വിമാനയാത്രക്കാര്‍ക്ക് ആശ്വാസം; കുടുംബങ്ങള്‍ക്ക് ഒരുമിച്ചിരിക്കാം, അധിക ചാർജ് ഈടാക്കാതെ നൽകേണ്ട സീറ്റുകളുടെ എണ്ണം 60% ആക്കി
വിമാനയാത്രക്കാര്‍ക്ക് വന്‍ ആശ്വാസമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. ഇനി മുതല്‍ വിമാനങ്ങളിലെ 60 ശതമാനം സീറ്റുകളും യാത്രക്കാര്‍ക്ക് സൗജന്യമായി തെരഞ്ഞെടുക്കാം. കൂടാതെ, ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അധിക തുക നല്‍കാതെ തന്നെ അടുത്തടുത്ത് സീറ്റ് നല്‍കണമെന്നും മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇവ എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. സീറ്റുകള്‍ തിരഞ്ഞെടുക്കാന്‍ വിമാനക്കമ്പനികള്‍ വലിയ തുക ഈടാക്കുന്നുവെന്ന യാത്രക്കാരുടെ നിരന്തരമുള്ള പരാതികള്‍ക്ക് പരിഹാരമായാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.
പുതിയ നിബന്ധനകള്‍ ഒറ്റനോട്ടത്തില്‍:
60% സീറ്റുകള്‍ സൗജന്യം:
നിലവില്‍ വിമാനങ്ങളിലെ 20 ശതമാനത്തോളം സീറ്റുകള്‍ മാത്രമാണ് സൗജന്യമായി ബുക്ക് ചെയ്‍തവുന്നത്ന.നടുവിലുള്ള സീറ്റുകള്‍ക്ക് പോലും എയര്‍ലൈനുകള്‍ അധിക തുക ഈടാക്കാറുണ്ട്. ഇതിനാണ് ഇപ്പോള്‍ മാറ്റം വരുന്നത്. എല്ലാ വിമാനങ്ങളിലും കുറഞ്ഞത് 60% സീറ്റുകളെങ്കിലും അധിക നിരക്കില്ലാതെ നല്‍കണം
അടുത്തടുത്ത് സീറ്റുകള്‍:
ഒരേ പി.എന്‍.ആര്‍ നമ്പറില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് അടുത്തടുത്ത് തന്നെ സീറ്റുകള്‍ നല്‍കാന്‍ വിമാനക്കമ്പനികള്‍ ശ്രദ്ധിക്കണം. ഇതിനായി സീറ്റ് തിരഞ്ഞെടുക്കാന്‍ പണം നല്‍കേണ്ടതില്ല.
യാത്രക്കാരുടെ അവകാശങ്ങള്‍:
വിമാനം വൈകുക, റദ്ദാക്കുക, ബോര്‍ഡിങ് നിഷേധിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ യാത്രക്കാരുടെ അവകാശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.
നയങ്ങളിലെ സുതാര്യത:
വളര്‍ത്തുമൃഗങ്ങള്‍, കായിക ഉപകരണങ്ങള്‍, സംഗീതോപകരണങ്ങള്‍ എന്നിവ കൊണ്ടുപോകുന്നതിനുള്ള നയങ്ങള്‍ വ്യക്തവും സുതാര്യവുമായിരിക്കണം.
പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍:
യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ച് എയര്‍ലൈന്‍ വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും എയര്‍പോര്‍ട്ട് കൗണ്ടറുകളിലും വ്യക്തമായി പ്രദര്‍ശിപ്പിക്കണം. എല്ലാവര്‍ക്കും മനസ്സിലാകുന്നതിനായി ഇത് പ്രാദേശിക ഭാഷകളിലും ലഭ്യമാക്കണം.
പ്രതിദിനം 5 ലക്ഷം യാത്രക്കാർ
ഇന്ത്യ ഇന്ന് ലോകത്തെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഉഡാന്‍ പദ്ധതി വഴി വിമാനയാത്ര കൂടുതല്‍ ജനകീയമായതോടെ പ്രതിദിനം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് ഇപ്പോള്‍ രാജ്യത്ത് വിമാനയാത്ര നടത്തുന്നത്. ഈ മേഖലയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.
യാത്രക്കാരുടെ സൗകര്യത്തിനാണ് മന്ത്രാലയം എപ്പോഴും മുന്‍ഗണന നല്‍കുന്നതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. വിമാനത്താവളങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്ന 'ഉഡാന്‍ യാത്രി കഫേ', സൗജന്യമായി പുസ്തകങ്ങള്‍ വായിക്കാന്‍ 'ഫ്‌ലൈബ്രറി', സൗജന്യ വൈഫൈ തുടങ്ങിയ പദ്ധതികളും യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.
Post a Comment