ഒരേ ദിവസം, ഒരേ സമയം പ്രകടന പത്രിക; വാഗ്ദാനങ്ങളിലും സമാനത! ഒപ്പത്തിനൊപ്പം എൽഡിഎഫും യുഡിഎഫും
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രകടന പത്രികകള്‍ പുറത്തിറക്കിയിരിക്കുകയാണ് മുന്നണികൾ. നേരത്തെ വമ്പൻ വാഗ്ദാനങ്ങളുമായി എൻഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ഇപ്പോൾ ഇതാ എൽഡിഎഫും യുഡിഎഫും ഒരേ ദിവസം തന്നെ പ്രകടന പത്രികകൾ പുറത്തിറക്കിയിരിക്കുകയാണ്.
വോട്ടർമാരെ ആകർഷിക്കാൻ ഇരുമുന്നണികളും സമാനമായ പല വാഗ്ദാനങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇരുമുന്നണികളുടെയും പ്രകടന പത്രികകളിലെ ചില വാഗ്ദാനങ്ങളിലും സമാനതകളുണ്ട് എന്നതാണ് കൗതുകകരം. ക്ഷേമ പദ്ധതികൾ, കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലാണ് ശ്രദ്ധേയമായ സമാനതകളുള്ളത്. വോട്ടര്‍മാരെ സ്വാധീനിക്കാൻ ഇരുമുന്നണികളും ഒരുപോലെ മുന്നോട്ടുവെയ്ക്കുന്ന പ്രധാന വാഗ്ദാനങ്ങള്‍ ഏതൊക്കെയാണെന്നാണ് ഇനി പറയാൻ പോകുന്നത്.
സാമൂഹ്യക്ഷേമവും കൃഷിയും
ക്ഷേമ പെൻഷൻ:
ഇരുമുന്നണികളും ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്നത് ക്ഷേമ പെൻഷനാണ്. എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കുമെന്ന് എൽഡിഎഫും യുഡിഎഫും ഒരുപോലെ വാഗ്ദാനം ചെയ്യുന്നു.
റബ്ബർ താങ്ങുവില:
റബ്ബർ കർഷകർക്ക് ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളും ഇരുമുന്നണികളുടെയും പ്രകടന പത്രികകളിലുണ്ട്. റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കി ഉയർത്തുമെന്ന് എൽഡിഎഫും യുഡിഎഫും ഒരുപോലെ ഉറപ്പ് നൽകുന്നു.
നെല്ല് സംഭരണം:
നെല്ല് സംഭരണത്തിനും ശ്രദ്ധ നൽകാൻ പ്രകടന പത്രികയിൽ എൽഡിഎഫും യുഡിഎഫും ശ്രദ്ധിച്ചിട്ടുണ്ട്. നെല്ല് സംഭരണ വില കിലോയ്ക്ക് 35 രൂപയായി വർദ്ധിപ്പിക്കുമെന്നത് ഇടതിന്റെയും യുഡിഎഫിന്റെയും സമാനമായ മറ്റൊരു വാഗ്ദാനമാണ്.
വികസനവും സേവന വ്യവസ്ഥകളും
മെട്രോ റെയിൽ പദ്ധതി:
തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ നടപ്പിലാക്കുമെന്ന് എൽഡിഎഫും യുഡിഎഫും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.
ഭവന പദ്ധതികൾ:
എൽഡിഎഫ് ലൈഫ് മിഷൻ 2.0 വഴി അവശേഷിക്കുന്ന കുടുംബങ്ങൾക്കും വീട് നൽകി കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമാക്കുമെന്നാണ് പ്രകടന പത്രികയിൽ പറയുന്നത്. എന്നാൽ, യുഡിഎഫ് 5 ലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ടും ഭവന നിർമ്മാണ പദ്ധതികളാണ്.
സർക്കാർ ജീവനക്കാരുടെ പെൻഷൻ:
എൽഡിഎഫ് അഷ്വേർഡ് പെൻഷൻ ഉറപ്പ് നൽകുന്നു. സർക്കാർ ജീവനക്കാർക്ക് അനുകൂലമാകുന്ന വിധത്തിലുള്ള പെൻഷൻ പരിഷ്കരണമാണ് യുഡിഎഫ് ഉറപ്പ് നൽകുന്നത്. രണ്ടും സർക്കാർ ജീവനക്കാരുടെ പെൻഷൻ സംബന്ധിച്ച പരിഷ്കാരങ്ങളാണ്.
മറ്റ് പ്രധാന മേഖലകൾ
ആരോഗ്യ ഇൻഷുറൻസ്:
കുടുംബങ്ങൾക്കായി വിപുലമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഇരുപക്ഷവും മുന്നോട്ടുവെക്കുന്നു. എല്ലാം കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സാണ് യുഡിഎഫിന്റെ വാഗ്ദാനം.
ദാരിദ്ര്യ നിർമ്മാർജ്ജനം:
അതിദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതികൾ ഇരുമുന്നണികളുടെയും പ്രകടന പത്രികയിലുണ്ട്
Post a Comment