കൊടുംചൂട്: പത്തിവിടര്‍ത്തി പാമ്പുഭീതി,വീടിനുള്ളിലും പരിസരത്തും ജാഗ്രത വേണം
കണ്ണൂര്‍: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.
ഈ സീസണില്‍ മാത്രം പാമ്പ് കടിയേറ്റ് മരിച്ചത് ഏഴു പേരാണ്. കടുത്ത വേനലില്‍ അന്തരീക്ഷ താപം ഉയരുന്നതോടെ ശീതരക്ത ജീവികളായ പാമ്പുകള്‍ ഈര്‍പ്പവും തണുപ്പും തേടി വീടുകള്‍ക്കുള്ളിലേക്കും പരിസരങ്ങളിലേക്കും എത്തുന്നതാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. മൂര്‍ഖന്‍ പാമ്പുകളുടെ മുട്ട വിരിയുന്നതും അണലികള്‍ പ്രസവിക്കുന്നതും ഈ കാലയളവിലായതിനാല്‍ പാമ്പിന്‍ കുഞ്ഞുങ്ങളുടെ സാന്നിധ്യവും കൂടുതലായിരിക്കും.
പാമ്പുകള്‍ തണുപ്പുള്ള ഇടങ്ങളിലേക്ക് സഞ്ചരിക്കുന്നത് വര്‍ധിച്ചുവരികയാണെന്ന് പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തുകേന്ദ്രത്തിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ പാമ്പ് വളര്‍ത്തു കേന്ദ്രത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും പാമ്പുകള്‍ക്ക് അകത്തുകയറാന്‍ സാധിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മഴക്കാലത്തും കഠിനമായ ചുടുള്ള സമയങ്ങളിലും രാത്രിയില്‍ മതിയായ സുരക്ഷയോ വെളിച്ചമോ ഇല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്ക ണം. കാടുപിടിച്ച പറമ്പുകളില്‍ പോകുന്നതും തറയില്‍ സുരക്ഷാ മുന്‍കരുതലുകളില്ലാതെ കിടന്നുറങ്ങുന്നതും പാമ്പ് കടിയേല്‍ക്കാന്‍ കാരണമായേക്കാ മെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
അഞ്ച് വര്‍ഷത്തിനിടെ 394 മരണങ്ങള്‍
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 392 പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. പാമ്പ് കടിയേറ്റാല്‍ ഒട്ടും വൈകാതെ തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന മുന്നറിയിപ്പ് നല്‍കുന്നു.
മരിച്ചവര്‍
2021-22: 112
2022-23: 89
2023-24: 76
2024-25:67
2025-26:50
ഇവരെ സൂക്ഷിക്കുക
ഇന്ത്യയില്‍ കാണപ്പെടുന്ന പ്രധാന വിഷപാമ്പുകളെ 'ബിഗ് ഫോര്‍' എന്നാണ് വിളിക്കുന്നത്. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍ അഥവാ ശംഖുവരയന്‍, അണലി, ഈര്‍ച്ചവാള്‍ ശല്‍ക്ക മണ്ഡലി എന്നിവയാണ് ഈ നാല് ഇനങ്ങള്‍. ഇവ മനുഷ്യശരീരത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതം വ്യത്യസ്തമാണ്. മൂര്‍ഖനും ശംഖുവരയനും കടിച്ചാല്‍ വിഷം പ്രധാനമായും നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. എന്നാല്‍ അണലിയും ശല്‍ക്ക മണ്ഡലിയും കടിക്കുമ്പോള്‍ അത് രക്തയോട്ടത്തെയും വൃക്കകളുടെ പ്രവര്‍ത്തനത്തെയുമാണ് പെട്ടെന്ന് ദോഷകരമായി ബാധിക്കുന്നത്.
ശ്രദ്ധിക്കുക
രാത്രി ഉറങ്ങുന്നതിന് മുമ്പ് ബെഡ്ഷീറ്റും തലയിണയും നന്നായി കുടഞ്ഞു പരിശോധിക്കണം. കട്ടിലിനടിയിലും മുറികളുടെ മൂലകളിലും പാമ്പുകളോ മറ്റോ ഇല്ലെന്ന് ഉറപ്പുവരുത്തണം. ജനാലകളിലേക്കും ചുമരുകളിലേക്കും ചെടികള്‍ പടര്‍ന്നുകയറുന്നത് ഒഴിവാക്കണം.
ചെരിപ്പുകളും ഷൂസുകളും ധരിക്കുന്നതിന് മുമ്പ് നന്നായി കുടയണം, കുട്ടികള്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ ധരിക്കണം. വീടിനോട് ചേര്‍ന്ന് വിറകും മറ്റും കൂട്ടിയിടുന്നത് പാമ്പുകള്‍ താവളമാക്കാന്‍ കാരണമാകും.
Post a Comment