിനെ അറിയിച്ചെന്നാണ് സൂചന. ഇതിൻറെ അടിസ്ഥാനത്തിലാണ് സിജെപിയുടെ എക്സ് അക്കൗണ്ട് വിലക്കിയത്.
ആം ആദ്മി പാർട്ടിയുടെ മുൻ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റും ബോസ്റ്റൺ സർവകലാശാലയിലെ വിദ്യാർത്ഥിയുമായ അഭിജീത് ദിപ്കെ മെയ് 16-നാണ് കോക്രോച്ച് ജനത പാർട്ടി എന്ന പേരിൽ ആക്ഷേപഹാസ്യ കൂട്ടായ്മ സോഷ്യൽ മീഡിയയിൽ തുടങ്ങിയത്. മെയ് 15-ന് സുപ്രീം കോടതിയിലെ ഒരു വാദത്തിനിടെ, ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ "പാറ്റകളോട്" ഉപമിച്ചിരുന്നു. ഈ പരാമർശമാണ് പ്രതിഷേധ കൂട്ടായ്മയുടെ രൂപീകരണത്തിന് കാരണമായത്.
Post a Comment