തൊഴിലുറപ്പുണ്ട്, കൂലി ഉറപ്പില്ല; ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി ഇനത്തില്‍ കിട്ടാനുള്ളത് 21.76 കോടി
കണ്ണൂർ: ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി ഇനത്തില്‍ കിട്ടാനുള്ളത് 21,76,20,503 രൂപ.2025 ഒക്ടോബർ 20 മുതല്‍ 2026 മാർച്ച് ഒൻപത് വരെ ജോലി ചെയ്തതിന്റെ കൂലിയാണ് ഇത്രയും. കേന്ദ്രസർക്കാർ തുക അനുവദിക്കാത്തതാണ് കൂലി കുടിശികയാവാൻ കാരണമെന്നാണ് പറയപ്പെടുന്നത്.
തൊഴിലുറപ്പ് തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം 369 രൂപയാണ്. 2025-26 സാമ്പത്തിക വർഷത്തില്‍ 77,740 കുടുബങ്ങളില്‍ നിന്നായി 83,577 തൊഴിലാളികളാണ് പദ്ധതിയില്‍ ജോലി ചെയ്തത്. ഈ കാലയളവില്‍ 40,26,894 തൊഴില്‍ ദിനങ്ങളാണ് നല്‍കിയത്. ചുരുങ്ങിയത് നൂറു ദിവസം പണിയെടുത്ത 9,839 കുടുബങ്ങള്‍ വരും. തൊഴിലുറപ്പ് തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളും പ്രായമായവരുമാണ്. തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ച് കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നവരാണ് കൂടുതലും. രാജ്യത്തെ ഗ്രാമീണ മേഖലയിലുള്ളവർക്ക് തൊഴില്‍ നല്‍കി അത് വഴി ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2005ലാണ് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവില്‍ വന്നത്. ഗ്രാമത്തിലെ ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതായിരുന്നു പദ്ധതി.
സംസ്ഥാനത്ത് 14 ലക്ഷം പേരുടെ കൂലി കുടിശ്ശിക
2025 മാർച്ച് പകുതി വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തിലെ 14 ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാർ വേതന ഇനത്തില്‍ 695 കോടി രൂപയും, സാധനസാമഗ്രികളുടെ വിലയായി 260 കോടി രൂപയും സംസ്ഥാനത്തിന് നല്‍കാനുണ്ട്.കൊവിഡിനു ശേഷം ഗ്രാമീണമേഖലയില്‍ തൊഴിലുറപ്പിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ വർദ്ധനവ് പരിഗണിക്കാതെയാണ് ഇക്കാലയളവില്‍ ബഡ്ജറ്റ് വിഹിതം ഉണ്ടായത്. ചിലവിന് ആനുപാതികമായി ബഡ്ജറ്റ് വിഹിതം ഉയർത്താത്തതും ഓരോ ബഡ്ജറ്റിലും മുൻ വർഷത്തെ കുടിശിക തീർക്കാൻ വിഹിതം വിനിയോഗിക്കേണ്ടതും തൊഴിലുറപ്പ് പദ്ധതിയെ അവതാളത്തിലാക്കുന്നുണ്ട്.
ഭേദഗതിയോടെ നഷ്ടപരിഹാരത്തിന് വകുപ്പില്ലാതായി
തൊഴില്‍ ചെയ്താല്‍ ഏഴുമുതല്‍ 14 ദിവസത്തിനകം കൂലി നിർബന്ധമായും കൊടുക്കണമെന്നാണ് തൊഴിലുറപ്പ് നിയമം പറയുന്നത്. ഇല്ലെങ്കില്‍ വേതനം താമസിച്ചതിനുള്ള നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ കേന്ദ്രസർക്കാരിന്റെ ഭേദഗതി പ്രകാരം കേന്ദ്രപൂളില്‍ തുക ഇല്ലെങ്കില്‍ നഷ്ടപരിഹാരത്തിന് അവകാശമില്ല.മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീണ്‍) എന്ന് മാറ്റിയതും ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Post a Comment