Join News @ Iritty Whats App Group

'എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറായി, സംസ്ഥാനത്തിന്‍റെ വികസനം തിരുവല്ലയിൽ നിന്ന് തുടക്കമാകും'; അയ്യപ്പനെ പ്രണമിച്ച് നരേന്ദ്ര മോദി

'എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറായി, സംസ്ഥാനത്തിന്‍റെ വികസനം തിരുവല്ലയിൽ നിന്ന് തുടക്കമാകും'; അയ്യപ്പനെ പ്രണമിച്ച് നരേന്ദ്ര മോദി


ആലപ്പുഴ: ഇടത് സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. മലയാളത്തിൽ അഭിസംബോധന ചെയ്ത മോദി കേരളത്തിലെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി. അനൂപ് ആന്‍റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ മോദി തിരുവല്ലയിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അനൂപ് ആന്‍റണി തനിക്കൊപ്പം വര്‍ഷങ്ങളായുണ്ടെന്നും മോദി പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തകരുമായി തന്‍റെ ബൂത്ത് പരിപാടിയിൽ സംസാരിച്ചു. എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറാണെന്ന് അതിലൂടെ മനസിലായി. തന്നെ കാണാൻ ഹെലിപാ‍ഡിന് സമീപം റോഡ് ഷോക്ക് എത്തിയപോലെ ജനങ്ങള്‍ തടിച്ചുകൂടിയിരിക്കുന്നു. റോഡിന് ഇരുവശവും ജനങ്ങളുണ്ടായിരുന്നു.

കുമ്മനം രാജശേഖരൻ, അനൂപ് ആന്‍റണി അടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ കൈപിടിച്ച് ഉയര്‍ത്തിയാണ് മോദി സദസിനെ അഭിവാദ്യം ചെയ്തത്. വേദിയിൽ എൻഡിഎ സ്ഥാനാര്‍ത്ഥികള്‍ മോദിക്കൊപ്പം അണിനിരന്നു. തിരുവല്ലയിലെ കണ്‍വെൻഷനിൽ 11 എൻഡിഎ സ്ഥാനാര്‍ഥികളാണ് പങ്കെടുക്കുന്നത്.തിരുവല്ലയിലെ എൻഡിഎ കണ്‍വെൻഷൻ വേദിയിലെത്തിയ മോദിക്ക് ക്രിസ്തുവിന്‍റെ രൂപം നൽകിയാണ് ബിജെപി നേതാവ് സ്വീകരിച്ചത്. കോട്ടയം ജില്ലാ കമ്മിറ്റിയാണ് മോദിക്ക് തിരുരൂപം നൽകിയത്. എൻഡിഎ സ്ഥാനാര്‍ഥി അനൂപ് ആന്‍റണി പടയണി തപ്പാണ് മോദിക്ക് സമ്മാനിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ മൂന്നാം ഘട്ട പ്രചാരണം ആവേശം പകര്‍ന്നാണ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തിയത്.ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിലെത്തി.പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമുൾപ്പെടെ നിരവധി കേന്ദ്ര നേതാക്കളാണ് എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തുന്നത്. എൻഡിഎ ക്യാമ്പിന് ആവേശം പകർന്നുകൊണ്ടാണ് കേന്ദ്ര നേതാക്കളുടെ പ്രചാരണം മുന്നോട്ട് പോവുന്നത്. വഴിനീളെ പ്രധാനമന്ത്രിയെ കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു. റോഡ് ഷോ ഇല്ലെങ്കിലും പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് മോദി വേദിയിലെത്തിയത്. തിരുവല്ലയിലെ പരിപാടിക്കുശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പോകും. തിരുവനന്തപുരത്ത് മോദിയുടെ റോഡ് ഷോ നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group