Join News @ Iritty Whats App Group

'മിസൈലുകള്‍ പതിക്കേണ്ടെങ്കില്‍ അമേരിക്കയെ പുറത്താക്കണം'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാൻ

'മിസൈലുകള്‍ പതിക്കേണ്ടെങ്കില്‍ അമേരിക്കയെ പുറത്താക്കണം'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാൻ


ടെഹ്‌റാന്‍: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മിസൈലുകള്‍ നിലക്കണമെങ്കില്‍ മുഴുവന്‍ അമേരിക്കക്കാരെയും പുറത്താക്കണമെന്നും യുഎസ് സൈനികക്യാമ്പുകള്‍ നീക്കം ചെയ്യണമെന്നും മുന്നറിയിപ്പുമായി ഇറാന്‍.

യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതിന്റെ പിന്നാലെയാണ് ഇറാന്‍ എംപിയുടെ മുന്നറിയിപ്പ്.

'അമേരിക്കന്‍ സൈന്യങ്ങളെ തുടരാന്‍ അനുവദിക്കുന്നത് മേഖലയുമായി സംഘര്‍ഷാവസ്ഥ തുടരാന്‍ നിര്‍ബന്ധിതരാക്കും. യുഎസ് സൈന്യം നില്‍ക്കുന്നിടത്തോളം ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈലുകള്‍ തൊടുത്തുവിടേണ്ടിവരും. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, തുര്‍ക്കി അടക്കമുള്ള രാജ്യങ്ങള്‍ക്ക് സംഘർഷഭീതിയില്‍ നിന്നൊഴിവാകണമെന്നുണ്ടെങ്കില്‍ അമേരിക്കക്കാരെ പുറത്താക്കി യുഎസ് ക്യാമ്ബുകള്‍ അടച്ചുപൂട്ടുക'. ഇറാന്‍ എംപിയെ ഉദ്ദരിച്ച്‌ തെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

യുഎസുമായി ചേര്‍ന്ന് ഫെബ്രുവരി 28ന് ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ തെല്‍ അവിവിലും ഗള്‍ഫ് രാഷ്ട്രങ്ങളിലെ യുഎസ് സൈനികക്യാമ്ബുകള്‍ ലക്ഷ്യംവെച്ചും ഇറാന്‍ പ്രത്യാക്രമണം കടുപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ ആക്രമണത്തിന് മറുപടിയായി ലബനാന്‍-ഹിസ്ബുള്ള സംഘത്തിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു.

യുഎസ്-ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ ഇതിനോടകം ഇറാനില്‍ മാത്രമായി 1300ലേറെ ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അലി ഖാംനഈയുടെ വധത്തിന് പിന്നാലെ പ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിരുന്നു. കടലിടുക്ക് വഴി കടന്നുപോകുന്ന ഏത് കപ്പലും തങ്ങള്‍ ആക്രമിക്കുന്ന നിലപാട് ഇറാന്‍ സ്വീകരിച്ചതോടെ ലോകരാജ്യങ്ങളൊന്നടങ്കം എണ്ണ, വാണിജ്യമേഖലകളില്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. നൂറിലേറെ കപ്പലുകളാണ് ഉപരോധത്തില്‍ വലഞ്ഞ് ഉള്‍ക്കടലില്‍ തുടരുന്നത്.

നേരത്തെ, ഇന്ത്യന്‍ തീരത്ത് നിന്ന് മടങ്ങുകയായിരുന്ന ഇറാനിയന്‍ കപ്പലിനെ യുഎസ് ആക്രമിച്ചതും മേഖലയെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. യുഎസ് മുക്കിയ കപ്പലിലുണ്ടായിരുന്ന 87 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാനില്‍ നിന്ന് 2000 മൈല്‍ ദൂരെവച്ചുള്ള ആക്രമണം കൊടുംക്രൂരതയാണെന്നും ഇതിനുള്ളത് യുഎസ് അനുഭവിക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group