'ഇറാന് മേലുള്ള ആക്രമണം അവസാനിപ്പിക്കൂ' യുദ്ധത്തിനെതിരെ ഇസ്‌റാഈലില്‍ വന് പ്രതിഷേധം; 21 പേര്‍ അറസ്റ്റില്‍
ടെല്അവീവ്: ഇറാനെതിരായ യുദ്ധത്തില് ഇസ്റാഈലില് വന് പ്രതിഷേധം. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്റാഈലില് പതിനായിരങ്ങളാണ് തെരുവില് ഇറങ്ങിയത്.
ഇറാന് നേരെ ഇസ്റാഈലും യു.എസും തികച്ചും ഏകപക്ഷീയമായാണ് ആക്രമണം തുടങ്ങിവെക്കുന്നത്. ഇത് യുദ്ധത്തിലേക്ക് വഴിതെളിച്ചു. ലോകശക്തികള്ക്ക് ശക്തമായ തിരിച്ചടികള് ലഭിക്കാന് തുടങ്ങി. ഇതോടെയാണ് ഇസ്റാഈലില് യുദ്ധവിരുദ്ധ പ്രതിഷേധങ്ങള് വ്യാപകമായത്.
വിരലിലെണ്ണാവുന്ന ആളുകളില് നിന്ന് ആരംഭിച്ച പ്രതിഷേധങ്ങളില് ഇപ്പോള് ആയിരങ്ങള് അണിനിരക്കുന്നതാണ് കാണുന്നത്. യുദ്ധം രണ്ടാമത്തെ മാസത്തിലേക്ക് കടന്നതോടെ പ്രതിഷേധങ്ങള് ഒന്നുകൂടി ശക്തമായി. തെല് അവീവ്, ഹൈഫ, ജെറുസലേം എന്നീ പ്രധാന നഗരങ്ങളിലെല്ലാം വന് പ്രതിഷേധങ്ങള് സംഘടിപ്പിക്കപ്പെടുന്നുണ്ട്.
പല പ്രതിഷേധങ്ങളും സര്ക്കാര് അടിച്ചമര്ത്താന് ശ്രമിക്കുന്നതായും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. ശനിയാഴ്ച 21 പ്രകടനക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു. തെല് അവീവില് 13 പ്രതിഷേധക്കാരും ഹൈഫയില് എട്ട് പേരുമാണ് അറസ്റ്റിലായത്. സര്ക്കാര് വിരുദ്ധ ഗ്രൂപ്പുകളും പ്രതിഷേധങ്ങള്ക്ക് പിന്തുണ നല്കുന്നുണ്ട്.
അതേസമയം യുദ്ധത്തില് ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇസ്റാഈലിന് നേരെ യമനിലെ ഹൂതികളും ആക്രമണം ആരംഭിച്ചു. ഹിസ്ബുല്ലയോടൊപ്പം ഹൂതികള് കൂടി യുദ്ധത്തില് പങ്കാളികളായതോടെ മേഖലയിലെ സംഘര്ഷം കൂടുതല് വ്യാപിക്കുമെന്നാണ് പറയുന്നത്. ഇസ്റാഈലിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ച ഹൂതികള്, വരുംദിവസങ്ങളിലും ആക്രമണം തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇറാനുനേരെയുള്ള സൈനിക നടപടി തുടര്ന്നാല് വരുംദിവസങ്ങളില് കൂടുതല് ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്.
മധ്യപൂര്വദേശത്തെ യു.എസ് സര്വകലാശാലകള് ലക്ഷ്യമിടുമെന്ന് ഇറാന് റവലൂഷനറി ഗാര്ഡിന്റെ(ഐ.ആര്.ജി.സി) മുന്നറിയിപ്പും വന്നിട്ടുണ്ട്. യു.എസ്-ഇസ്റാഈല് സഖ്യം ഇറാനിലെ സര്വകലാശാലകള് ആക്രമിച്ചതിനു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനില് യു.എസ് കരയുദ്ധത്തിന് തയാറെടുക്കുന്നുവെന്ന റിപ്പോര്ട്ടുകളും പുറത്തു വരുന്നുണ്ട്. മേഖലയിലേക്ക് കൂടുതല് യു.എസ് സൈന്യവും എത്തുന്നത് ആശങ്ക വര്ധിപ്പിക്കുന്നു.
Post a Comment