വിശദീകരണം തൃപ്തികരം, എല്‍ഡിഎഫ്- എന്‍ഡിഎ പരാതികള്‍ തള്ളി; വി ഡി സതീശന്റെ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി അംഗീകരിച്ചു
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക വരണാധികാരി അംഗീകരിച്ചു. വരുമാനം മറച്ചുവെച്ചെന്നും മറ്റ് വിവരങ്ങള്‍ നല്‍കിയില്ലെന്നും ആരോപിച്ച് എല്‍ഡിഎഫും എന്‍ഡിഎയും നല്‍കിയ പരാതികള്‍ തള്ളിക്കൊണ്ടാണ് വരണാധികാരിയുടെ നടപടി. പത്രികയില്‍ യഥാര്‍ത്ഥ വരുമാനം കാണിച്ചില്ലെന്നും വിവരങ്ങള്‍ മറച്ചുവെച്ചെന്നും ആരോപിച്ച് എല്‍ഡിഎഫും എന്‍ഡിഎയും നല്‍കിയ പരാതികള്‍ വരണാധികാരി തള്ളുകയായിരുന്നു. സതീശന്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടാണ് പത്രിക സ്വീകരിച്ചത്.
സൂക്ഷ്മപരിശോധനയ്ക്ക് തൊട്ടുമുമ്പ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ടൈസണ്‍ മാസ്റ്ററും എന്‍ഡിഎ പ്രതിനിധികളുമാണ് പരാതി നല്‍കിയത്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. അഭിഭാഷകന്‍ എന്ന നിലയിലുള്ള വരുമാനം പത്രികയില്‍ കൃത്യമായി രേഖപ്പെടുത്തിയില്ല. അദ്ദേഹം ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് മേലുള്ള ട്രാഫിക് പിഴകളുടെ വിവരങ്ങളും കുടിശ്ശികയും പത്രികയില്‍ ഉള്‍പ്പെടുത്തിയില്ല. കൈവശമുള്ള സ്വര്‍ണ്ണത്തിന്റെ കൃത്യമായ വിപണി മൂല്യം വിശദമാക്കിയില്ല എന്നിവയായിരുന്നു അത്.
ആരോപണങ്ങള്‍ നിസ്സാരമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു യുഡിഎഫ് ക്യാമ്പിന്റെ ആദ്യ പ്രതികരണം. വൈകിട്ട് മൂന്ന് മണിയോടെ നടന്ന സൂക്ഷ്മപരിശോധനയില്‍ സതീശന്റെ അഭിഭാഷകര്‍ കൃത്യമായ രേഖകളും വിശദീകരണവും ഹാജരാക്കി. ഇത് പരിശോധിച്ച വരണാധികാരി പരാതികളില്‍ കഴമ്പില്ലെന്ന് കണ്ട് പത്രിക സാധുവാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
Post a Comment