യുഎസ് എംബസിക്ക് അടുത്തുള്ള ജനങ്ങളെ ഒഴിപ്പിച്ച് ഖത്തര്‍; കുവൈത്ത് തീരത്ത് ചരക്ക് കപ്പലില്‍ സ്‌ഫോടനം, എണ്ണ കടലില്‍ പരന്നു
ഇറാന്‍ -യുഎസ്, ഇസ്രയേല്‍ സംഘര്‍ഷം മുറുകുമ്പോള്‍ ദോഹയിലെ യുഎസ് എംബസിക്ക് അടുത്ത് താമസിക്കുന്നവരെ ഒഴിപ്പിച്ച് ഖത്തര്‍. താല്‍ക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്നാണ് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഒഴിപ്പിക്കുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്നും ഖത്തര്‍ അറിയിച്ചിട്ടുണ്ട്.
ഗള്‍ഫ് മേഖലയെ അസ്വസ്ഥമാക്കി ഇറാന്‍ യുഎസ് സൈനിക നീക്കം മാറുമ്പോള്‍ കുവൈത്ത് തീരത്തും സ്‌ഫോടനം. മുബാരക് അല്‍ കബീറിന് 30 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് ചരക്ക് കപ്പലില്‍ സ്‌ഫോടനമുണ്ടായത്. ചരക്കു കപ്പലില്‍നിന്നുള്ള എണ്ണ കടലില്‍ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോര്‍ട്ടുണ്ട്. കപ്പലിലുള്ളവര്‍ സുരക്ഷിതരാണ്.
മുബാറക് അല്‍ കബീര്‍ തുറമുഖം ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഏകദേശം 750 – 800 കിലോമീറ്റര്‍ അകലെയാണ്. തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഒരു ടാങ്കറിന് നേരെ ആക്രമണം ഉണ്ടായാല്‍ ഹോര്‍മുസ് കടലിടുക്ക് മേഖലയിലെ ഷിപ്പിംഗിനെതിരായി ഇറാന്റെ ആക്രമണങ്ങളുടെ വര്‍ധനയായാവും ലോകരാജ്യങ്ങള്‍ കണക്കാക്കുക. ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പല്‍ യുഎസ് ആക്രമിച്ച് തകര്‍ത്ത സംഭവവും ലോകരാജ്യങ്ങള്‍ക്ക് ഇടയില്‍ ചര്‍ച്ചയാണ്.
യുഎസിനു ഭീഷണിയായതിനാലാണ് ശ്രീലങ്കന്‍ തീരത്തെ കപ്പല്‍ മുക്കിയതെന്ന് യുഎസ് റിട്ട.ജനറല്‍ മാര്‍ക് കിമ്മിറ്റ് അവകാശപ്പെട്ടു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടത്തിയ ടോര്‍പിഡോ ആക്രമണത്തിലാണ് ഇറാനിയന്‍ നാവികസേനയുടെ കപ്പല്‍ തകര്‍ത്തത്. 87 നാവികര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ തുറമുഖങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചോദ്യമുനകള്‍ ഉയരുന്നുണ്ട്.
ഇറാന്റെ യുദ്ധക്കപ്പല്‍ ആക്രമിച്ചു മുക്കിയതിന് അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. ഇറാന്റെ കപ്പലായ ദേനയെ ശ്രീലങ്കയ്ക്ക് അടുത്തുവച്ചാണ് ഇന്നലെ യുഎസ് ആക്രമിച്ചത്. ആണവ അന്തര്‍വാഹിനി ഉപയോഗിച്ചായിരുന്നു ആക്രമണം.
Post a Comment