Join News @ Iritty Whats App Group

ഹജ്ജ് കർമത്തിനായി ഇന്ത്യൻ തീർത്ഥാടകരുടെ ആദ്യസംഘം സൗദി അറേബ്യയിൽ, മദീനയിൽ ഉജ്ജ്വല സ്വീകരണം

ഹജ്ജ് കർമത്തിനായി ഇന്ത്യൻ തീർത്ഥാടകരുടെ ആദ്യസംഘം സൗദി അറേബ്യയിൽ, മദീനയിൽ ഉജ്ജ്വല സ്വീകരണം


റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമത്തിനായി ഇന്ത്യൻ തീർത്ഥാടകരുടെ ആദ്യസംഘം സൗദി അറേബ്യയിലെത്തി. മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഹാജിമാരെ സൗദി ഹജ്ജ്-ഉംറ മന്ത്രാലയ പ്രതിനിധികളും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി എന്നിവരും ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിലെ ഡെപ്യൂട്ടി മന്ത്രിമാരായ പ്രഫ. അബ്ദുൽ അസീസ് എ. വസ്സാൻ, എൻജി. അയാദ് അബ്ദുറഹ്മാൻ റഹ്‌ബിനി എന്നിവരും മറ്റ് മുതിർന്ന സൗദി ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

സ്വാഗത ഗാനങ്ങൾ ആലപിച്ചും സംസം തീർത്ഥവും ഈത്തപ്പഴവും നൽകിയുമാണ് ഹജ്ജ് ടെർമിനലിൽ തീർത്ഥാടകരെ വരവേറ്റത്. ആദ്യദിനം പത്ത് വിമാനങ്ങളിലായി ആകെ 3860 തീർത്ഥാടകരാണ് ഇന്ത്യയിൽ നിന്ന് മദീനയിലെത്തുന്നത്. മുംബൈയിൽ നിന്നുള്ള 402 തീർത്ഥാടകരാണ് ആദ്യസംഘത്തിലുണ്ടായിരുന്നത്. തുടർന്ന് കൊൽക്കത്തയിൽ നിന്നുള്ള രണ്ട് വിമാനങ്ങളിലായി 700 പേരും, ഗുവാഹത്തിയിൽ നിന്ന് 326 പേരും, ഡൽഹിയിൽ നിന്ന് 810 പേരും ഉച്ചയോടെ മദീനയിലെത്തി. വിജയവാഡയിൽ നിന്നുള്ള തീർത്ഥാടകർ വൈകുന്നേരം അഞ്ചിനും, ശ്രീനഗറിൽ നിന്നുള്ളവർ രാത്രി ഏഴു മണിയോടെയും എത്തും.

മദീന വിമാനത്താവളത്തിൽ തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ അംബാസഡർ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തി. തീർത്ഥാടകർക്ക് സേവനങ്ങളും സഹായങ്ങളുമായി രംഗത്തുള്ള ഇന്ത്യൻ കമ്യൂണിറ്റി വളൻറിയർമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ഹജ്ജ് തീർത്ഥാടകർക്കും സുഗമവും സുരക്ഷിതവും ആത്മീയമായി നിറഞ്ഞതുമായ ഒരു ഹജ്ജ് അനുഭവം ഉണ്ടാകട്ടെ എന്ന് ഇന്ത്യൻ എംബസി ആശംസിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടക സംഘങ്ങൾ മദീനയിലും മക്കയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ ഹജ്ജ് മിഷന്റെ ആഭിമുഖ്യത്തിൽ ജിദ്ദ കോൺസുലേറ്റിന് കീഴിൽ ഹാജിമാർക്കായി വിപുലമായ ഒരുക്കങ്ങളാണ് മദീനയിൽ സജ്ജീകരിച്ചിരിക്കുന്നത്. എട്ട് ദിവസം മദീനയിലെ മസ്ജിദുന്നബവിയിൽ പ്രാർത്ഥനകളുമായി കഴിയുന്ന തീർത്ഥാടകർ, അതിനുശേഷം മക്കയിലേക്ക് തിരിക്കും. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം ജിദ്ദ വിമാനത്താവളം വഴിയായിരിക്കും ഇവരുടെ മടക്കയാത്ര. കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യസംഘം കോഴിക്കോട് നിന്ന് ജിദ്ദയിലേക്കാണ് എത്തുന്നത്. കൊച്ചിയിൽ നിന്നുള്ള ആദ്യ വിമാനം ഏപ്രിൽ 30-ന് പുറപ്പെടും. സ്വകാര്യ ഗ്രൂപ്പുകൾ വഴി എത്തുന്ന മലയാളി തീർത്ഥാടകരുടെ ആദ്യസംഘം ഇന്ന് വൈകുന്നേരത്തോടെ ജിദ്ദയിലെത്തും. ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ഇന്തോനേഷ്യ, തുർക്കി തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരും മദീന, ജിദ്ദ വിമാനത്താവളങ്ങൾ വഴി ഇന്ന് എത്തിത്തുടങ്ങിയിട്ടുണ്ട്

Post a Comment

Previous Post Next Post
Join Our Whats App Group