ലോകം കീഴടക്കി സഞ്ജു വരുന്നു, ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
തിരുവവന്തപുരം: തിരുവവന്തപുരം: ലോകകപ്പിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജുവിന് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നൽകുകയെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നമ്മുടെ സഞ്ജു ആണല്ലോ, ലോകത്തെമ്പാടുമുള്ള കായികപ്രേമികൾ ശ്രദ്ധിക്കുന്ന വ്യക്തിത്വമായി സഞ്ജു ഇപ്പോള്‍ മാറിയിരിക്കുന്നു. കേരളത്തിന്‍റെ പുത്രനാണ്. കുറെ നാളുകളായി അവസരങ്ങൾ നഷ്ടപ്പെട്ട വ്യക്തിയാണ് സഞ്ജു. സഞ്ജുവിന്‍റെ വലിയ ആത്മാർത്ഥതയും പരിശ്രമവും കൊണ്ടാണ് ലോകത്തോളം വളർന്നത്. ആ നേട്ടത്തില്‍ സഞ്ജുവിനെ സംസ്ഥാന സർക്കാർ അഭിനന്ദിക്കുന്നു
കേരളത്തിലെത്തുന്ന സഞ്ജുവിന് തിരുവനന്തപുരത്ത് സ്വീകരണം നൽകും. ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് സഞ്ജുവിന്‍റെ പിതാവിനെ കാണും. രാവിലെ സഞ്ജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും കഴിഞ്ഞില്ലെന്നും ശിവന്‍ കുട്ടി പറഞ്ഞു. ടി20 ലോക കപ്പ് ഫൈനലിലും സെമിയിലും വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന സൂപ്പര്‍ 8 മത്സരത്തിലും ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു സഞ്ജു.
ലോകകപ്പ് റണ്‍വേട്ടയില്‍ വെറും അഞ്ച് മത്സരങ്ങള്‍ കളിച്ചാണ് 321 റണ്‍സുമായി സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ അഭിഷേക് ശര്‍മ അസുഖബാധിതനായപ്പോള്‍ മാത്രം നമീബിയക്കെതിരെ അവസരം ലഭിച്ച സഞ്ജുവിന് പിന്നീടുള്ള മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.
എന്നാല്‍ സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റ് സെമി സാധ്യതകള്‍ തുലാസിലായതോടെയാണ് സഞ്ജുവിനെ വീണ്ടും ഓപ്പണറായി പരീക്ഷിക്കാന്‍ ടീം മാനേജ്മെന്‍റ് തയാറായത്. സിംബാബ്‌വെക്കിതെരായ മത്സരത്തില്‍ 15 പന്തില്‍ 24 റണ്‍സെടുത്ത് ടീമിന് നല്ല തുടക്കമിട്ട സഞ്ജു വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ 50 പന്തില്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ടീമിന് സെമിയിലെത്തിച്ചു.
സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സെടുത്ത് ഒരിക്കല്‍ കൂടി ടോപ് സ്കോററായ സഞ്ജു ഫൈനലില്‍ 44 പന്തില്‍ 89 റണ്‍സെടുത്ത് തുടര്‍ച്ചയായ മൂന്ന് മാച്ച് വിന്നിംഗ് ഇന്നിംഗ്സുകളോടെ ടൂര്‍ണമെന്‍റിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
Post a Comment