സെക്കന്റുകൾക്കുള്ളിൽ പണം നിങ്ങളുടെ അക്കൗണ്ടിൽ; മോഹന വാഗ്ദാനവുമായെത്തുന്ന ആപ്പുകളുടെ കെണിയില്‍ വീഴല്ലേ; മുന്നറിയിപ്പുമായി സൈബർ പോലീസ്
കൊച്ചി: ഇന്ന് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ പലവിധത്തിലാണ് എത്തുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ലോണ്‍ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പാണ് അതിലൊന്ന്.
നിയമാനുസൃതമല്ലാതെ മോഹിപ്പിക്കുന്ന പരസ്യങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുന്ന ലോണ്‍ ആപ്പുകളുടെ കെണിയില്‍ വീണ് ജീവിതം ഹോമിക്കുന്ന യുവതലമുറയുടെ എണ്ണം അനുദിനം വര്‍ധിക്കുന്നുമുണ്ട്. എളുപ്പത്തില്‍ ലോണ്‍ ലഭിക്കുമെന്ന പേരില്‍ ഇത്തരം ഒരുപാട് ആപ്പുകള്‍ ധാരാളം പേര് ഉപയോഗിക്കുകയും തട്ടിപ്പില്‍ പെടുകയും ചെയ്യുന്നു.
പലപ്പോഴും ലളിതമായ രീതിയില്‍ ലോണ്‍ വാഗ്ദാനം ചെയ്ത് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നത്. തട്ടിപ്പില്‍ പെടുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ജാഗ്രത നിര്‍ദേശവുമായി സൈബര്‍ പോലീസ് രംഗത്തെത്തിയിരിക്കുകയാണ്.
സ്വകാര്യത പണയം വയ്ക്കരുത്
ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ ഫോണിലുള്ള വിവരങ്ങള്‍ അപ്പാടെ ഉപയോഗിക്കാന്‍ തട്ടിപ്പുകാര്‍ അനുവാദം ചോദിക്കും. ഗാലറി പങ്കുവെയ്ക്കാനും കോണ്ടാക്ട് വിവരങ്ങള്‍ എടുക്കാനുമൊക്കെയുള്ള അനുവാദം ആവാം അവര്‍ ചോദിക്കുന്നത്. ഇതൊന്നും ഒരിക്കലും അനുവദിക്കേണ്ടതില്ല.
മാത്രമല്ല, ആപ്പ് ഉപയോഗിച്ച് ഫോണില്‍ നിന്ന് അവര്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചേക്കാം. ഫോട്ടോയും മറ്റും അവര്‍ കൈക്കലാക്കിയേക്കും. വായ്പ നല്കിയ പണം തിരിച്ചു വാങ്ങുന്നതിനുള്ള സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായി ഈ സ്വകാര്യ വിവരങ്ങളും ഫോട്ടോയുമൊക്കെ അവര്‍ നിങ്ങള്‍ക്കെതിരെ ഉപയോഗിച്ചേക്കാം.
ആപ്പുകളില്‍ സുരക്ഷിതമായിരിക്കാം
ആപ്പിന്റെ ആധികാരികത പരിശോധിക്കുക
ആര്‍ബിഐ അംഗീകാരം- ലോണ്‍ നല്കുന്ന ആപ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ബാങ്കുകളുമായോ നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളുമായോ (എന്‍ബിഎഫ്സി) ബന്ധമുള്ളതാണോ എന്ന് പരിശോധിക്കുക. വെബ്സൈറ്റ് – ആപ്പിന് ഔദ്യോഗികമായ വെബ്സൈറ്റും കൃത്യമായ ഓഫീസും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
അനുമതികള്‍ നല്കുമ്പോള് ശ്രദ്ധിക്കണം
ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ആപ്പ് നിങ്ങളുടെ കോണ്ടാക്റ്റുകള്, ഗാലറി (ഫോട്ടോകള്‍), ലൊക്കേഷന്‍ എന്നിവയിലേക്ക് ആക്സസ് ചോദിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. ഒരു ലോണ്‍ ആപ്പിന് സാധാരണയായി നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റിന്റെ ആവശ്യമില്ല. നിങ്ങളുടെ ഫോട്ടോകളും കോണ്ടാക്റ്റുകളും ഉപയോഗിച്ചാണ് ഇവര്‍ പിന്നീട് ഭീഷണിപ്പെടുത്തുന്നത്.
ലോണ്‍ വ്യവസ്ഥകള്‍ വായിക്കുക
അമിതമായ പലിശ നിരക്ക്, കുറഞ്ഞ തിരിച്ചടവ് കാലാവധി (ഉദാഹരണത്തിന് 7 ദിവസം) എന്നിവ വ്യാജ ആപ്പുകളുടെ ലക്ഷണമാണ്. ലോണ്‍ തുക അനുവദിക്കുന്നതിന് മുന്‍പായി ‘പ്രോസസിംഗ് ഫീ’ എന്ന പേരില്‍ പണം മുന്‍കൂര്‍ ചോദിക്കുന്നുണ്ടെങ്കില്‍ അത് 100 ശതമാനം തട്ടിപ്പായിരിക്കും.
പ്ലേ സ്റ്റോര്‍ റിവ്യൂകള്‍ മാത്രം വിശ്വസിക്കരുത്
ഗൂഗിള്‍ പ്ലേ സ്റ്റോറിലെ റേറ്റിംഗും റിവ്യൂകളും വ്യാജമായി നിര്‍മിക്കാന്‍ സാധിക്കും. അതിനാല്‍ ‘വണ്‍ സ്റ്റാര്‍’ റിവ്യൂകള്‍ പ്രത്യേകം വായിക്കുക. അവിടെ ആളുകള്‍ നേരിട്ട തട്ടിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.
വെരിഫൈഡ് അല്ലാത്ത ലിങ്കുകള്‍ ഒഴിവാക്കുക
എസ്.എം.എസ്, വാട്ട്സ്ആപ്പ് എന്നിവ വഴി വരുന്ന ലോണ്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. എപ്പോഴും പ്ലേ സ്റ്റോറോ ആപ്പിള്‍ സ്റ്റോറോ മാത്രം ഉപയോഗിക്കുക.
ഇത്തരം തട്ടിപ്പുകളില്‍ പെട്ടാല്‍ എത്രയും വേഗം 1930 എന്ന ഫോണ്‍ നമ്പറില്‍ സൈബര്‍ പോലീസിനെ വിവരം അറിയിക്കുക.
Post a Comment