കോളജ് ഡേയിൽ പങ്കെടുത്തില്ലെങ്കിൽ..., തിരുവനന്തപുരം ഐഎംഡിആർ കോളജ് പ്രിൻസിപ്പലിന്‍റെ വിചിത്ര സർക്കുലർ പിൻവലിപ്പിച്ചു, വിശദീകരണവും തേടി ആരോഗ്യ സർവകലാശാല
തിരുവനന്തപുരം: കോളജ് ഡേയിൽ പങ്കെടുക്കാത്തവർക്ക് പിഴ ചുമത്തി സർക്കുലർ പുറപ്പെടുവിച്ച ഐ എം ഡി ആർ കോളജിനോട് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ വിശദീകരണം തേടി. കോളജ് ഡേയിൽ പങ്കെടുക്കാതിരുന്നാലോ ചടങ്ങിലേക്ക് സംഭാവന നൽകാതിരുന്നാലോ പിഴ ഈടാക്കുമെന്ന പ്രിൻസിപ്പാളിന്റെ വിചിത്ര ഉത്തരവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വി സിയുടെ ഇടപെടൽ. ഈ സർക്കുലർ അടിയന്തരമായി പിൻവലിക്കാൻ കോളജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികളെ നിർബന്ധപൂർവ്വം ചടങ്ങുകളിൽ പങ്കെടുപ്പിക്കുന്നതും പിഴ ചുമത്തുന്നതും അംഗീകരിക്കാനാവില്ലെന്ന് സർവകലാശാല വ്യക്തമാക്കി. ഐ എം ഡി ആർ കോളേജ് പ്രിൻസിപ്പൽ ഡോ. ജെ ബി രാജൻ പുറത്തിറക്കിയ സർക്കുലർ വലിയ വിവാദമായി മാറിയിരുന്നു. കോളേജ് ഡേ പരിപാടിയിൽ പങ്കെടുക്കാതിരുന്നാൽ 250 രൂപ ഫൈൻ നൽകേണ്ടിവരും. കോളേജ് ഡേ പരിപാടിക്ക് സംഭാവന നൽകാതിരുന്നാൽ 500 രൂപ ഫൈൻ ചുമത്തുമെന്നാണ് ഭീഷണി. രണ്ടും ചെയ്യാത്തവർക്ക് 750 രൂപ പിഴ നൽകേണ്ടി വരുമെന്നും പ്രിൻസിപ്പലിന്‍റെ ഭീഷണിയുണ്ട്. പിഴ അടിച്ചില്ലെങ്കിൽ പരീക്ഷ എഴുതാനുള്ള ഹാൾ ടിക്കറ്റ് ലഭിക്കില്ലെന്നും പ്രിൻസിപ്പലിന്‍റെ സർക്കുലറിലുണ്ട്. സർവകലാശാല നേരിട്ട് ഇടപെട്ട് സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകിയതിനൊപ്പം, പ്രിൻസിപ്പലിനെതിരെ എന്താകും നടപടിയുണ്ടാകുക എന്നത് കണ്ടറിയണം
Post a Comment