Join News @ Iritty Whats App Group

മഹാരാഷ്ട്രയില്‍ കേരളത്തില്‍ നിന്നുള്ള ലോറിക്ക് നേരെ സായുധ സംഘത്തിന്റെ ക്രൂരമായ ആക്രമണം; തൊഴിലാളികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

മഹാരാഷ്ട്രയില്‍ കേരളത്തില്‍ നിന്നുള്ള ലോറിക്ക് നേരെ സായുധ സംഘത്തിന്റെ ക്രൂരമായ ആക്രമണം; തൊഴിലാളികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു


മർഖേഡ്: കേരളത്തില്‍ നിന്ന് സാധനങ്ങളുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം.

യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ മാരകായുധങ്ങളുമായി വധശ്രമം നടത്തുകയായിരുന്നു. വെള്ളിയാഴ്ച ഉമർഖേഡിലായിരുന്നു സംഭവം.

കേരളത്തില്‍ നിന്ന് മധ്യപ്രദേശിലേക്ക് ആപ്പിളുമായി പോവുകയായിരുന്നു കർണാടക രജിസ്ട്രേഷനിലുള്ള ലോറിക്ക് നേരെയാണ് ആക്രമണം നടന്നത്. ഉമർഖേഡ് പാതയില്‍ വെച്ച്‌ ക്രിമിനല്‍ സംഘം കിലോമീറ്ററുകളോളം ഇവരെ പിന്തുടരുകയായിരുന്നു. തുടർന്ന് വിജനമായ സ്ഥലത്തെത്തിയപ്പോള്‍ വാഹനം തടയുകയും മാരകായുധങ്ങളുമായി അക്രമികള്‍ ഇരച്ചുകയറുകയും ചെയ്തു.

ഡ്രൈവർ മംഗളൂരു സ്വദേശി ആല്‍വിൻ പയസ്, സഹായി മഹാരാഷ്ട്ര താനെ സ്വദേശി മുഹമ്മദ് നദാഫ് നിസാർ ഖുറേഷി എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരുടെ തലയിലും മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആഴത്തിലുള്ള വെട്ടേറ്റു. അക്രമത്തിന് ശേഷം ചോരയില്‍ കുളിച്ച ഇരുവരെയും റോഡില്‍ ഉപേക്ഷിച്ച്‌ സംഘം കടന്നുകളയുകയായിരുന്നു.

റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന തൊഴിലാളികളെ നാട്ടുകാരും മറ്റ് യാത്രക്കാരുമാണ് കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവൻ രക്ഷിക്കാനായി. പരുക്കുകള്‍ സങ്കീർണ്ണമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും പിന്നീട് യശോസായി ആശുപത്രിയിലേക്ക് മാറ്റി. കർണാടക ഉഡുപ്പി സ്വദേശിയായ സയ്യിദ് വാജിദ് അലിയുടെ ഉടമസ്ഥതയിലുള്ളതാണ് അക്രമിക്കപ്പെട്ട ലോറി.

ദേശീയപാതകള്‍ കേന്ദ്രീകരിച്ച്‌ ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ അക്രമം അഴിച്ചുവിടുന്നത് പതിവാകുകയാണെന്ന് ട്രക്ക് ഉടമകളും തൊഴിലാളികളും പരാതിപ്പെടുന്നു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ തൊഴിലാളി സംഘടനകള്‍ അക്രമികള്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് ഉടനടി അറസ്റ്റ് രേഖപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു.

ദേശീയപാതകളില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണം എന്നും പരുക്കേറ്റ തൊഴിലാളികള്‍ക്ക് അടിയന്തര ചികിത്സാ സഹായവും അർഹമായ നഷ്ടപരിഹാരവും അധികാരികള്‍ ഉറപ്പാക്കണം എന്നും സംഘടന വ്യക്തമാക്കി. ദേശീയപാതയിലെ സുരക്ഷാ വീഴ്ചയില്‍ വ്യാപാരികളും ട്രക്ക് ഉടമകളും വലിയ ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group