Join News @ Iritty Whats App Group

വാടാനപ്പള്ളിയില്‍ നാടകീയ രംഗങ്ങള്‍; കിറ്റ് വിവാദത്തില്‍ പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ അറസ്റ്റില്‍, പൊലീസുമായി ഉന്തും തള്ളും

വാടാനപ്പള്ളിയില്‍ നാടകീയ രംഗങ്ങള്‍; കിറ്റ് വിവാദത്തില്‍ പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ അറസ്റ്റില്‍, പൊലീസുമായി ഉന്തും തള്ളും


തൃശൂർ: തൃശൂർ വാടാനപ്പള്ളിയിൽ ബിജെപി കിറ്റ് വിതരണം നടത്തി എന്നാരോപിച്ച് യുഡിഎഫ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ ഉള്‍പ്പടെയുള്ള യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രദേശത്ത് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കിറ്റ് നല്‍കിയവര്‍ ഇപ്പോഴും പുറത്താണെന്നും പ്രശ്നം ചൂണ്ടിക്കാട്ടിയവരെ അകത്താക്കുന്നുവെന്നും ടി എന്‍ പ്രതാപന്‍ വിമര്‍ശിച്ചു. യുഡിഎഫ് പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയ ബിജെപി പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.

വാടാനപ്പിള്ളിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യകിറ്റ് നൽകിയെന്ന ആരോപണം കടുപ്പിക്കുകയാണ് കോൺഗ്രസ്. പ്രദേശത്തെ വ്യാപാരിയുടെ ഗോഡൗണിൽ നിന്ന് സാധനം കടത്താൻ ശ്രമിച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. വ്യാപാരിയുടെ വീട്ടിലെത്തിയ നടന്‍ ദേവനടക്കം ബിജെപി നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർ മാർക്കറ്റിൽ സൂക്ഷിച്ചിരുന്ന കിറ്റുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂപ്പർ മാർക്കറ്റ് ഉടമയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കിറ്റ് ഓർഡർ ചെയ്ത വാടാനപ്പള്ളി സ്വദേശി ബിജെപി പ്രവർത്തകനായ സതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളാണ് കിറ്റ് ഓർഡർ ചെയ്തതെന്ന് കടയുടമ മൊഴി നൽകി. 4000 കിറ്റുകൾ വിഷുവിനായി നൽകാൻ ഓർഡർ ചെയ്തതെന്ന് സതീഷ് പൊലീസിനോട് പറഞ്ഞു.

നാലായിരത്തോളം കിറ്റുകൾ സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ട് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ദേവൻ കിറ്റിന്റെ പണം നൽകാൻ വന്നതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വലിയ സംഘർഷാവസ്ഥയാണ് ഇവിടെ കഴിഞ്ഞ മണിക്കൂറുകളിൽ ഉണ്ടായത്. ബിജെപി കോൺഗ്രസ് പ്രവർത്തകർ ഏറെ നേരം നേർക്കുനേർ നിലയുറപ്പിച്ചു. ദേവനെ കസ്റ്റ‍ഡിയിൽ എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സിസിടിവിയിൽ ദേവനും നേതാക്കളും ഗോഡൗണിൽ കയറുന്ന ദൃശ്യങ്ങളില്ലെന്നും ദേവനെ അടക്കം കസ്റ്റഡിയിലെടുക്കാൻ ആവില്ലെന്നും കോൺഗ്രസ് നേതാക്കളെ പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത സൂപ്പർ മാർക്കറ്റ് ഉടമയെ ചോദ്യംചെയ്ത് തെളിവുണ്ടെങ്കിൽ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍, ദേവനെ കസ്റ്റഡിയിൽ എടുക്കാത്തത് പൊലീസും ബിജെപിയുമായുള്ള ഒത്തുകളിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പിരിഞ്ഞ് പോകാന്‍ പൊലീസ് നിർദ്ദേശിച്ചെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു

Post a Comment

Previous Post Next Post
Join Our Whats App Group