60-69 സീറ്റ് വരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ പറയുന്നുണ്ട്, പിന്നെ രണ്ടെണ്ണമല്ലേ വേണ്ടതുള്ളൂ; കേരളത്തിലെ ജനങ്ങൾ പറയുന്നത് പിണറായി തന്നെ ആകണമെന്നാണ് : എം.വി. ഗോവിന്ദൻ
എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ച് പറയാനാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 60 മുതൽ 69 സീറ്റ് വരെ എൽഡിഎഫിന് കിട്ടുമെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നുണ്ടെന്നും കേവലഭൂരിപക്ഷത്തിന് പിന്നെ രണ്ട് സീറ്റല്ലേ വേണ്ടതുള്ളൂവെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.
‘എക്‌സിറ്റ് പോൾ ഫലം ഉൾപ്പടെ സൂക്ഷമമായി പരിശോധിച്ചാൽ എൽഡിഎഫ് അധികാരത്തിൽവരുമെന്ന സൂചനയിലേക്കാണ് എത്താനാകുക. നൂറിന് മുകളിൽ കിട്ടുമെന്ന് പറഞ്ഞ് വനവാസം പ്രഖ്യാപിച്ചവർ അതിൽനിന്ന് മാറി. 60-69 വരെ സീറ്റ് വരെ എൽഡിഎഫിന് കിട്ടുമെന്ന് എക്‌സിറ്റ് പോൾ പറഞ്ഞിട്ടുണ്ട്. പിന്നെ രണ്ടെണ്ണമല്ലേ വേണ്ടതുള്ളൂ. അതിലധികം കിട്ടാൻ സാധ്യതയുണ്ട്’ അദ്ദേഹം പറഞ്ഞു.
സർക്കാർവിരുദ്ധ വികാരം ഇല്ലെന്നാണ് എക്‌സിറ്റ് പോൾ ഫലം തന്നെ പറയുന്നത്. മുഖ്യമന്ത്രിയാകാനുള്ള സാധ്യത ആർക്കെന്ന് ചോദിച്ചപ്പോൾ സർവേ മുഴുവൻ പറയുന്നത് പിണറായി വിജയനാണെന്നാണെന്നും എം. വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
‘ഞങ്ങൾക്ക് നല്ല ആത്മധൈര്യം ഉണ്ട്. ജനം വിധിയെഴുതിക്കഴിഞ്ഞു. ഇപ്പോൾ നമ്പർ പറയുന്നില്ല. ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രി ആരാകുമെന്നത് ചർച്ചചെയ്ത് തീരുമാനിക്കും. കേരളത്തിലെ ജനങ്ങൾ പറയുന്നത് പിണറായി തന്നെ ആകണമെന്നാണ്’ എം.വി. ഗോവിന്ദൻ പറഞ്ഞു.
Post a Comment