'ഈ പ്രതിസന്ധി ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു, കേന്ദ്രസർക്കാർ ഇസ്രായേലിന്റെ ചിയർ ലീഡറാകുന്നു'; രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ്
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിടുമ്പോൾ, കേന്ദ്രസർക്കാർ അമേരിക്കയുടെയും ഇസ്രായേലിന്റെയും 'ചിയർ ലീഡർ' ആയി മാറിയെന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസ്. വരാനിരിക്കുന്ന വാണിജ്യ എൽപിജി സിലിണ്ടർ ക്ഷാമത്തെക്കുറിച്ച് പ്രതിപക്ഷം സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടും, ഭരണകൂടം കുറ്റകരമായ മൗനം പാലിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഈ പ്രതിസന്ധി ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ യുദ്ധത്തിന് ഇന്ത്യക്കാർ അധിക നികുതി നൽകേണ്ടിവരുമെന്നും ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. എന്നാൽ ഖേദകരമെന്നു പറയട്ടെ, സർക്കാരിന്റെ ഭാഗത്തുനിന്ന് കുറ്റകരമായ മൗനമാണുണ്ടായത്. ഫലത്തിൽ, ഈ സർക്കാർ ഇസ്രായേലിന്റെയും അമേരിക്കയുടെയും ഒരു ചിയർ ലീഡറായി മാറി. ഇത് വളരെ ദൗർഭാഗ്യകരമായ കാര്യമാണ്.’ ബ്രിട്ടാസ് പറഞ്ഞു.
ഇറാനുമായുള്ള സംഘർഷങ്ങൾക്കിടയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന നീക്കങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. ഇന്ത്യയ്ക്ക് ലോകരാജ്യങ്ങൾക്കിടയിലുണ്ടായിരുന്ന നല്ല പേര് സർക്കാർ ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഒന്നാമതായി, ആക്രമണം തുടങ്ങുന്നതിന് 48 മണിക്കൂർ മുമ്പ് പ്രധാനമന്ത്രി ഇസ്രായേലിൽ ഉണ്ടായിരുന്നിട്ടും ഈ പ്രതിസന്ധിക്ക് സർക്കാർ തയ്യാറെടുത്തിരുന്നില്ല. രണ്ടാമത്തെ കാര്യം, ഇന്ത്യക്കുണ്ടായിരുന്ന നല്ല പേര് സർക്കാർ തുലച്ചു. ഇസ്രായേലിന്റെയും അമേരിക്കയുടെയും ഏകപക്ഷീയമായ നടപടിയെ പരോക്ഷമായി പിന്തുണച്ച് സർക്കാർ നിശബ്ദത പാലിച്ചു. രാജ്യത്തെ ജനങ്ങൾ നേരിടുന്ന ഈ പ്രതിസന്ധികൾക്കെല്ലാം കാരണം ഈ സർക്കാരാണെന്ന് ഞങ്ങൾ കരുതുന്നു’. ബ്രിട്ടാസ് പറഞ്ഞു.
അതേസമയം, വാണിജ്യ എൽപിജി ക്ഷാമം രാജ്യമെമ്പാടുമുള്ള ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും പ്രവർത്തനം നിർത്തേണ്ട അവസ്ഥയിലാണ്. പ്രതിസന്ധി കണക്കിലെടുത്ത്, കേന്ദ്രസർക്കാർ പൊതുമേഖലാ എണ്ണക്കമ്പനികളിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതിയെ പ്രശ്നങ്ങൾ പരിഹരിക്കാനായി രൂപീകരിച്ചിട്ടുണ്ട്. ഗാർഹിക എൽപിജി വിതരണത്തിന് മുൻഗണന നൽകാനാണ് തീരുമാനം.
‘വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിതരണം ഇന്നു മുതൽ നിർത്തിവെച്ചിരിക്കുകയാണ്. മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, ആശുപത്രികൾ തുടങ്ങിയ അവശ്യ സേവനങ്ങൾ ഇതിനെ ആശ്രയിക്കുന്നു. വാണിജ്യ ഗ്യാസ് വിതരണം പുനരാരംഭിക്കാൻ കേന്ദ്രമന്ത്രിമാരിൽ നിന്ന് അടിയന്തര നടപടി പ്രതീക്ഷിക്കുന്നു.’ ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
മധ്യപ്രദേശിലെ ഭോപ്പാൽ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും സമാനമായ പ്രതിസന്ധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ വിതരണം താൽക്കാലികമായി നിർത്തിവെച്ചതായി എൽപിജി അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് ആർ.കെ. ഗുപ്ത സ്ഥിരീകരിച്ചു. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാത്രമാണ് ഇപ്പോൾ സിലിണ്ടർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, പൂഴ്ത്തിവെപ്പ് തടയാനും തുല്യമായ വിതരണം ഉറപ്പാക്കാനും, ഗാർഹിക എൽപിജി റീഫില്ലുകൾക്ക് സർക്കാർ 25 ദിവസത്തെ ഇടവേള നിർബന്ധമാക്കിയിട്ടുണ്ട്. "അടുത്ത ബുക്കിംഗ് 25 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ അനുവദിക്കൂ. എണ്ണക്കമ്പനികൾ അവകാശപ്പെടുന്നതുപോലെ ക്ഷാമമില്ല, പൂഴ്ത്തിവെപ്പ് ഒഴിവാക്കാനാണിത്," അദ്ദേഹം പറഞ്ഞു
ഹോട്ടൽ മേഖലയ്ക്ക് തടസ്സമില്ലാതെ ഇന്ധനം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോയമ്പത്തൂർ ഡിസ്ട്രിക്റ്റ് ഹോട്ടലിയേഴ്‌സ് അസോസിയേഷൻ (സിഡിഎച്ച്എ) ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതിനാൽ നഗരത്തിലെ റെസ്റ്റോറന്റുകൾ പ്രവർത്തിക്കാൻ പാടുപെടുകയാണെന്ന് അസോസിയേഷൻ സെക്രട്ടറി ബാലചന്ദർ രാജു പറഞ്ഞു. ഈ ക്ഷാമം തമിഴ്‌നാട്ടിൽ മാത്രമല്ല, രാജ്യത്തുടനീളം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ 10-12 ദിവസമായി രാജ്യം മുഴുവൻ എൽപിജി ക്ഷാമം നേരിടുകയാണ്. ഞങ്ങളുടെ നഗരത്തിലും ഇതേ പ്രശ്നമുണ്ട്. റെസ്റ്റോറന്റ്
പ്രവർത്തിപ്പിക്കാൻ ഞങ്ങൾക്ക് ഇന്ധനമില്ല. ഇന്ത്യ മുഴുവൻ ഈ എൽപിജി ക്ഷാമത്തിൽ വലയുകയാണ്’ രാജു പറഞ്ഞു.നിലവിലെ സാഹചര്യത്തിൽ ഗാർഹിക വിതരണത്തിനും അവശ്യ സേവനങ്ങൾക്കുമാണ് മുൻഗണനയെന്ന് അധികൃതർ അറിയിച്ചതായി രാജു പറഞ്ഞു. ‘ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി എൽപിജി വിതരണം ഉറപ്പാക്കാൻ സർക്കാർ ഇടപെടണം. ഞങ്ങൾ ഈ വിഷയം തമിഴ്‌നാട് സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ അസോസിയേഷൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രശ്നം ചർച്ച ചെയ്തു. വാണിജ്യ ആവശ്യങ്ങൾക്ക് സിലിണ്ടർ നൽകാൻ കഴിയില്ലെന്നും വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ മേഖല, ശ്മശാനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി’. അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നാണ് രാജുവിന്റെ പ്രതീക്ഷ. എന്നാൽ, ഈ വിതരണ ക്ഷാമം കുറഞ്ഞത് 30 ദിവസമെങ്കിലും തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കപ്പലുകൾ ഇപ്പോൾ തുറമുഖത്ത് നിന്ന് പുറപ്പെട്ടാലും നമ്മുടെ രാജ്യത്തെത്താൻ 20 ദിവസമെടുക്കും. പിന്നീട് ക്രൂഡ് ഓയിലിൽ നിന്ന് എൽപിജി ആക്കി മാറ്റാൻ ഒരാഴ്ച കൂടി വേണ്ടിവരും. അതിനാൽ, അടുത്ത 30 ദിവസം കൂടി ഈ പ്രശ്നം നേരിടേണ്ടി വരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.
Post a Comment