ദുബായ് വിമാനത്താവളം തുറന്നു; നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ എമിറേറ്റ്സ് പുനരാരംഭിക്കും
ദുബായ്: ദുബായ് വിമാനത്താവളം തുറന്നു. താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള ചില വിമാന സർവീസുകൾ പുനരാരംഭിച്ചുകൊണ്ട് തങ്ങൾ ഭാഗികമായി പ്രവർത്തനം തുടങ്ങിയിരിക്കുന്നതായി എയർപോർട്ട് എക്സ് അക്കൗണ്ടിൽ അറിയിച്ചു.
താൽക്കാലികമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻസും അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വിമാനങ്ങളിൽ ടിക്കറ്റ് കൺഫേം ആയ യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടാവുന്നതാണെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ദുബായ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് അവരുടെ തുടർന്നുള്ള വിമാനങ്ങളും സർവീസ് നടത്തുന്നുണ്ടെങ്കിൽ യാത്ര തുടരാം.
നിലവിലെ സാഹചര്യങ്ങൾ എമിറേറ്റ്‌സ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതനുസരിച്ച് വരും ദിവസങ്ങളിലെ വിമാന ഷെഡ്യൂളുകളിൽ മാറ്റം വരുത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്നും എയർലൈൻ അറിയിപ്പിൽ വ്യക്തമാക്കി.
We have partially resumed operations from today, 7 March, with some flights operating out of DXB and DWC.Please do not travel to the airport unless you have been contacted by your airline that your flight is confirmed, as schedules continue to change.</p><p>— DXB (@DXB) March 7, 2026
അലർട്ട്
യുഎഇയിൽ രാവിലെ വീണ്ടും അലർട്ട് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം നിലവില്‍ ഒരു മിസൈൽ ആക്രമണ ഭീഷണി പ്രതിരോധിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജനങ്ങൾ സുരക്ഷിതമായ സ്ഥാനങ്ങളില്‍ തുടരണമെന്നും ഔദ്യോഗിക ചാനലുകള്‍ വഴിയുള്ള മുന്നറിയിപ്പുകളും അപ്ഡേറ്റുകളും പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യൻ എംബസി നിർദ്ദേശം
യുഎഇയിലെ പ്രവാസികൾക്കായി ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. യുഎഇയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് എംബസിയുടെ ജാഗ്രത നിർദേശം. പ്രവാസികളും സന്ദർശകരും അതീവ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നുമാണ് എംബസി അറിയിക്കുന്നത്. സമാധാനം പാലിക്കണമെന്നും യുഎഇ അധികൃതരുടെ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും എംബസിയുടെ മുന്നറിയിപ്പിലുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണം. ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണം.
Post a Comment