‘സ്ട്രോങ് റൂമിന്റെ താക്കോൽ പൂട്ടിനൊപ്പം സീൽ ചെയ്യണം’ ; എതിർത്ത ഉദ്യോഗസ്ഥർക്കുനേരെ തോക്കുചൂണ്ടി സൈനികർ; അട്ടിമറി ശ്രമമെന്ന് കോൺഗ്രസ്
കോട്ടയത്ത് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമിന്റെ സുരക്ഷാ ചട്ടങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉദ്യോഗസ്ഥർക്കുനേരെ സൈനികർ തോക്ക് ചൂണ്ടി. വൈക്കം മണ്ഡലത്തിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന കോട്ടയം ബസേലിയസ് കോളേജിലാണ് സംഭവം.
സ്ട്രോങ് റൂമിന്റെ താക്കോൽ പൂട്ടിനോടൊപ്പം വെച്ച് സീൽചെയ്യണമെന്ന കേന്ദ്ര നിരീക്ഷകന്റെ ആവശ്യം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അനുസരിക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. കലക്ടറുടെ നിർദേശപ്രകാരം വാതിൽ പൂട്ടാൻ ചെന്ന ഉദ്യോഗസ്ഥരുമായി തർക്കമുണ്ടാവുകയും സുരക്ഷാച്ചുമതലയുള്ള സൈനികർ തോക്കുചൂണ്ടുകയുമായിരുന്നു.
സാധാരണ നിലയിൽ സ്ട്രോങ് റൂമുകൾക്ക് രണ്ട് പൂട്ടുകളാണ് ഉണ്ടാവുക. ഇതിന്റെ ഒരു താക്കോൽ റിട്ടേണിങ് ഓഫീസർക്കും മറ്റൊന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർക്കുമാണ് നൽകുന്നത്. റിട്ടേണിങ് ഓഫിസറും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറും ഒരുമിച്ച് മാത്രമേ പിന്നീട് സ്ട്രോങ് റൂം തുറക്കാനാകൂ.
വോട്ടെണ്ണൽ ദിവസം ഇരുവരുടെയും സാന്നിധ്യത്തിൽ മാത്രമേ മുറി തുറക്കാൻ പാടുള്ളൂ എന്നതാണ് ചട്ടം. എന്നാൽ, ബംഗാളിലും അസമിലുമൊക്കെ ചെയ്യുന്നതുപോലെ രണ്ട് താക്കോലുകളും ഒന്നിച്ച് സീൽ ചെയ്തു വെക്കണമെന്ന് കേന്ദ്ര നിരീക്ഷകനായ രഞ്ജൻ കുമാർ സിൻഹ നിർദേശിച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്.
ഇതിനെതിരെ ഏറ്റുമാനൂരിലെ സ്ഥാനാർഥിയും ഡിസിസി അധ്യക്ഷനുമായ നാട്ടകം സുരേഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കളക്ടർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും പരാതി നൽകി. ഇതിൽ അട്ടിമറി ശ്രമമുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ കളക്ടർ പഴയ രീതിയിൽ തന്നെ താക്കോലുകൾ ഉദ്യോഗസ്ഥർക്ക് കൈമാറാനും നിർദേശിച്ചു.
കളക്ടറുടെ ഈ നിർദേശം നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ കോളേജിലെത്തിയപ്പോഴാണ് സിഐഎസ്എഫ് സൈനികർ അവർക്കുനേരെ തോക്ക് ചൂണ്ടിയത്. കളക്ടറും കേന്ദ്ര നിരീക്ഷകനും നേരിട്ട് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. സംഭവത്തിന് പിന്നാലെ ജില്ലയിലെ മറ്റ് സ്ട്രോങ്ങ് റൂമുകളിലും കളക്ടർ പരിശോധന നടത്തി. തർക്കങ്ങൾ പരിഹരിച്ചതായും അധികൃതർ അറിയിച്ചു.
Post a Comment