Join News @ Iritty Whats App Group

‘എത്ര പേരെ പ്രണയിക്കുന്നു, ബന്ധപ്പെടുന്നു എന്നത് അയാളുടെ വ്യക്തിപരമായ കാര്യം, പക്ഷേ ഇത് ഒരു സ്ത്രീയുടെ പരാതിയാണ്; മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്റ്റാഫാണ് ആക്രമിച്ചത്; പൊലീസ് നിലപാട് പരിതാപകരം, മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് വി ഡി സതീശന്‍

‘എത്ര പേരെ പ്രണയിക്കുന്നു, ബന്ധപ്പെടുന്നു എന്നത് അയാളുടെ വ്യക്തിപരമായ കാര്യം, പക്ഷേ ഇത് ഒരു സ്ത്രീയുടെ പരാതിയാണ്; മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്റ്റാഫാണ് ആക്രമിച്ചത്; പൊലീസ് നിലപാട് പരിതാപകരം, മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് വി ഡി സതീശന്‍


ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായി മന്ത്രിയുടെ ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ഗുരുതരമായ പരാതിയില്‍ പൊലീസിനെയും മുഖ്യമന്ത്രിയെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടും പരാതിക്കാരിയെ സഹായിക്കാതെ അവരെ ഉപേക്ഷിച്ചു മടങ്ങിപ്പോയത് പരിതാപകരമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. മന്ത്രിയുടെ ഭാര്യയായതുകൊണ്ട് പൊലീസ് പേടിച്ച് ഓടിയതാണോ എന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവ് പൊലീസ് നടപടിയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഈ മന്ത്രിസഭയ്ക്ക് ഇത്തരം സംഭവങ്ങള്‍ നാണക്കേടാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങളോട് മറുപടി പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോനെ മുറിയില്‍ അടച്ചുപൂട്ടി. അവര്‍ പൊലീസിനെ വിളിക്കുകയും പൊലീസ് എത്തുകയും ചെയ്തു. എന്നിട്ട് പൊലീസ് എന്താണ് ചെയ്തത് എന്നും വി ഡി സതീശന്‍ ചോദിച്ചു. ബിന്ദു മേനോന് എന്താണ് പറ്റിയത്, അവരെ ആരെങ്കിലും ആക്രമിച്ചോ, അവര്‍ക്ക് പരിക്കേറ്റോ ഇതൊന്നും അന്വേഷിക്കുകയോ അവരെ അവിടെ നിന്ന് രക്ഷപ്പെടുത്താനോ പൊലീസ് ശ്രമിച്ചില്ലെന്നും . ഏത് സ്ത്രീക്കാണ് ഈ പോലീസിനെ കൊണ്ട് സുരക്ഷ കിട്ടുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.

പരാതിക്കാരിയായ സ്ത്രീയെ പൊലീസ് ഉപേക്ഷിച്ച് പോകുകയാണ്. ഇത് എന്തൊരു പരിതാപകരമായ അവസ്ഥയാണെന്നും ഇത് എന്തൊരു മന്ത്രിസഭയാണെന്നും വി.ഡി. സതീശന്‍ ചോദിച്ചു. ഇവര്‍ക്ക് നാണമില്ലെങ്കിലും കേള്‍ക്കുന്നവര്‍ക്ക് നാണമായിട്ട് വയ്യെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഇത്തരം പ്രശ്‌നങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം എടുത്ത ഒരു നിലപാടുണ്ടെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രി എന്ത് പറയുന്നു എന്ത് നടപടി സ്വീകരിക്കുന്നു എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

മന്ത്രിമാരുടെ ഭാര്യമാരോട് പോയി ഭര്‍ത്താവിനെതിരെ പരാതി പറയണമെന്ന് പറയലല്ല യുഡിഎഫിന്റെ പണിയെന്നും ഇത് അവരുടെ കുടുംബത്തില്‍ ഉണ്ടായ ഒരു സംഭവമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ എത്ര പേരെ പ്രണയിക്കുന്നു എത്രപേരുമായി ബന്ധപ്പെടുന്നു എന്നത് അയാളുടെ വ്യക്തിപരമായ കാര്യമാണ്. അതിലൊന്നും തങ്ങള്‍ ഇടപ്പെടുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പക്ഷേ ഇത് ഒരു സ്ത്രീയുടെ പരാതിയാണെന്ന് കൂടി ഓര്‍മ്മിപ്പിച്ചു. ഒരു സ്ത്രീയെ മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്റ്റാഫാണ് ആക്രമിച്ചതെന്നും പൊലീസ് നിലപാട് പരിതാപകരമാണെന്നും സതീശന്‍ പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group