കൈപ്പത്തി ഇല്ല, സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിക്കാന്‍ പി കെ ശശി
ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശശി സ്വതന്ത്ര ചിഹ്നത്തത്തില്‍ മത്സരിക്കും. കൈപ്പത്തി ചിഹ്നം ശശിക്ക് നല്‍കരുതെന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം നേതൃത്വം അംഗീകരിക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്രസില്‍ ചേരാന്‍ നേതൃത്വം ശശിയോട് ആവശ്യപ്പെട്ടെങ്കിലും പികെ ശശി വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കാന്‍ പി കെ ശശി തീരുമാനിച്ചത്. കൈപ്പത്തി ചിഹ്നം ഉപയോഗിച്ചുള്ള പി കെ ശശിയുടെ പ്രചരണ പോസ്റ്ററുകളും ഫ്ളക്സുകളും ഒറ്റപ്പാലം മണ്ഡലത്തില്‍ ഇന്നലെ വ്യാപകമായി പതിപ്പിച്ചിരുന്നു.
സിപിഎം വിട്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന ജി. സുധാകരന്‍ (അമ്പലപ്പുഴ), പി.കെ ശശി (ഒറ്റപ്പാലം), ടി.കെ.ഗോവിന്ദന്‍ (തളിപ്പറമ്പ്), വി. കുഞ്ഞികൃഷ്ണന്‍ (പയ്യന്നൂര്‍) എന്നിവര്‍ക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചിരുന്നു. ഇവരുടെ വിജയത്തിനായി എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ഇറങ്ങണമെന്നും പ്രതിപക്ഷ നേതാവ് അഭ്യര്‍ഥിച്ചു.
സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പി കെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ പുറത്താക്കിയിരുന്നു. തൊട്ടുപിന്നാലെ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് പി കെ ശശിയും രംഗത്തെത്തി. പുറത്താക്കാനുള്ള സമ്പൂര്‍ണ അധികാരം പാര്‍ട്ടിക്കുണ്ടെന്ന് പി കെ ശശി പറഞ്ഞു. ദീര്‍ഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും പി കെ ശശി പറഞ്ഞിരുന്നു. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് ശശിയുടെ പുറത്തുപോക്ക്. ഇമ്പിച്ചി ബാവയും ശിവദാസനേയും പോലുള്ള മഹാന്മാര്‍ ഇരുന്ന കസേരയില്‍ സ്പിരിറ്റ് കച്ചവടക്കാരന്‍ ഇരിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. പാലക്കാട് ജില്ലയിലെ ഡിവൈഎഫ്ഐ നേതൃത്വത്തിനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചു
കോടിയേരി മരിച്ചതോടെ പാര്‍ട്ടിയില്‍ വന്‍ ശൂന്യതയാണെന്ന് എം വി ഗോവിന്ദനെ ഉന്നംവെച്ച് പി കെ ശശി പറഞ്ഞിരുന്നു. കോടിയേരി പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് മനുഷ്യരെ ചേര്‍ത്ത് പിടിച്ചിരുന്നു. പക്ഷേ നമുക്ക് ഭാഗ്യമില്ലാതെയായി പോയി. കോടിയേരി ജീവിച്ചിരുന്നുങ്കില്‍ ഈ ഗതി സിപിഐഎം പാര്‍ട്ടിക്കുണ്ടാവുമായിരുന്നില്ല. എന്തുകൊണ്ട് ഓര്‍മപ്പെടുത്തുന്നു എന്നത് ഓര്‍ക്കണമെന്നും പി കെ ശശി വ്യക്തമാക്കിയിരുന്നു
Post a Comment