Join News @ Iritty Whats App Group

പതിനഞ്ചുകാരിയെ എട്ടുപേര്‍ പീഡിപ്പിച്ചെന്ന സംഭവം കെട്ടുകഥ; പ്രണയപ്പകയിലെ പ്രതികാരം

പതിനഞ്ചുകാരിയെ എട്ടുപേര്‍ പീഡിപ്പിച്ചെന്ന സംഭവം കെട്ടുകഥ; പ്രണയപ്പകയിലെ പ്രതികാരം


ലശേരി: കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ നഗരത്തില്‍ പത്താം ക്ലാസ് വിദ്യാർഥിനിയായ പതിനഞ്ചുകാരിയെ എട്ടംഗ സംഘം പീഡിപ്പിച്ച സംഭവം കെട്ടുകഥ.എഫ്‌ഐആർ രജിസ്റ്റർ ചെയ്തു രണ്ടുപേരെ പിടികൂടിയ പോലീസ് ഒടുവില്‍ ത്രിശങ്കുവിലായി.

പ്രണയപ്പകയാണ് സംഭവത്തിനു പിന്നിലെന്ന പെണ്‍കുട്ടിയുടെ തുടർമൊഴി കണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള ഉദ്യാഗസ്ഥർ അമ്പരന്നു. പെണ്‍കുട്ടിയുടെ ആദ്യ മൊഴി പ്രകാരം പ്രതി സ്ഥാനത്തേക്ക് എത്തുമായിരുന്ന എട്ട് യുവാക്കളും അവരുടെ കുടുംബങ്ങളുമാണ് മൂന്നു ദിവസം മുള്‍മുനയില്‍ നിന്നത്. ആ കുടുംബങ്ങള്‍ എല്ലാം അപമാനത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

കെട്ടുകഥ ഇങ്ങനെ

ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകർത്തിയ ശേഷം പെണ്‍കുട്ടിയെ തന്റെ മറ്റ് സുഹൃത്തുക്കള്‍ക്കു കാഴ്ചവയ്ക്കുകയും ചെയ്തുവെന്നായിരുന്നു പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ ആദ്യ മൊഴി.

രണ്ടര മാസം പീഡനത്തിനിരയായെന്നും ഇതിനെത്തുടർന്ന് പെണ്‍കുട്ടി നഗരമധ്യത്തില്‍ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്കു ശ്രമിച്ചുവെന്നുമായിരുന്നു പോലീസിനു ലഭിച്ച വിവരം. വിഷയം അതീവ ഗൗരവത്തിലെടുത്ത പോലീസ് സംഭവത്തില്‍ മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്. അന്നുതന്നെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.

റെയ്ഡ്, തെരച്ചില്‍

മറ്റ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായും ഇവരെ പിടികൂടാൻ വ്യാപകമായ റെയ്ഡ് നടത്തുകയും ചെയ്തു. കണ്ണൂർ പയ്യാമ്പലം, മാഹി തുടങ്ങിയ സ്ഥലങ്ങളില്‍ കാറില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു മൊഴി. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കി.

പെണ്‍കുട്ടി പറഞ്ഞ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ കോള്‍ റിക്കർഡുകളും പോലീസ് ശേഖരിച്ചു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം നടന്നതായി കണ്ടെത്താനോ സിസിടി വി ദൃശ്യങ്ങളിലും കോള്‍ റിക്കാർഡുകളിലും പെണ്‍കുട്ടി പറഞ്ഞ ദിവസങ്ങളിലും സമയത്തും പെണ്‍കുട്ടി പറഞ്ഞ സ്ഥലങ്ങളില്‍ പ്രതികളുടെയോ പെണ്‍കുട്ടിയുടെയോ സാന്നിധ്യം കണ്ടെത്താനുമായില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടി പറഞ്ഞത് കെട്ടുകഥയാണെന്ന് പോലീസിനു ബോധ്യപ്പെട്ടത്.

പ്രണയപ്രതികാരം

ഇരുപത്തിരണ്ടുകാരനായ ആണ്‍സുഹൃത്ത് തന്നോടുള്ള ഇഷ്ടം ഉപേക്ഷിക്കുകയും മറ്റൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാകുകയും ചെയ്തതിന്റെ വിരോധത്തില്‍ ആണ്‍സുഹൃത്തിനെയും സുഹൃത്തുക്കളെയും കുടുക്കാനാണ് പീഡനകഥ മെനഞ്ഞതെന്നു പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. ഇതോടെ കസ്റ്റഡിയിലുണ്ടായിരുന്ന യുവാക്കളെ പോലീസ് വിട്ടയച്ചു.

മാളില്‍ വച്ച്‌ പരിചയപ്പെട്ടു പ്രണയത്തിലായ യുവാവിനോടും കൂട്ടുകാരോടുമാണു പെണ്‍കുട്ടി പ്രണയപ്പക തീർക്കാൻ ശ്രമിച്ചത്. നിലവില്‍ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളില്‍ പെണ്‍കുട്ടിയുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടെ കോടതിക്കു റിപ്പോർട്ട് നല്‍കാനുള്ള ഒരുക്കത്തിലാണ് പോലീസ്.

Post a Comment

Previous Post Next Post
Join Our Whats App Group