അയവില്ലാതെ ഭീതി; കഴിഞ്ഞ 24 മണിക്കൂറിൽ എന്തൊക്കെ സംഭവിച്ചു? ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രയേലും, രഹസ്യ കരയുദ്ധ നീക്കമെന്ന് റിപ്പോർട്ട്
ശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. അമേരിക്കയും ഇസ്രയേലും ഇറാനിലെ പ്രതിരോധ, ഭരണ സ്ഥാപനങ്ങളെ ഉന്നമിട്ട് കനത്ത ആക്രമണം തുടരുന്നു. കുർദിസ്ഥാൻ പ്രവിശ്യയിലെ ലോ എൻഫോഴ്‌സ്‌മെന്റ് കമാൻഡ് ആസ്ഥാനം ഇന്നലെ തകർത്തു. വലിയ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നിട്ടുള്ള ഈ മേഖലയിലെ നിയമപാലന കേന്ദ്രങ്ങൾ തകർക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെ ആണ്. ടെഹ്‌റാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ, പ്രസിഡന്റിന്റെ ഓഫീസ്, അസംബ്ലി ഓഫ് എക്സ്പെർട്സ് കെട്ടിടം എന്നിവയും തകർത്തു. കോം നഗരത്തിൽ ഇറാൻ പണ്ഡിത സമിതി യോഗത്തിന് നേരെ ആക്രമണമുണ്ടായി. ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ഇറാനിൽ രഹസ്യ കരയുദ്ധ നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. സ്ഥിരീകരണം ഇല്ല.
ഗൾഫിൽ എന്ത് സംഭവിച്ചു?
ഗൾഫ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി ഇറാൻ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തി. ഒമാനിലെ സലാല തുറമുഖത്തും ദുക്മിലെ ഇന്ധന സംഭരണിയിലും ആക്രമണം ഉണ്ടായി. യുഎഇയിലെ ഫുജൈറ ഓയിൽ ടെർമിനലിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടിച്ചു. സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിക്ക് നേരെ ഇറാനിയൻ ഡ്രോണുകൾ ആക്രമണം നടത്തി. ഏറ്റവും ഒടുവിൽ ദുബായിയിലെ യുഎസ് എംബസിയും ആക്രമിക്കപ്പെട്ടു. ഖത്തർ എനർജി അവരുടെ ചില ഉൽപ്പന്നങ്ങളുടെ നിർമ്മാണം നിർത്തി. എണ്ണക്കപ്പലുകൾക്ക് പേർഷ്യൻ ഗൾഫിൽ നിന്ന് പുറത്തുകടക്കാൻ കഴിയാത്തതിനാൽ ഇറാഖിലെ റുമൈല എണ്ണപ്പാടത്തെ ഉൽപ്പാദനവും നിർത്തി. ഖത്തർ തങ്ങൾക്ക് നേരെ വന്ന ഇറാനിയൻ മിസൈലുകളും ഡ്രോണുകളും തടയുകയും രണ്ട് ഇറാനിയൻ വിമാനങ്ങൾ വെടിവച്ചിടുകയും ചെയ്തു.
ഇസ്രായേലിൽ സംഭവിച്ചത്?
ഇസ്രായേലിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ തുടർന്നു. വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള ക്ലസ്റ്റർ ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ പ്രയോഗിച്ചതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചു. ഇസ്രയേലിൽ ഏറ്റവും ഒടുവിലത്തെ ആക്രമണത്തിൽ 12 പേർക്ക് കൂടി പരിക്കേറ്റു.
ലെബനോനിൽ എന്ത് സംഭവിച്ചു?
വടക്കൻ ഇസ്രായേലിലെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ലെബനോനിൽ നിന്നും ഹിസ്ബുള്ള ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ തുടർന്നു ഇസ്രായേൽ തെക്കൻ ലെബനോനിലേക്ക് കരവഴി സൈനിക മുന്നേറ്റം തുടങ്ങി. 160 ലധികം ഹിസ്ബുള്ള സൈനിക കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിച്ചു. ഹിസ്ബുള്ളയുടെ അൽ മനാർ ടെലിവിഷൻ, അൽ നൂർ റേഡിയോ സ്റ്റേഷൻ എന്നിവ തകർത്തു. ഹിസ്ബുള്ളയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് കമാൻഡർ അദ്നാൻ അൽ അത്മാൻ , ഖുദ്സ് ഫോഴ്സിന്റെ ലെബനോൻ തലവൻ റേസ ഖസായി എന്നിവരെ ഇസ്രായേൽ വധിച്ചു.
Post a Comment