Join News @ Iritty Whats App Group

പാഠപുസ്‌തകങ്ങളുടെ അച്ചടി പ്രതിസന്ധിയിൽ; പുറംചട്ട അച്ചടിക്കാൻ ആവശ്യമായ പേപ്പർ ഇല്ല! വാങ്ങി നൽകേണ്ടത് സർക്കാർ

പാഠപുസ്‌തകങ്ങളുടെ അച്ചടി പ്രതിസന്ധിയിൽ; പുറംചട്ട അച്ചടിക്കാൻ ആവശ്യമായ പേപ്പർ ഇല്ല! വാങ്ങി നൽകേണ്ടത് സർക്കാർ


കൊച്ചി: പാഠപുസ്തകങ്ങളുടെ പുറംചട്ട അച്ചടിക്കാനുള്ള പേപ്പർ തീർന്നതോടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ (കെബിപിഎസ്) അച്ചടി പ്രവൃത്തി മന്ദഗതിയിലായി. പുറംചട്ട പേപ്പർ തീർന്നിട്ട് ഒരാഴ്ചയായി. ആവശ്യമായ പേപ്പർ ഉടൻ ലഭിക്കാത്ത പക്ഷം അടുത്ത രണ്ട് ദിവസത്തിനകം അച്ചടി പൂർണമായി നിലയ്ക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി പുറം ചട്ടയില്ലാതെയാണ് പുസ്തക അച്ചടി തുടരുന്നത്. ഉൾ പേജുകളും പുറം ചട്ടയും വേർതിരിച്ച് അച്ചടിച്ച് പിന്നീട് ബൈൻഡിങ് വിഭാഗത്തിൽ പുസ്തകരൂപത്തിലാക്കുന്നതാണ് നിലവിലുള്ള സംവിധാനം. പുറംചട്ട ലഭിക്കാത്തതിനാൽ ബൈൻഡിങ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. അച്ചടിച്ച ഉൾപ്പേജുകൾ പ്ലാന്റിനകത്ത് കൂമ്പാരമായി കിടക്കുന്ന സാഹചര്യമാണുള്ളത്. ഇത് നീക്കാനാകാതെ വന്നാൽ പ്രസിൽ പ്രവർത്തനം തുടരാൻ ഇടമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

കവർ പേജിനുള്ള പേപ്പർ സർക്കാർ നൽകേണ്ടതാണ്. മുമ്പ് കെബിപിഎസ് നേരിട്ട് പേപ്പർ വാങ്ങി അച്ചടി നടത്തി, തുടർന്ന് ബിൽ തുക സർക്കാർ നൽകുന്നതായിരുന്നു പതിവ്. എന്നാൽ ഈ തുക ലഭിക്കാതെ വന്നതോടെ കുടിശ്ശിക ഏകദേശം 300 കോടി രൂപയായി. ഇതിനെ തുടർന്ന് കെബിപിഎസ് പേപ്പർ വാങ്ങൽ നിർത്തുകയും സർക്കാർ നേരിട്ട് പേപ്പർ നൽകുന്ന സംവിധാനം ആരംഭിക്കുകയും ചെയ്തു. പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഒന്നര മാസം മാത്രം ബാക്കി നിൽക്കെയാണ് കവർ പേപ്പർ ലഭിക്കാത്ത പ്രതിസന്ധി നിലനിൽക്കുന്നത്. മൂന്നര കോടിയിലധികം പാഠ പുസ്തകങ്ങളാണ് കെബിപിഎസിൽ അച്ചടിക്കുന്നത്. ഇതിൽ 64 ശതമാനം പുസ്തകങ്ങളുടെ അച്ചടിയാണ് ഇതുവരെ പൂർത്തിയായത്.

Post a Comment

Previous Post Next Post
Join Our Whats App Group