ഇന്ദിര ഗ്യാരന്റിയില്‍ ഊന്നി യുഡിഎഫ് പ്രകടന പത്രിക; സൗജന്യ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ധിപ്പിക്കും
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വമ്പന്‍ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. ഇന്ദിര ഗ്യാരന്റി ഉറപ്പാക്കി യുഡിഎഫിന്റെ പ്രകടന പത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പുറത്തിറക്കിയത്. ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്നതുതന്നെയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്.
രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഗാരന്റികള്‍ക്കാണ് യുഡിഎഫ് പ്രകടനപത്രികയില്‍ മുന്‍ഗണന. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അവകാശമായി പ്രഖ്യാപിക്കും. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം, ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ധിപ്പിക്കും, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ 5 ലക്ഷം, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് മുഴുവന്‍ ഇന്ദിരാ കാന്റീന്‍ പദ്ധതി വ്യാപിപ്പിക്കുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കി റബര്‍ താങ്ങുവില 300 രൂപയാക്കുമെന്നും ആശാവര്‍ക്കര്‍മാരുടെ പ്രതിദിന വേതനം 700 രൂപയാക്കി ഉയര്‍ത്തുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചു. ക്യാമ്പസുകളിലെ റാഗിംഗ് തടയുന്നതിനായി, പൂക്കോട് ക്യാമ്പസില്‍ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥിന്റെ പേരില്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്നും യുഡിഎഫിന്റെ പ്രകടന പത്രികയിലുണ്ട്. ദേവസ്വം ബോര്‍ഡിനെ അഴിമതി മുക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സമാധാനവകുപ്പും സഹിഷ്ണുതാ വകുപ്പും രൂപീകരിക്കുമെന്നും ഐക്യമുന്നണി ഉറപ്പുനല്‍കുന്നു.
Post a Comment