സ്ത്രീസുരക്ഷയ്ക്ക് കരുത്തുപകരാൻ പോലീസിന്റെ 'നിര്‍ഭയ നിശ'; കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു, വനിതകളുടെ നൈറ്റ് വാക്കും സംഘടിപ്പിച്ചു
കണ്ണൂർ: രാത്രികാലങ്ങളില്‍ ജോലി, പഠനം, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച 'നിർഭയ നിശ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കണ്ണൂരില്‍ നടന്നു.
കണ്ണൂർ സിറ്റി പോലീസിന്റെ ആഭിമുഖ്യത്തില്‍ രാത്രി ഏഴിന് കണ്ണൂർ പോലീസ് സിന്തറ്റിക് ട്രാക്കില്‍ വെച്ചാണ് പരിപാടികള്‍ നടത്തിയത്.
രാത്രി 9 മണി മുതല്‍ പുലർച്ചെ 5 മണി വരെയുള്ള സമയങ്ങളില്‍ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവർക്കും വാഹന സൗകര്യം ലഭ്യമല്ലാത്തവർക്കും സുരക്ഷിതമായ യാത്രയൊരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അടിയന്തര സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് വേഗത്തില്‍ പോലീസ് സഹായം ലഭ്യമാക്കുന്നതിനായി 112 ഹെല്‍പ് ലൈൻ, Pol App-ലെ SOS ബട്ടണ്‍, പിങ്ക് പട്രോള്‍, ഹൈവേ പട്രോള്‍ എന്നിവയുടെ സേവനം ഈ പദ്ധതിയിലൂടെ ഏകോപിപ്പിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വനിതകളുടെ 'നൈറ്റ് വാക്ക്' (Night Walk) സംഘടിപ്പിച്ചു. സിന്തറ്റിക് ട്രാക്കില്‍ നിന്ന് ആരംഭിച്ച് നഗര പ്രദക്ഷിണം നടത്തി തിരികെ ട്രാക്കില്‍ തന്നെ അവസാനിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നവർക്ക് ലഘുഭക്ഷണവും വെള്ളവും കല്യാണ്‍ സ്പോണ്‍സർ ചെയ്ത ഗിഫ്റ്റും വിതരണം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി.പി. ഇന്ദിര പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐ.പി.എസ് നൈറ്റ് വാക്ക് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ . ഷൈനി ഡി., തായത്തെരു വാർഡ് കൗണ്‍സിലർ ലിഷ ദീപക് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കണ്ണൂർ വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ധന്യാ കൃഷ്ണൻ സ്വാഗതം പറഞ്ഞു. കണ്ണൂർ ടൗണ്‍ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപ്തി വി. വി 'നിർഭയ നിശ' പദ്ധതിയെ കുറിച്ച് സംസാരിച്ചു. ചടങ്ങില്‍ മദേർസ് ആർമി അംഗങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങള്‍, ധനലക്ഷ്മി നഴ്സിംഗ് കോളേജ് വിദ്യാർത്ഥികള്‍, പോലീസ് ഫാമിലി ക്വാർട്ടേഴ്‌സ് അംഗങ്ങള്‍, പോലീസ് സേനാംഗങ്ങള്‍ എന്നിവർ പങ്കെടുത്തു.
Post a Comment