Join News @ Iritty Whats App Group

അഞ്ചു വർഷത്തിനകം മനുഷ്യരാശിക്ക് ഭീഷണിയാകുമോ എഐ? മുൻ ഓപ്പൺ എഐ ഗവേഷകന്‍റെ മുന്നറിയിപ്പ്

അഞ്ചു വർഷത്തിനകം മനുഷ്യരാശിക്ക് ഭീഷണിയാകുമോ എഐ? മുൻ ഓപ്പൺ എഐ ഗവേഷകന്‍റെ മുന്നറിയിപ്പ്


എഐയുടെ ഭാവിയെക്കുറിച്ച് പുതിയ ആശങ്കകൾ ഉന്നയിച്ച് ഓപ്പൺ എഐയിലെ മുൻ ഗവേഷകനായ ഡാനിയൽ കൊക്കോട്ടജ്‌ലോ. കൃത്രിമ ബുദ്ധിയുടെ അഥവാ എഐയുടെ ഭാവിയെക്കുറിച്ച് ഗൗരവമായ മുന്നറിയിപ്പ് ആണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്. ദ ഡയിലി ഷോ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ തന്നെ എഐ മനുഷ്യരുടെ നിയന്ത്രണത്തിന് പുറത്തേക്ക് പോകാൻ സാധ്യതയുണ്ടെന്ന് ഡാനിയൽ കൊക്കോട്ടജ്‌ലോ മുന്നറിയിപ്പ് നൽകി.

എഐ വികസനത്തിന്റെ വേഗത കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിവേഗത്തിൽ വർധിച്ചുവരികയാണ്. ഈ പുരോഗതി ഭാവിയിൽ വലിയ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്ന് കൊകൊടാജ്ലോ മുന്നറിയിപ്പ് നൽകി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ എഐ നിയന്ത്രണം നഷ്‍ടപ്പെട്ടാൽ മനുഷ്യരാശിക്കുതന്നെ ഭീഷണിയാകും. അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്ന ഫ്യൂച്ചേഴ്‌സ് പ്രോജക്റ്റ് എന്ന സംഘത്തിന്റെ കണക്കുകൾ പ്രകാരം, മനുഷ്യരാശി പൂര്‍ണമായും നശിക്കാൻ പോലും 70 ശതമാനം സാധ്യതയുണ്ട് എന്നാണ് അവകാശപ്പെടുന്നത്.

ഇപ്പോൾ നിലവിലുള്ള എഐ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത് സാങ്കേതികമായി എളുപ്പമാണെങ്കിലും, ഭാവിയിൽ അത് വളരെ സങ്കീർണ്ണമാകുമെന്ന് അദ്ദേഹം പറയുന്നു. പ്രതിരോധ സംവിധാനങ്ങൾ, സൈനിക ശൃംഖലകൾ എന്നിവയിൽ എഐ കൂടുതൽ ഇടംപിടിക്കുന്നതോടെ, അവയെ നിർത്തിവയ്ക്കുന്നത് പ്രായോഗികമല്ലാത്തതാകാം എന്നും അത്തരം സാഹചര്യങ്ങളിൽ മനുഷ്യർക്ക് നിയന്ത്രണം നഷ്‍ടപ്പെടാൻ സാധ്യത കൂടുതലാണ് എന്നും ഡാനിയൽ കൊക്കോട്ടജ്‌ലോ പറയുന്നു.

എഐ സിസ്റ്റങ്ങൾ മനുഷ്യ മൂല്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്. ഈ പ്രശ്നം ഇപ്പോഴും പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഡാനിയൽ കൊക്കോട്ടജ്‌ലോ വ്യക്തമാക്കി. കൂടുതൽ ശക്തമായ എഐ സിസ്റ്റങ്ങൾ വികസിക്കുമ്പോൾ, അവയുടെ പ്രവർത്തനം പ്രവചിക്കാനാകാത്ത രീതിയിലാകാനും സാധ്യതയുണ്ട്. ടെക് കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരവും ആശങ്ക വർധിപ്പിക്കുന്ന ഘടകമാണ്. കൂടുതൽ ശക്തമായ എഐ വികസിപ്പിക്കാൻ കമ്പനികൾ തമ്മിൽ മത്സരിക്കുന്ന സാഹചര്യത്തിൽ, സുരക്ഷാ നടപടികൾ അവഗണിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കമ്പനി സുരക്ഷയ്ക്കായി മന്ദഗതിയിലായാൽ, മറ്റൊന്ന് വേഗത്തിൽ മുന്നേറാൻ ശ്രമിക്കും.

ഭാവിയിൽ എഐ സംവിധാനങ്ങൾ മനുഷ്യരെ ആശ്രയിക്കാതെ സ്വയം പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വയം പ്രവർത്തിക്കുന്ന ഫാക്ടറികൾ നിർമ്മിച്ച്, സ്വന്തം അടിസ്ഥാന സൗകര്യങ്ങൾ നിയന്ത്രിക്കുന്ന സിസ്റ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എങ്കിലും എല്ലാ വിദഗ്ധരും ഈ വിലയിരുത്തലുകളോട് യോജിക്കുന്നില്ല. ചിലർക്ക് ഇത് അതിശയോക്തിയായ ആശങ്കകളായി തോന്നുന്നുണ്ട്. എന്തായാലും എഐ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ ശക്തമാകേണ്ടത് അനിവാര്യമാണെന്നാണ് പൊതുവായ അഭിപ്രായം.

Post a Comment

Previous Post Next Post
Join Our Whats App Group