പാചകാവതകം ലഭിക്കാത്തതിനാൽ ഹോട്ടലുകൾ അടഞ്ഞു; കേരളത്തോട് ഗുഡ്‌ബൈ പറഞ്ഞ് ഭായിമാര്‍; രണ്ട് ലക്ഷത്തോളം ഉണ്ടായിരുന്നവരില്‍ ഭൂരിപക്ഷവും സംസ്ഥാനം വിട്ടു
തിരുവനന്തപുരം: പാചകവാതക ലഭ്യതക്കുറവ് രൂക്ഷമാകവേ വൻ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ ഹോട്ടല്‍ മേഖല. സംസ്ഥാനത്തെ പകുതിയിലേറെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പൂട്ടിയ നിലയിലാണ്.
ഇതോടെ ഇവിടങ്ങളില്‍ ജോലി ചെയ്യുകയായിരുന്ന ഭൂരിപക്ഷം അതിഥിത്തൊഴിലാളികളും നാട്ടിലേയ്ക്ക് മടങ്ങി. പാചകവാതക ക്ഷാമം പരിഹരിച്ചാലും ജോലി ചെയ്യാൻ ആളില്ലാത്തത് പ്രതിസന്ധി തീർക്കുകയാണ്.
ആസൂത്രണബോർഡിന്റെ റിപ്പോർട്ടനുസരിച്ച് ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലയില്‍ ഏകദേശം മൂന്നരലക്ഷമാണ് മൊത്തം തൊഴിലാളികള്‍. ഇവരില്‍ 1.70 ലക്ഷമാണ് അതിഥിത്തൊഴിലാളികള്‍. ഇവരില്‍ ഭൂരിപക്ഷവും പശ്ചിമബംഗാള്‍, ആസാം സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
കേരളത്തില്‍ നിലവില്‍ 60,000 റെസ്റ്റോറന്റുകളും 20,000 താമസ സൗകര്യമുള്ള ഹോട്ടലുകളുമാണുള്ളത്. സധാരണ ഹോട്ടലുകളും തട്ടുകടകളും കൂടി ചേർത്താല്‍ ഒന്നേക്കാല്‍ ലക്ഷത്തോളം ഭക്ഷണശാലകളാണുള്ളത്. ഇതില്‍ പകുതിയും പൂട്ടിയ നിലയിലാണിപ്പോള്‍. ഭാഗികമായി എല്‍പിജി ലഭിച്ചുവെങ്കിലും തൊഴിലാളിക്ഷാമം ആശങ്ക വർദ്ധിപ്പിക്കുന്നുവെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ പറയുന്നു.
എല്‍പിജി ക്ഷാമത്തിന്റെ ഫലമായി കേരളത്തിലെ ടൂറിസം മേഖല പൂർണമായി നിലച്ചെന്ന് കേരള ടൂറിസം ഡെവലപ്പ്‌മെന്റ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്‌ണകുമാർ പറഞ്ഞു. ഈദ്, എസ്‌ഐർആർ ഫോം പൂരിപ്പിക്കല്‍, നിയമസഭാ തിരഞ്ഞെടുപ്പ്, പാചകവാതക പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാല്‍ അതിഥിത്തൊഴിലാളികളില്‍ നല്ലൊരുപങ്കും സ്വദേശങ്ങളിലേയ്ക്ക് മടങ്ങിയെന്ന് സെന്റർ ഫോർ മൈഗ്രേഷൻ ആന്റ് ഇൻക്ളൂസീവ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ.ബിനോയ് പീറ്റർ പറഞ്ഞു.
Post a Comment