കേളകത്തും കൊളക്കാട് താന്നിക്കുന്നിലും 'മൊണാലിസ' എന്ന പേരില്‍ ബ്യൂട്ടി പാര്‍ലറും ടെയ്ലറിങ് ഷോപ്പും; മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം എന്ന നിലയില്‍ രാഷ്ട്രീയ രംഗത്ത് സജീവം; മലയോരത്തെ ഞെട്ടിച്ച് ലഹരി മൂത്തപ്പോഴുണ്ടായ വിഭ്രാന്തിയില്‍ ആയുധമെടുത്ത ക്രിസ്റ്റി; അയല്‍വാസിയെ ഫോണില്‍ വിളിച്ച് ലിഫ്റ്റ് അടിച്ച് സ്റ്റേഷനില്‍; 'ഞാന്‍ എന്റെ അമ്മയെ കൊന്നു' എന്ന വെളിപ്പെടുത്തലില്‍ നടുങ്ങി പോലീസും
കേളകം: കേളകത്തും താന്നിക്കുന്നിലും 'മൊണാലിസ' എന്ന പേരില്‍ ബ്യൂട്ടി പാര്‍ലറും ടെയ്ലറിങ് ഷോപ്പും നടത്തിവരികയായിരുന്നു ഗീതമ്മ. പുഞ്ചിരിയോടെ മാത്രം സംസാരിക്കുന്ന, എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന ഗീതമ്മ. ആ അമ്മയ്ക്ക് സ്വന്തം മകനില്‍നിന്ന് ഇത്തരമൊരു അന്ത്യം സംഭവിക്കുമെന്ന് താന്നിക്കുന്നിലെ നാട്ടുകാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ലഹരിയുടെ കാണാക്കയങ്ങളില്‍ വീണുപോയ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ആ അമ്മ നടത്തിയ ശ്രമങ്ങളെല്ലാം ഒടുവില്‍ സ്വന്തം രക്തത്തില്‍ അവസാനിച്ചു.
കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യയും മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗവുമായ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ മകന്‍ ക്രിസ്റ്റി (25) കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ വിറങ്ങലിപ്പിച്ച ഈ കൊടുംക്രൂരത അരങ്ങേറിയത്.
ബെംഗളൂരുവിലെ ഉന്നത പഠനത്തിനിടയിലാണ് ക്രിസ്റ്റി മാരകമായ ലഹരിമരുന്നിന് അടിമപ്പെട്ടതെന്നാണ് വിവരം. ബി.സി.എ. വിദ്യാര്‍ത്ഥിയായിരുന്ന ഇയാള്‍ ലഹരി ഉപയോഗം മൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് നാട്ടിലെത്തിയ ഇയാളെ മാറ്റിയെടുക്കാന്‍ ഗീതമ്മയും കുടുംബവും കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു.
എന്നാല്‍, ലഹരി ഉപയോഗത്തെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ വീട്ടില്‍ നിത്യസംഭവമായി മാറി. മകനെ നേരായ വഴിയിലേക്ക് കൊണ്ടുവരാന്‍ അമ്മ നടത്തിയ നിരന്തരമായ ഉപദേശങ്ങളാണ് ക്രിസ്റ്റിയെ പ്രകോപിപ്പിച്ചത്. ലഹരി മൂത്തപ്പോഴുണ്ടായ വിഭ്രാന്തിയില്‍ ആയുധമെടുത്ത ക്രിസ്റ്റി പെറ്റമ്മയുടെ കഴുത്തറുത്ത് ആ സ്‌നേഹം എന്നന്നേക്കുമായി അവസാനിപ്പിച്ചു.
കൊലപാതകം നടന്ന സമയത്ത് ഗീതമ്മയും ക്രിസ്റ്റിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉറങ്ങാന്‍ തയ്യാറെടുക്കുകയായിരുന്ന ഗീതമ്മയെ കിടപ്പുമുറിയില്‍ വെച്ചാണ് ഇയാള്‍ ആക്രമിച്ചത്. ക്രൂരകൃത്യത്തിന് ശേഷം യാതൊരു ഭാവമാറ്റവുമില്ലാതെ വീട്ടില്‍ തങ്ങിയ ഇയാള്‍, പിന്നീട് സമീപവാസിയായ ഒരു യുവാവിനെ വിളിച്ച് അയാളുടെ സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ചാണ് പോലീസ് സ്റ്റേഷനിലെത്തിയത്.
'ഞാന്‍ എന്റെ അമ്മയെ കൊന്നു' എന്ന് കേളകം സ്റ്റേഷനിലെ പോലീസുകാരോട് ഇയാള്‍ വെളിപ്പെടുത്തിയപ്പോള്‍ ആദ്യം ആര്‍ക്കും വിശ്വസിക്കാനായില്ല. തുടര്‍ന്ന് പോലീസ് സംഘം കുതിച്ചെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ ഗീതമ്മയെ കണ്ടെത്തുന്നത്.
മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം എന്ന നിലയില്‍ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു ഗീതമ്മ. കുടുംബത്തിന്റെ അത്താണിയാകാന്‍ സ്വന്തമായി ബ്യൂട്ടി പാര്‍ലറും തുന്നല്‍ കേന്ദ്രവും അവര്‍ നടത്തിവന്നു. മകളെ വിവാഹം കഴിപ്പിച്ചയച്ച ശേഷം, ഏക മകനായ ക്രിസ്റ്റിയെ ഒരു നല്ല നിലയിലെത്തിക്കാന്‍ അവര്‍ കാണാത്ത വഴിപാടുകളില്ല. പക്ഷേ, ലഹരിയുടെ വിഷം ആ മനസ്സിലെ വിവേകം പൂര്‍ണ്ണമായും കെടുത്തിക്കളഞ്ഞിരുന്നു. മയക്കുമരുന്ന് ഒരാളുടെ ചിന്താശേഷിയെയും മനുഷ്യത്വത്തെയും എങ്ങനെ ഇല്ലാതാക്കുന്നു എന്നതിന്റെ ഭയാനകമായ ഉദാഹരണമായി ഈ സംഭവം മാറുകയാണ്.
പേരാവൂര്‍ ഡിവൈ.എസ്.പി. ചന്ദ്രമോഹന്‍, കേളകം എസ്.എച്ച്.ഒ. ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മയക്കുമരുന്ന് മാഫിയയുടെ സ്വാധീനം ക്രിസ്റ്റിക്കുമേല്‍ എങ്ങനെയുണ്ടായി എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് ഗൗരവമായി അന്വേഷിച്ചുവരികയാണ്. പിടിയിലായ ക്രിസ്റ്റിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.
Post a Comment