Join News @ Iritty Whats App Group

അഹമ്മദാബാദിന് പിന്നാലെ ഇന്ത്യയിൽ ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; ഇത്തവണ മഹാരാഷ്ട്രയില്‍

അഹമ്മദാബാദിന് പിന്നാലെ ഇന്ത്യയിൽ ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; ഇത്തവണ മഹാരാഷ്ട്രയില്‍


മുംബൈ:അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പിന്നാലെ, ഒരു ലക്ഷം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇന്ത്യയിലെ രണ്ടാമത്തെ കൂറ്റൻ ക്രിക്കറ്റ് സ്റ്റേഡിയം മഹാരാഷ്ട്രയിൽ വരുന്നു. സിഡ്‌കോയും മുംബൈ ക്രിക്കറ്റ് അസോസിയേഷനും(എംസിഎ) സംയുക്തമായാണ് വലിപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നത്. എംസിഎ പ്രസിഡന്‍റ് അജിങ്ക്യ നായിക്, സിഡ്‌കോ മാനേജിംഗ് ഡയറക്ടർ വിജയ് സിംഗാൾ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഡിയത്തിന്‍റെ നിർമ്മാണത്തിനായുള്ള വിശദമായ ചർച്ചകൾ പൂർത്തിയായി.

മഹാരാഷ്ട്രയുടെ കായിക പശ്ചാത്തല സൗകര്യങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ മുംബൈയിൽ വാംഖഡെ (33,000 ശേഷി), സിസിഐ-ബ്രബോൺ (50,000 ശേഷി) എന്നീ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുണ്ട്. കൂടാതെ മെട്രോപൊളിറ്റൻ മേഖലയിൽ ഡി.വൈ പാട്ടീൽ സ്റ്റേഡിയവുമുണ്ട്. പുതിയ സ്റ്റേഡിയം വരുന്നതോടെ മുംബൈയിലെ ഐക്കണിക് സ്റ്റേഡിയമായ വാംഖഡെയുടെ പ്രസക്തി കുറയുമെന്നാണ് കരുതുന്നത്.

നിലവിൽ 1.3 ലക്ഷം പേരെ ഉൾക്കൊള്ളുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. അടുത്തിടെ ഇന്ത്യ 2026-ലെ ടി20 ലോകകപ്പ് കിരീടം ചൂടിയതും ഇതേ സ്റ്റേഡിയത്തിലാണ്. മുംബൈ മെട്രോപൊളിറ്റൻ റീജിയണിൽ ഒരു ലക്ഷം ശേഷിയുള്ള സ്റ്റേഡിയം വരുന്നത് മുംബൈ ക്രിക്കറ്റിനെ ഉയർത്തുക മാത്രമല്ല, മഹാരാഷ്ട്രയെ ആഗോള കായിക ഭൂപടത്തിൽ അടയാളപ്പെടുത്തുകയും ചെയ്യുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അജിങ്ക്യ നായിക് പറഞ്ഞു.

ഭാവിയിലെ പ്രതിഭകളെ വാർത്തെടുക്കാനും അടിസ്ഥാനതലത്തില്‍ ക്രിക്കറ്റിനെ ശക്തിപ്പെടുത്താനുമുള്ള വേദിയായി സ്റ്റേഡിയം മാറുമെന്നും അന്താരാഷ്ട്ര മത്സരങ്ങൾക്കും ആഭ്യന്തര ടൂർണമെന്‍റുകൾക്കും പുറമെ ആഗോള തലത്തിലുള്ള വമ്പൻ പരിപാടികൾക്കും സ്റ്റേഡിയം സാക്ഷ്യം വഹിക്കുമെന്നും അജിങ്ക്യാ നായിക് വ്യക്തമാക്കി. വളർന്നു വരുന്ന താരങ്ങൾക്ക് ലോകോത്തര സൗകര്യങ്ങൾ ലഭ്യമാകുന്നതിനൊപ്പം കായിക വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനും മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതിയ സ്റ്റേഡിയം അവസരമൊരുക്കുമെന്നാണ് കരുതുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group