കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റ ഫലപ്രഖ്യാപനത്തിനു ശേഷം ഉണ്ടായേക്കാവുന്ന അക്രമങ്ങൾ തടയാൻ ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 23 കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയൊരുക്കാൻ പോലീസ്.
ചില സ്ഥാനാർഥികൾക്കും അവരുടെ വീടുകൾക്കും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പാർട്ടി ഓഫീസുകൾ, വീടുകൾ എന്നിവ പോലീസ് നിരീക്ഷണത്തിലാണ്.
അക്രമ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെയും അനുയായികളുടെയും വീടുകൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. സംഘർഷ മേഖലയിൽ 150-ഓളം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.
35 എണ്ണം ഇതിനകം സ്ഥാപിച്ചു. പയ്യന്നൂർ മണ്ഡലത്തിലെ കോത്തായിമുക്ക്, വെള്ളൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ക്യാമറ സ്ഥാപിച്ചത്. കൂടാതെ വീടുകൾ കേന്ദ്രീകരിച്ച് സി.സി.ടി.വി. സ്ഥാപിക്കാൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പോലീസ് നിർദേശമുണ്ട്.
പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ച സ്ഥാനാർഥികളെ അനുകൂലിക്കുന്ന 35 പേർക്ക് പോലീസിന്റെ പ്രത്യേക സംരക്ഷണവും നീരീക്ഷണവുമുണ്ടാകും.
അവരുടെ വീടുകൾക്കും സുരക്ഷയൊരുക്കും. പയ്യന്നൂരിലെ സ്ഥാനാർഥി വി.കുഞ്ഞികൃഷ്ണന്റെ വീടിനുണ്ടായിരുന്ന പോലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്
രാത്രി പരിശോധനയും അർധ സൈന്യത്തിന്റെ കാവലും
ഫലപ്രഖ്യാപനത്തിന് ഒരാഴ്ചമാത്രം ബാക്കിനിൽക്കെ അക്രമ സാധ്യത കണക്കിലെടുത്ത് രാത്രികാല പട്രോളിങ് ശക്തമാക്കാൻ തീരുമാനം.
തളിപ്പറമ്പ്, പയ്യന്നൂർ നിയോജക മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങൾ, തലശ്ശേരി, മയ്യിൽ, മട്ടന്നൂർ, ധർമ്മടം, കണ്ണവം, പാനൂർ, ചൊക്ലി, ന്യൂമാഹി, കൊളവല്ലൂർ എന്നിവിടങ്ങളിലും കനത്ത സുരക്ഷയൊരുക്കും. പോലീസിന് പുറമെ അർധ സൈനികരെയും സംഘർഷ സാധ്യതയുള്ള കേന്ദ്രങ്ങളിൽ വിന്യസിപ്പിക്കും.
ജില്ലയിലേക്കുള്ള എല്ലാ അതിർത്തികളിലും പരിശോധന കർശനമാക്കി. എല്ലാ പോലീസ് സ്റ്റേഷനുകളിലും 48 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിങ് ഫോഴ്‌സ് രൂപവത്കരിച്ചു.
ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന ഇതര സംസ്ഥാന പോലീസ് ഉൾപ്പെടെയുള്ള സായുധ സംഘമാണ് സ്‌ട്രൈക്കിങ് ഫോഴ്‌സിലുണ്ടാകുക.
രണ്ട് പോലീസ് സ്റ്റേഷൻ പരിധയിൽ ഒരു സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്ന ക്രമമാണെങ്കിലും ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഓരോ പോലീസ് സ്റ്റേഷനിലും ചുമതലയുണ്ടാകും.
Post a Comment