Join News @ Iritty Whats App Group

പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായ സന്ദേശം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായ സന്ദേശം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി


ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക്സഭയിൽ പ്രസ്താവന അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വിദേശകാര്യമന്ത്രിയും പെട്രോളിയം മന്ത്രിയും നേരത്തെ സഭയിൽ സംസാരിച്ചു. രാജ്യസഭയിൽ നാളെ നരേന്ദ്രമോദി സംസാരിക്കും. യുദ്ധം നടക്കുന്നതിലെ ആശങ്കയും അതിനെ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്നുമാണ് മോദി ലോക്സഭയിലെ പ്രസ്താവനയിൽ വ്യക്തമാക്കിയത്. 25 മിനിറ്റ് നീണ്ടുനിന്നതായിരുന്നു മോദിയുടെ പ്രസ്താവന.

മൂന്നാഴ്ചയായി യുദ്ധം തുടരുകയാണ്. ലോകത്തെ സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും യുദ്ധം ബാധിക്കുന്നു. ലോകസാമ്പത്തിക രംഗത്തിന് ഇത് വെല്ലുവിളികൾ ഉയർത്തുന്നു. ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു. യുദ്ധം നടക്കുന്ന മേഖലയുമായി ഇന്ത്യയ്ക്ക് നല്ല വ്യാപാര ബന്ധമുണ്ട്. ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലിൽ വലിയൊരു ഭാഗം ഈ മേഖലയിൽ നിന്നാണ്. ഒരു കോടി ഇന്ത്യക്കാർ ഈ മേഖലയിൽ ഉണ്ട്. കപ്പലുകളിലും നിരവധി ഇന്ത്യക്കാർ ഉണ്ട്. ഇന്ത്യ യുദ്ധത്തിനെതിരെ ഒറ്റക്കെട്ടായി സന്ദേശം നൽകണം. രാഷ്ട്ര തലവന്മാരുമായി രണ്ട് തവണ സംസാരിച്ചു. ചിലർക്ക് ജീവൻ നഷ്ടമായത് ദുഖകരമാണ്. പരിക്കേറ്റവർക്ക് ചികിത്സ നൽകി വരികയാണ്. ഇന്ത്യൻ എംബസികൾ അവിടെയുള്ള പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നു. സംഘർഷത്തിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഏറെ പ്രധാനമാണെന്നും 3,75000 ഇന്ത്യക്കാർ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങിയെന്നും മോദി പറഞ്ഞു.

ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കത്തിൽ തടസ്സം നേരിടുന്നുണ്ട്. 60 ശതമാനം എൽപിജി ഇറക്കുമതി ചെയ്യുന്നതാണ്. എൽപിജിയുടെ ​ഗാ‍​‍ഹിക ഉപയോ​ഗത്തിനാണ് പ്രാധാന്യം നൽകുന്നത്. പെട്രോൾ, ഡീസൽ വിതരണത്തിൽ പ്രതിസന്ധിയില്ല. ഇന്ത്യ നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഊർജ ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോൾ ഊർജ ഉറക്കുമതി 41 രാജ്യങ്ങളിൽ നിന്നാക്കി ഉയർത്തി. ഇന്ത്യയ്ക്ക് പെട്രോളിയം ഉത്പന്നങ്ങൾ ശേഖരിക്കുന്നതിനുള്ള ശേഷി കൂട്ടി. കൂടുതൽ വിതരണക്കാരുമായി സമ്പർക്കത്തിലാണ്. എണ്ണയും ഗ്യാസും രാസ വളവും ഇന്ത്യയിൽ കൂടുതൽ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. എഥനോൾ ഉത്പാദനം കൂട്ടിയത് ഇപ്പോൾ പ്രയോജനപ്പെടുന്നു. നാലരക്കോടി ബാരൽ എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇതിലൂടെ കഴിഞ്ഞു. റെയിൽവേ വൈദ്യുതീകരണം, മെട്രോ, ഇല്ക്രട്രിക് വാഹനങ്ങൾ എന്നിവയ്ക്ക് നൽകിയ ശ്രദ്ധയും സഹായിച്ചു. ലോകത്ത് എല്ലാ സാമ്പത്തിക വ്യവസ്ഥകളെയും ഇത് ബാധിച്ചെന്നും ഇന്ത്യയിൽ ഇതിൻ്റെ പ്രത്യാഘാതം കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും മോദി പറ‍ഞ്ഞു.

കാർഷിക രംഗത്ത് യുദ്ധം എന്ത് പ്രഭാവം ചെലുത്തുമെന്നതിൽ ആശങ്ക

രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന് പറഞ്ഞ മോദി അന്തർമന്ത്രാലയ സമിതി രൂപീകരിച്ച് സ്ഥിതി വിലയിരുത്തുകയാണെന്നും അറിയിച്ചു. കാർഷിക രംഗത്ത് യുദ്ധം എന്ത് പ്രഭാവം ചെലുത്തും എന്നതും ആശങ്കയാണ്. രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യ ഉത്പാദനം നടക്കുന്നു. കൊവിഡ് കാലത്തും ഇന്ത്യയിൽ യൂറിയ വില കൂടാതെ പിടിച്ചു നിറുത്തി. ആറ് യൂറിയ പ്ലാന്റുകൾ കഴിഞ്ഞ പത്തു കൊല്ലത്തിൽ തുറന്നു. ഇതു വഴി യൂറിയ ഉത്പാദനം കൂട്ടാൻ കഴിഞ്ഞു. ജൈവ കൃഷിക്കും പ്രോത്സാഹനം നൽകുന്നു. സോളാർ പമ്പുകളും കർഷകരെ സഹായിക്കുന്നു. കർഷകരെ ഇത് ബാധിക്കില്ല എന്ന ഉറപ്പ് നൽകുന്നു. വേനൽക്കാലത്ത് വൈദ്യുതിയുടെ ആവശ്യം കൂടും. എല്ലാ വൈദ്യുതി നിലയങ്ങൾക്കും കൽക്കരി ലഭ്യമാക്കും. ഇന്ന് ആകെ ഊർജ്ജ ഉത്പാദനത്തിൻറെ പകുതി പാരമ്പര്യേതര മാർഗ്ഗങ്ങളിലൂടെയാണ്. 'ശാന്തി' നിയമം ആണവോർജ്ജ ഉത്പാദനത്തിന് സഹായിക്കുമെന്നും അദ്ദേഹം ലോക്സഭയിലെ പ്രസം​ഗത്തിൽ പറഞ്ഞു.

യുദ്ധം ഏറെ നാൾ നീണ്ടുനിൽക്കും, ഒറ്റക്കെട്ടായി തയാറെടുക്കണമെന്ന് മോദി

ഇന്ത്യ തുടക്കത്തിൽ തന്നെ ഈ സംഘർഷത്തിൽ കടുത്ത ആശങ്ക അറിയിച്ചിരുന്നു. പശ്ചിമേഷ്യയിലെ എല്ലാ നേതാക്കളോടും ഈ സംഘർഷം അവസാനിപ്പിക്കണം എന്ന അഭ്യർത്ഥന മുന്നോട്ടു വെക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലെ ചരക്കു നീക്കം തടയുന്നത് അംഗീകരിക്കാനാവില്ല. ഈ യുദ്ധത്തിൽ ഓരോ ജീവൻ നഷ്ടമാകുന്നതും മാനവരാശിക്ക് വിരുദ്ധമാണ്. എല്ലാ സുരക്ഷ ഏജൻസികൾക്കും ജാഗ്രത നിർദേശം നൽകി കഴിഞ്ഞു. യുദ്ധത്തിൻ്റെ പ്രത്യാഘാതം ഏറെ നാൾ നീണ്ടു നിൽക്കും. ഒറ്റക്കെട്ടായി ഇതിന് തയാറെടുക്കണം. കൊവിഡ് കാലത്ത് ഒറ്റക്കെട്ടായി പ്രതിസന്ധികളെ തരണം ചെയ്തു. അതുപോലെ തയാറെടുക്കണം. സംയമനത്തോടെ ശാന്തമായി പ്രവർത്തിക്കണം. തെറ്റായ പ്രചരണം നടക്കുന്നുണ്ട്. അത് ഫലം കാണില്ല. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ വേണ്ടി നടപടി എടുക്കുന്നുണ്ടെന്നും ശക്തമായ നിരീക്ഷണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group