Join News @ Iritty Whats App Group

ഖമനെയിയെ വധിച്ചത് മൊസാദിന്‍റെ 'സൈബർ ബോംബിങ്'; ട്രാഫിക് ക്യാമറകള്‍ ഹാക്ക് ചെയ്‍ത് വിവരങ്ങള്‍ ചോർത്തിയുള്ള ആക്രമണം! വർഷങ്ങളുടെ ഗൂഢാലോചന

ഖമനെയിയെ വധിച്ചത് മൊസാദിന്‍റെ 'സൈബർ ബോംബിങ്'; ട്രാഫിക് ക്യാമറകള്‍ ഹാക്ക് ചെയ്‍ത് വിവരങ്ങള്‍ ചോർത്തിയുള്ള ആക്രമണം! വർഷങ്ങളുടെ ഗൂഢാലോചന


ടെഹ്റാന്‍:ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയെ ഇസ്രയേല്‍ വധിച്ചത് സൈബർ വഴിയിലൂടെയുള്ള നീക്കത്തിനെടുവില്‍. ആയത്തുള്ള അലി ഖമനെയിയുടെയും അദേഹത്തിന്‍റെ സുരക്ഷാ വിഭാഗത്തിന്‍റെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ഇസ്രയേല്‍ വർഷങ്ങളായി ഇറാനിലെ ട്രാഫിക് ക്യാമറകള്‍ ഹാക്ക് ചെയ്യുകയും മൊബൈല്‍ ടവറുകളില്‍ കൃത്രിമത്വം കാട്ടുകയും ചെയ്‍തതിരുന്നതായി രാജ്യാന്തര മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയെ വധിക്കാന്‍ അമേരിക്കന്‍ സഹായത്തോടെ ഇസ്രയേല്‍ ചാരസംഘടന മൊസാദ് എങ്ങനെയാണ് പദ്ധതിയിട്ടത് എന്ന് വെളിവാക്കുന്നതാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്‍റെ ഈ റിപ്പോർട്ട്

ഖമനെയിയെ കൊലപ്പെടുത്താന്‍ വർഷങ്ങളോളം ട്രാഫിക് ക്യാമറകള്‍ ഹാക്ക് ചെയ്തുള്ള നീക്കം

നിലവിലെയും മുമ്പത്തെയും ഇസ്രയേല്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരെയും, ആയത്തുള്ള അലി ഖമനെയി വധിക്കപ്പെട്ട ഇപ്പോഴത്തെ ഇസ്രയേല്‍ ഓപ്പറേഷനെ കുറിച്ച് വ്യക്തമായ അറിവുള്ളവരുമായ ആളുകളെയും ഉദ്ദരിച്ചാണ് ഫിനാന്‍ഷ്യല്‍ ടൈംസ് ഈ വാർത്ത തയ്യാറാക്കിയിരിക്കുന്നത്. ഖമനെയിയെ ട്രാക്ക് ചെയ്യുന്നതിന്‍റെ ഭാഗമായി ഇറാന്‍ തലസ്ഥാനമായ ടെഹ്‍റാനിലെ ഒട്ടുമിക്ക ട്രാഫിക് ക്യാമറകളും വർഷങ്ങളായി ഇസ്രയേല്‍ ഹാക്ക് ചെയ്തിരുന്നതായാണ് വിവരം. ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് ടെൽ അവീവിലും തെക്കൻ ഇസ്രായേലിലും സ്ഥിതിചെയ്യുന്ന സെർവറുകളിലേക്ക് കൈമാറിയിരുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസിന്‍റെ വാർത്തയില്‍ പറയുന്നു. ഇതിലൊരു ക്യാമറയിലെ ദൃശ്യങ്ങള്‍ ഇസ്രയേലിന് വളരെയധികം സഹായകമായി. ആയത്തുള്ള അലി ഖമനെയിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങള്‍ എവിടെയാണ് പാർക്ക് ചെയ്യുന്നതെന്നും, ഖമനെയിയുടെ വസതിയുടെ കോമ്പൗണ്ടിനുള്ളില്‍ നടക്കുന്ന ദിനചര്യകള്‍ എന്തൊക്കെയെന്നും കൃത്യമായി ഇസ്രയേലിന് മനസിലാക്കാന്‍ ഈ ക്യാമറയിലെ വിവരങ്ങളില്‍ നിന്നായതായും വാർത്തയില്‍ വിശദീകരിക്കുന്നു. സമാനമായി, ആയത്തുള്ള അലി ഖമനെയിയുടെ കൊട്ടാരത്തിന് പരിസരത്തെ ഒരു ഡസനിലേറെ മൊബൈല്‍ ടവറകളുടെ നിയന്ത്രണവും ഇസ്രയേല്‍ ചാരന്‍മാർ കൈക്കലാക്കിയിരുന്നു.

ആയത്തുള്ള അലി ഖമനെയിയുടെ ദിനചര്യകള്‍ അമേരിക്കന്‍, ഇസ്രയേല്‍ ഇന്‍റലിജന്‍സ് വ്യക്തമായി മനസിലാക്കിയിരുന്നു എന്നാണ് യുഎസ് മാധ്യമമായ സിഎന്‍എന്നിന്‍റെ റിപ്പോർട്ട്. ഖമനെയി എവിടെയാക്കെ തങ്ങുന്നു, ആരെയൊക്കെ കാണുന്നു, എങ്ങനെയാണ് ആളുകളുമായി ബന്ധപ്പെടുന്നത്, ഒരു ആക്രമണ ഭീഷണി വരുമ്പോള്‍ ഖമനെയി എങ്ങോട്ട് മറയുന്നു തുടങ്ങിയ വിവരങ്ങള്‍ യുഎസ്, ഇസ്രയേല്‍ ഇന്‍റലിജന്‍സിന് കൃത്യമായി അറിയാമായിരുന്നു എന്നാണ് ഈ വാർത്തയില്‍ പറയുന്നത്. ആയത്തുള്ള അലി ഖമനെയിക്ക് പുറമെ മറ്റ് മുതിർന്ന ഇറാന്‍ നേതാക്കളെയും പട്ടാള ഉദ്യോഗസ്ഥരെയും ഇസ്രയേലും അമേരിക്കയും ചേർന്ന് ട്രാക്ക് ചെയ്തിരുന്നു. ഇവരെല്ലാം അപൂർവമായി മാത്രമായിരുന്നു ഒരിടത്ത് ഒത്തുചേർന്നിരുന്നത്.

ആക്രമണം ആദ്യം നിശ്ചയിച്ചത് രാത്രി നടത്താന്‍, പിന്നെന്തിന് പകലാക്കി?

ഇറാന്‍റെ പരമോന്നത നേതാവിന്‍റെയും പ്രസിഡന്‍റിന്‍റെയും ദേശീയ സുരക്ഷാ സംവിധാനത്തിന്‍റെയും ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ടെഹ്‌റാൻ കോമ്പൗണ്ടിലെ പ്രത്യേക സ്ഥലങ്ങളിൽ ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ഖമനെയി ഉൾപ്പെടെയുള്ള ഇറാനിയൻ ഉന്നതർ യോഗം ചേരാൻ തീരുമാനിച്ചിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് രാത്രി നടത്താനിരുന്ന മിന്നലാക്രമണം ഇസ്രയേലും യുഎസും പകല്‍ സമയത്തേക്ക് മാറ്റിയത്. ഇസ്രയേലിലെ പ്രാദേശിക സമയം രാവിലെ 6 മണിയോടെ, യുഎസ്-ഇസ്രയേല്‍ യുദ്ധവിമാനങ്ങൾ ഈ കോമ്പൗണ്ടിനുള്ളിലേക്ക് ബോംബുകള്‍ വർഷിച്ച് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയെയും റെവല്യൂഷണറി ഗാർഡ് മേധാവി ഉൾപ്പെടെ 40-ഓളം മുതിർന്ന ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തുകയായിരുന്നെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഇസ്രയേലി സൈനിക ഉദ്യോഗസ്ഥൻ വാർത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group