Join News @ Iritty Whats App Group

'സഹായം ചോദിച്ച് ബിന്ദു വിളിച്ചിരുന്നു, പറഞ്ഞ കാര്യങ്ങൾ വിവരിക്കുന്നത് ശരിയല്ല'; സ്ഥിരീകരിച്ച് ആര്‍ ശ്രീലേഖ

'സഹായം ചോദിച്ച് ബിന്ദു വിളിച്ചിരുന്നു, പറഞ്ഞ കാര്യങ്ങൾ വിവരിക്കുന്നത് ശരിയല്ല'; സ്ഥിരീകരിച്ച് ആര്‍ ശ്രീലേഖ


തിരുവനന്തപുരം: ​ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദുമേനോൻ തന്നെ വിളിച്ചെന്ന കാര്യം സ്ഥിരീകരിച്ച് ആർ ശ്രീലേഖ. സഹായം ചോദിച്ച് ബിന്ദു വിളിച്ചിരുന്നുവെന്നും ബിന്ദു പറഞ്ഞ കാര്യങ്ങൾ വിവരിക്കുന്നത് ശരിയല്ലെന്നും ആർ ശ്രീലേഖ   പ്രതികരിച്ചു. പൊലീസിന്റെ സഹായം തേടാൻ താൻ നിർദ്ദേശിച്ചു. സെൻസിറ്റീവ് ഇഷ്യുവെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും ശ്രീലേഖ പറഞ്ഞു.

’ശനിയാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒന്നര രണ്ട് മണി സമയത്ത് ബിന്ദു വിളിച്ചിരുന്നു. ബിന്ദു എന്നോട് പറഞ്ഞു ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന്. ഇതാണ് സംഭവമെന്നും പറഞ്ഞു. അത് ഞാനിവിടെ വിവരിക്കുന്നത് ശരിയല്ലാത്തത് കൊണ്ട് പറയുന്നില്ല. ബിന്ദു എന്നോട് എന്താ ചേച്ചി ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ‍ഞാൻ പറഞ്ഞു, മോളേ 112 വിളിക്കൂ. പൊലീസിനെ വരുത്തൂ, അവര്‍ ഹെൽപ് ചെയ്യും എന്ന് പറഞ്ഞു. അതാണ് ഉണ്ടായത്. പൊലീസ് വന്നിട്ടും സംസാരിച്ചിരുന്നു. പിന്നെന്താണ് ഉണ്ടായതെന്ന് ഞാൻ പറയുന്നില്ല. അത് ബിന്ദുവിന്‍റെ കാര്യമാണല്ലോ. ഇഷ്യൂ സെന്‍സിറ്റീവാണ്.' ആര്‍ ശ്രീലേഖ   പ്രതികരിച്ചതിങ്ങനെ.

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ചിരിക്കുന്നത്. ഗണേഷിനെ കാണാൻ പറ്റാത്ത സാഹചര്യത്തിൽ കണ്ടെന്നാണ് ഭാര്യ ബിന്ദുവിന്‍റെ ആരോപണം. ശനിയാഴ്ച ഉച്ചയ്ക്ക് വാളകത്തെ കുടുംബവീട്ടിൽ വെച്ചാണ് സംഭവം. ഫോട്ടോ എടുത്തപ്പോള്‍ സന്തത സഹചാരികള്‍ തട‍ഞ്ഞുവെക്കുകയും മൊബൈൽ കൈക്കലാക്കുകയും ചെയ്തു. പൊലീസിനെ വിളിച്ചു വരുത്തിയിട്ടും പ്രശ്നത്തിൽ ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. അന്നേ ദിവസം നടന്ന സംഭവത്തെക്കുറിച്ചും ബിന്ദു മേനോൻ  വിശദമാക്കി.

വാളകത്തെ വീട്ടിലേക്ക് പോയത് മുൻകൂട്ടി അറിയിക്കാതെയാണ്. അവിടെ മോശമായ സാഹചര്യത്തിൽ ഗണേഷ് കുമാറിനെ കണ്ടു. അവിടെ നിന്ന് ഫോട്ടോകള്‍ എടുത്തെന്നും സന്തതസഹചാരികള്‍ ഫോണ്‍ കൈക്കലാക്കിയെന്നും ബിന്ദു പറഞ്ഞു. തുടര്‍ന്നാണ് താൻ  ബന്ധുവായ ആര്‍ ശ്രീലേഖയെ സഹായത്തിന് വിളിച്ചത്. ശ്രീലേഖ പറഞ്ഞത് പോലെ പൊലീസിനെ വിളിച്ചെന്നും എന്നാൽ പൊലീസ് ഇടപെടാൻ തയ്യാറായില്ലെന്നും ബിന്ദു ആരോപിച്ചു.

ഗണേഷിന്‍റെ സന്തത സഹചാരികള്‍ പൊലീസിനെ തടയാൻ ശ്രമിച്ചെന്ന് പൊലീസിനെതിരെയും ബിന്ദു ആരോപിച്ചു. പൊലീസ് വരും മുൻപേ അവിടെയുണ്ടായിരുന്ന സ്ത്രീയെ കാറിൽ കയറ്റി മാറ്റി. തങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമല്ലെന്ന് പൊലീസ് പറഞ്ഞു. ഗണേഷിൽ നിന്ന് ഉപദ്രവവും അപമാനവും നേരിട്ടിരുന്നതായും ഭാര്യ ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുൻപും തന്നെ ഉപദ്രവിച്ചിച്ചിട്ടുണ്ട്. രണ്ട് മാസമായി അകന്നാണ് കഴിയുന്നത്. ഗണേഷിന് പല സ്ത്രീകളുമായും ബന്ധമുണ്ടെന്ന് പറഞ്ഞ ബിന്ദു തനിക്ക് സംശയരോഗമെന്ന് പ്രചരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി. രണ്ട് മാസമായി ഗണേഷ് കുമാര്‍ ഫോണിൽ തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകളോട് വിവരങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും ബിന്ദു വെളിപ്പെടുത്തി.

Post a Comment

Previous Post Next Post
Join Our Whats App Group